15 മത്സരങ്ങള്‍ക്കിടെ ആദ്യ തോല്‍വി; റയലിന്‍റെ കുതിപ്പിന് തടയിട്ട് ഗെറ്റാഫെ
20 കളികളിൽ 46 പോയിന്‍റുള്ള റയല്‍ ഇപ്പോഴും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
സ്പാനിഷ് ലാലിഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെതിരെ ഗെറ്റാഫെയ്ക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടേബിള്‍ ടോപ്പേഴ്സിനെ ഗെറ്റാഫെ മലര്‍ത്തിയടിച്ചത്. ഇതോടെ 15 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള റയൽ മഡ്രിഡിന്‍റെ കുതിപ്പിനാണ് ഗെറ്റാഫെ തടയിട്ടത്.
ഒമ്പതാം മിനിറ്റിൽ റയൽ ഡിഫൻഡർ എഡർ മിലിറ്റോവായുടെ പിഴവിൽനിന്ന് പന്ത് റാഞ്ചിയ സ്ട്രൈക്കർ എനെസ് ഉനാലാണ് ഗെറ്റാഫെയുടെ ഏക ഗോള്‍ നേടിയത്. കളിയുടെ ഒന്‍പതാം മിനുട്ടില്‍ വഴങ്ങിയ ഈ ഗോളിന് മറുപടി നല്‍കാന്‍ 90 മിനുട്ട് കളിച്ചിട്ടും റയലിനായില്ല. തോല്‍വിയറിയാതെ കുതിച്ച മാഡ്രിഡിന്‍റെ ഇതിനുമുമ്പുള്ള അവസാന പരാജയം കഴിഞ്ഞവർഷം ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് എസ്പാന്യോളിനെതിരെ (2-1) ആയിരുന്നു റയലിന്‍റെ തോല്‍വി. അതിനുശേഷം നടന്ന 15 കളികളില്‍ 13 വിജയങ്ങളും രണ്ടു സമനിലയുമായിരുന്നു റയലിന്‍റെ തേരോട്ടം.
20 കളികളിൽ 46 പോയിന്‍റുള്ള റയല്‍ ഇപ്പോഴും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയെക്കാള്‍ എട്ട് പോയിന്‍റിന്‍റെ ലീഡുണ്ട് റയല്‍ മാഡ്രിഡിന്. റയലിനേക്കാള്‍ രണ്ടു മത്സരം കുറച്ചു കളിച്ച സെവിയ്യക്ക് 38 പോയിന്‍റാണുള്ളത്. തിങ്കളാഴ്ച കാഡിസിനെ നേരിടുന്ന സെവിയ്യക്ക് മത്സരം ജയിക്കാനായാല്‍ റയലിന്‍റെ ലീഡ് അഞ്ചാക്കി കുറക്കാം. 33 പോയിന്‍റോടെ റയൽ ബെറ്റിസാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. റയലിനെ തോല്‍പ്പിച്ച ഗെറ്റാഫെയ്ക്ക് 19 കളികളില്‍ നിന്ന് 18 പോയിന്‍റാണ് സമ്പാദ്യം. ലീഗില്‍ 16 ആം സ്ഥാനത്താണ് ഗെറ്റാഫെ.
Adjust Story Font
16