രാജ്യത്തിനായി കളിക്കുമ്പോൾ ഹകീം സിയേഷ് പണം വാങ്ങുന്നില്ലേ? - വസ്തുത എന്താണ്?
ഖത്തര്‍ ലോകകപ്പില്‍ സ്വപ്നക്കുതിപ്പു തുടരുന്ന മൊറോക്കോയുടെ വിലയേറിയ താരമാണ് ഹകീം സിയേഷ്
ലോകകപ്പ് ക്വാർട്ടൽ ഫൈനലിൽ പോർച്ചുഗലിനെ തകർത്ത് സെമി ഫൈനലിലേക്ക് മാർച്ചു ചെയ്ത മൊറോക്കൻ സംഘത്തിലെ ഏറ്റവും വിലയേറിയ താരമാണ് ഹകീം സിയേഷ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കായി ബൂട്ടുകെട്ടുന്ന ഈ മിഡ്ഫീല്‍ഡറുടെ കൂടി ചിറകിലേറിയാണ് മൊറോക്കോ ഖത്തറിൽ സ്വപ്‌നക്കുതിപ്പു നടത്തുന്നത്. ടൂർണമെന്റിൽ ടീമിന്റെ എക്‌സ് ഫാക്ടറാണ് നെതർലാൻഡ്‌സിൽ ജനിച്ച സിയേഷ്.
28-ാം വയസ്സിൽ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷമാണ് കോച്ച് വലീദ് റെഗ്രാഗിയുടെ അഭ്യർത്ഥന മാനിച്ച് താരം കളത്തിൽ തിരിച്ചെത്തുന്നത്. ഈ ലോകകപ്പിൽ മൊറോക്കോയ്ക്കായി ഏറ്റവും കൂടുതൽ നേരം കളത്തിലുണ്ടായിരുന്ന താരം സിയേഷാണ്. അറ്റ്‌ലസ് ലയണിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളിലേക്ക് ഷോട്ടുതിർത്ത താരവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെടുത്ത കളിക്കാരനും അദ്ദേഹം തന്നെ.
ആരാധകർക്കിടയിൽ താരപരിവേശം ലഭിച്ചതിന് ശേഷം സിയേഷുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുന്നുണ്ട്. രാജ്യത്തിനായി കളിക്കുന്ന വേളയിൽ താരം പണം വാങ്ങുന്നില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ഇതിന്റെ വസ്തുതയെന്താണ്?
ഈ പ്രചാരണത്തിൽ സത്യമില്ലെന്നാണ് സിയേഷുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അറബിക് മാധ്യമമായ അറബിപോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നത്. സിയേഷിന്റേത് ഉൾപ്പെടെ എല്ലാ താരങ്ങളുടെയും പ്രതിഫലം മൊറോക്കൻ ഫുട്‌ബോൾ അസോസിയേഷൻ അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിയേഷിന് അസോസിയേഷനുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്ന് മുൻ മൊറോക്കൻ താരമായ അസീസ് സുൽഫിക്കർ നടത്തിയ പ്രസ്താവനയാണ് ആരാധകർക്കിടയിൽ പ്രചരിച്ചത്.
എന്നാൽ ട്രയിനിങ് ക്യാമ്പിനിടെ തനിക്കു ലഭിക്കുന്ന പോക്കറ്റ് മണി, കിട്ടുന്ന സമയത്തു തന്നെ ക്ലീനിങ് ജോലിക്കാർക്ക് അടക്കമുള്ള സപ്പോട്ടിങ് സ്റ്റാഫിന് വീതിച്ചു നൽകുന്ന പതിവ് സിയേഷിനുണ്ടെന്ന് അറബിക് പോസ്റ്റ് പറയുന്നു. രാജ്യത്തിനായി കളിക്കുന്ന വേളയിൽ, ലണ്ടനിൽ നിന്ന് പ്രൈവറ്റ് ജറ്റ് വാടകയ്‌ക്കെടുത്താണ് താരം നാട്ടിലെത്താറുള്ളത്. നേരത്തെ ഡച്ച് ക്ലബ് അയാക്‌സിനായി കളിച്ചിരുന്ന വേളയിലും ഇതു തന്നെയായിരുന്നു പതിവ്. ഇപ്പോൾ ബയേൺ മ്യൂണിക്കിനായി കളിക്കുന്ന (നേരത്തെ ഇദ്ദേഹം അയാക്‌സ് ടീമംഗമായിരുന്നു) ദേശീയ ടീമിലെ സഹതാരം നസീർ മസ്‌റൂഇ അടക്കമുള്ള താരങ്ങൾക്കൊപ്പമായിരുന്നു സിയേഷിന്റെ വരവ്. മൊറോക്കൻ ഫെഡറേഷന്റെ ടിക്കറ്റിനായി താരം കാത്തുനിൽക്കാറില്ലെന്നും സ്വന്തം ചെലവിലാണ് യാത്രയെന്നും അറബിക് പോസ്റ്റ് പറയുന്നു.
മൊറോക്കോയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി സ്വീപ് എന്ന പദ്ധതി സിയേഷിന്റെ സാരഥ്യത്തിൽ രാജ്യത്ത് നടന്നുവരുന്നുണ്ട്. മൊറോക്കൻ ലീഗിൽ കളിക്കുന്ന അൽ ദരിയുഷ് ക്ലബിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥ പരിഹരിക്കാൻ ഒരിക്കല്‍ അമ്പതിനായിരം യുഎസ് ഡോളർ താരം സംഭാവനയായി നൽകിയിരുന്നു. ആരാധകരുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു സിയേഷിന്റെ സംഭാവന.
മൊറോക്കോയിലെ സഹതാരം നൂറുദ്ദീൻ അംറബാതുമായി സഹകരിച്ച് ഡച്ച് നഗരമായ ഉത്രചിൽ വലിയൊരു മസ്ജിദ് നിർമിച്ചിട്ടുണ്ട് സിയേഷ്. ഇതിന് പുറമേ, മൊറോക്കോയിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ചികിത്സയ്ക്കും കയ്യയഞ്ഞ് സഹായം നൽകുന്നുണ്ട്.
കളിക്കുന്നത് മൊറോക്കോയ്ക്ക് വേണ്ടിയാണെങ്കിലും നെതർലാൻഡ്‌സിലെ ഡ്രോണ്ടൻ നഗരത്തിൽ 1993 മാർച്ച് 19നാണ് സിയേഷിന്റെ ജനനം. 2012ൽ ഡച്ച് ക്ലബായ ഹീരെൻവീനിനു വേണ്ടി കളിച്ചാണ് പ്രൊഫഷണൽ കളിജീവിതം ആരംഭിച്ചത്. 2016ൽ മുൻനിര ക്ലബായ അയാക്‌സ് അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവച്ചതോടെ സിയേഷ് അറിയപ്പെടുന്ന താരമായി. 2020-21 സീസണിലാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിലേക്ക് ചേക്കേറിയത്. 40 ദശലക്ഷം പൗണ്ടിനായിരുന്നു കൈമാറ്റം. അഞ്ചു വർഷത്തേക്കാണ് ചെൽസിയുടെ കരാർ.
Adjust Story Font
16