സഹൽ, ഛാങ്‌തെ ഗോൾ; മംഗോളിയയെ തോല്‍പിച്ച് ഇന്ത്യയ്ക്ക് വിജയത്തുടക്കം
കഴിഞ്ഞയാഴ്ച ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ചായിരുന്നു മത്സരം ആരംഭിച്ചത്
ഭുവനേശ്വർ: സഹൽ അബ്ദുസ്സമദിന്റെയും ലാലിയാൻസുവാല ഛാങ്‌തെയുടെയും ഗോളുകളിൽ ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ രണ്ടു ഗോളിനാണ് ഇന്ത്യ മംഗോളിയയെ തോൽപിച്ചത്. കഴിഞ്ഞയാഴ്ച ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ചായിരുന്നു മത്സരം ആരംഭിച്ചത്. ഇരു ടീമിലെയും താരങ്ങൾ ഒരു മിനിറ്റ് മൗനമാചരിച്ചു.
മത്സരം ആരംഭിച്ച് രണ്ട് മിനിറ്റിനകം ഇന്ത്യ അക്കൗണ്ട് തുറന്നു. സഹൽ അബ്ദുസ്സമദിന്റെ വകയായിരുന്നു ആദ്യ ഗോൾ. അനിരുധ് താപ പെനാൽറ്റി ബോക്‌സിന്റെ മധ്യത്തേക്ക് സുനിൽ ഛേത്രിക്ക് അളന്നുമുറിച്ചുകൊടുത്ത പാസ് മംഗോളിയ ഗോൾകീപ്പർ തട്ടിയകറ്റി. പന്ത് ഛേത്രിയുടെ അരികിൽനിന്നു മാറിയെങ്കിലും തൊട്ടപ്പുറത്തുനിന്ന സഹൽ പന്ത് സ്വീകരിച്ച് അനാസായം ബോക്‌സിന്റെ കോർണറിലേക്ക് മനോഹരമായി തട്ടിയിട്ടു. ഇന്ത്യ-1, മംഗോളിയ-0.
ആദ്യ ഗോളിനുശേഷവും സഹൽ കളംനിറഞ്ഞുകളിച്ചെങ്കിലും ഗോളവസരങ്ങൾ തുറന്നുകിട്ടിയില്ല. എന്നാൽ, 14-ാം മിനിറ്റിൽ വീണ്ടും ഗോളുമായി ഇന്ത്യ ലീഡെടുത്തു. ലാലിയാൻസുവാല ഛാങ്‌തെയായിരുന്നു ഇത്തവണ തുറന്നുകിട്ടിയ അവസരം ഗോളാക്കിമാറ്റിയത്. താപയുടെ ഷോട്ടിൽ സന്ദേശ് ജിങ്കൻ ഹെഡറിലൂടെ ബോക്‌സ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും മംഗോളിയൻ പ്രതിരോധ താരം ക്ലിയർ ചെയ്തു. എന്നാൽ, പന്ത് തിരിച്ചെത്തിയത് ഛാങ്‌തെയുടെ കാലുകളിലായിരുന്നു. ഒന്നും നോക്കാതെ ആദ്യാവസരത്തിൽ തന്നെ ഛാങ്‌തെ ക്ലോസ്‌റേഞ്ചിൽനിന്ന് പന്ത് വലയിലാക്കി.
തുടക്കത്തിൽ തന്നെ രണ്ട് ഗോൾ വഴങ്ങിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട പോലെയായിരുന്നു മംഗോളിയൻ താരങ്ങൾ. പന്ത് നിയന്ത്രണത്തിലാക്കാൻ പോലും സന്ദർശകർ കഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ മംഗോളിയ ഉണർന്നുകളിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധത്തിൽ അൻവർ അലിയും സന്ദേശ് ജിങ്കനും പാറപോലെ ഉറച്ചുനിന്നതോടെ ഗോൾ മാത്രം അകന്നുനിന്നു. അവസാനത്തിൽ ഏതാനും ഷോട്ടുകൾ ബോക്‌സിനെ ലക്ഷ്യമാക്കി എത്തിയത് ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിങ് തട്ടിയകറ്റും ചെയ്തതോടെ മംഗോളിയയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
Summary: Sahal Abdul Samad and Lallianzuala Chhangte score as India starts campaign with win against Mongolia in Hero Intercontinental Cup
Adjust Story Font
16