Quantcast

ജർമൻ മതിൽ തകർത്ത ഗ്രീലിഷ്; സൗത്ത്‌ഗേറ്റിന്റെ വജ്രായുധം

ജർമനിക്കെതിരെ ഇംഗ്ലണ്ട് നേടിയ രണ്ടു ഗോളുകൾക്കു പിന്നിലും ഗ്രീലിഷിന്റെ തലച്ചോറുണ്ടായിരുന്നു

MediaOne Logo

Sports Desk

  • Published:

    30 Jun 2021 8:30 AM GMT

ജർമൻ മതിൽ തകർത്ത ഗ്രീലിഷ്; സൗത്ത്‌ഗേറ്റിന്റെ വജ്രായുധം
X

യൂറോ പ്രീക്വാർട്ടറിൽ ജർമനിക്കെതിരെ ആദ്യ ഇലവൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇംഗ്ലീഷ് ആരാധകർ ആദ്യം ചോദിച്ചത് എവിടെ ജാക് ഗ്രീലിഷ് എന്നാണ്. മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ശേഷിയും പ്രതിഭയമുള്ള ആസ്റ്റൺ വില്ല താരത്തിന്റെ അസാന്നിധ്യം പലരുടെയും നെറ്റി ചുളിപ്പിച്ചു. ഗ്രീലിഷിന് പകരം ടീമിലുണ്ടായത് ആഴ്‌സണലിന്റെ ബുകായോ സാക. പന്തുമായി ചില മിന്നലാട്ടങ്ങൾ നടത്തിയത് ഒഴിച്ചാൽ ഫൈനൽ തേഡിൽ കാര്യമായ അവസരങ്ങൾ തുറന്നെടുക്കാൻ ഇന്നലെ സാകയ്ക്കായില്ല.

ഇരുടീമുകളും പരസ്പരം കരുതിക്കളിച്ചു കൊണ്ടിരിക്കെ കോച്ച് ഗരെത് സൗത്ത് ഗേറ്റ് 68-ാം മിനിറ്റിൽ സാകയെ പിൻവലിച്ചു. ആരാധകരുടെ കാതടപ്പിക്കുന്ന ആരവത്തിൽ പകരമെത്തിയത് ഗ്രീലിഷ്. താരത്തിന്റെ വരവോടെയാണ് യഥാർത്ഥത്തിൽ ബ്രിട്ടീഷ് ആക്രമണങ്ങൾക്ക് മൂർച്ചയും ലക്ഷ്യബോധവും കൈവന്നത്. ജർമൻ മതിൽ തകർത്ത ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകൾക്കു പിന്നിലും ഗ്രീലിഷിന്റെ തലച്ചോറുണ്ടായിരുന്നു.


ഗ്രീലിഷ് കളത്തിലെത്തി എട്ടു മിനിറ്റിനകം ഇംഗ്ലണ്ട് ആദ്യഗോൾ നേടി. ലൂക്ക് ഷായുടെ അസിസ്റ്റിൽ നിന്ന് റഹിം സ്റ്റർലിങ് ആണ് ഗോൾ നേടിയത് എങ്കിലും അതിനു പിന്നിൽ ഗ്രീലിഷിന്റെ കാലുകളുണ്ടായിരുന്നു. ജർമൻ ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് സ്റ്റർലിങ് നൽകിയ പാസ് സ്വീകരിച്ച ഗ്രീലിഷ് പന്ത് ഇടതുഭാഗത്ത് ഒഴിഞ്ഞു നിന്ന ലൂക്ക് ഷാക്ക് കൈമാറി. സിക്‌സ് യാർഡ് ബോക്‌സിലേക്ക് ലൂക് ഷായുടെ പാസ്. ഡിഫൻഡർമാർക്കിടയിലൂടെ ഓടിക്കയറിയ സ്റ്റർലിങ്ങിന് കാൽവെക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. ടൂർണമെന്റിൽ സ്റ്റർലിങ്ങിന്റെ മൂന്നാം ഗോൾ.

പതിനൊന്ന് മിനിറ്റിന് ശേഷം വീണ്ടും ഗ്രീലിഷ് മാജിക്. പന്തുമായി മുന്നേറിയ ക്യാപ്റ്റൻ ഹാരി കെയ്‌നിൽ നിന്ന് ഗ്രീലിഷ് പന്തു സ്വീകരിച്ചത് പെനാൽറ്റി ബോക്‌സിന് അകത്തു വച്ച്. എതിർഡിഫൻഡറുടെ ബ്ലോക് വരും മുമ്പ് ബോക്‌സിനു മുമ്പിലേക്ക് ഉയർത്തി നൽകിയ ക്രോസ്. അതിൽ ഓടി വന്ന കെയ്‌നിന് തലവയ്ക്കാനുള്ള ഡ്യൂട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലബിൽ ഗോളടിച്ചു കൂട്ടുന്ന മികവ് രാജ്യത്തിനു കളിക്കുമ്പോൾ ഇല്ലെന്ന വിമർശനങ്ങളെ കഴിക്കളയുന്നത് കൂടിയായി അത്.


യൂറോയിൽ ഇതുവരെ 115 മിനിറ്റ് മാത്രമാണ് ഗ്രീലിഷ് കളത്തിലുണ്ടായിരുന്നത്. എന്നാൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റ്, ഫൈനൽ തേഡിലേക്ക് ഏറ്റവും കൂടുതൽ പന്തെത്തിച്ചത്, 18 യാർഡ് ബോക്‌സിലേക്ക് ഏറ്റവും കൂടുതൽ പന്തെത്തിച്ചത് എന്നിവയെല്ലാം ഈ താരമാണ്. ടീമിനായി മൊത്തം 33 ശതമാനം മിനിറ്റ് മാത്രമാണ് താരം കളിച്ചിട്ടുള്ളത്. എന്നാൽ ഇംഗ്ലണ്ട് നേടിയ 75 ശതമാനം ഗോളിന്റെ പിന്നിലെയും ബുദ്ധികേന്ദ്രം ഇദ്ദേഹമാണ്.

അതിനിടെ, ഗ്രീലിഷ് അടുത്ത സീസണിൽ ആസ്റ്റൺ വില്ലയിൽനിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറും എന്നാണ് റിപ്പോർട്ടുകൾ. താരത്തെ വിടാൻ വില്ലയ്ക്ക് താത്പര്യമില്ലെങ്കിലും വമ്പൻ ഓഫറാണ് സിറ്റി മുമ്പിൽ വച്ചിട്ടുള്ളത്. 90 ദശലക്ഷം പൗണ്ടാണ് സിറ്റി ഗ്രീലിഷിനായി മുടക്കുക എന്നാണ് യൂറോ സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.

TAGS :

Next Story