ഹൃദയഭേദകം... റോണോ നിങ്ങളുടെ ഈ മടക്കം
യൂറോപ്പിന്റെ ഫുട്‌ബോൾ ഭൂപടത്തിൽ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോർച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് റൊണാൾഡോയുടെ വിയർപ്പിന്റെ ഉപ്പുരസമാണ്
ഇതായിരുന്നില്ല റോണോ നിങ്ങൾ അർഹിച്ചത്. സ്വന്തം രാജ്യത്തിനായി യൂറോകപ്പും യുവേഫ നേഷൻസ് കിരീടവും സമ്മാനിച്ച നായകൻ പകരക്കാരനാക്കപ്പെട്ട് ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങുന്ന ദൃശ്യം ഹൃദയം പിളർക്കുന്നതാണ്. യൂറോപ്പിന്റെ ഫുട്‌ബോൾ ഭൂപടത്തിൽ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോർച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് റൊണാൾഡോയുടെ വിയർപ്പിന്റെ ഉപ്പുരസമാണ്.
മൊറോക്കോയുടെ യൂസുഫ് അന്നസീരി നേടിയ ഏക ഗോളിൽ പറങ്കിപ്പട വീണപ്പോൾ കരഞ്ഞുകൊണ്ട് മൈതാനം വിട്ട ക്രിസ്റ്റ്യാനോയുടെ മുഖം ഏതൊരു ഫുട്‌ബോൾ ആരാധകന്റെയും നെഞ്ചു തകർക്കുന്നകാഴ്ചയാണ്. പോരാളികൾ കരയാറില്ലെന്നത് വെറും തോന്നൽ മാത്രമാണ്. അല്ലെങ്കിൽ ലോകത്തിന്റെ എത്രയോ കളിക്കളങ്ങളിൽ വിസ്മയിപ്പിച്ച സിആർസെവൻ കണ്ണീരണിയില്ലായിരുന്നു. അടക്കാനാവാത്ത ആധിയുമായി മൈതാനത്തുനിന്ന സഹതാരങ്ങളെ വിട്ട് നായകൻ ക്രിസ്റ്റ്യാനോ നേരത്തെ മടങ്ങുമ്പോൾ താരത്തിനൊപ്പം ചരിത്രവും പിറകോട്ടു നടക്കുകയായിരുന്നു.
അഞ്ചു തവണ ലോകകപ്പ് കളിക്കുകയും എല്ലാ തവണയും ഗോൾ നേടുകയും ചെയ്തിട്ടും കിരീടമില്ലാതെ മടങ്ങുകയെന്ന ഇരട്ടി ദുഃഖമാണ് താരത്തെ വേട്ടയാടുക. മൊറോക്കോക്കെതിരായ കളിയുടെ അവസാന നിമിഷങ്ങളിൽ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകൾ ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളിൽനിന്ന് പറന്നെങ്കിലും അവ എതിർഗോളി യാസീൻ ബോനോയുടെ കൈകളിൽ തട്ടി മടങ്ങുകയായിരുന്നു. അവസാന വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഒന്നിനും നിൽക്കാതെ കണ്ണീർ തുടച്ച് താരം തിരിച്ചുനടന്നത്.
ഏതൊരു ആരാധകനും റോണോ ലോകകിരീടത്തിൽ മുത്തമിടുന്നത് കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. കാരണം റോണോ അത് അത്രമേൽ അർഹിച്ചിരുന്നു. സിആർ സെവൻ എന്ന മുദ്ര ചാർത്തപ്പെടാത്ത ആ കനകകിരീടവും അപൂർണമാണ്.
Adjust Story Font
16