ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു പോരാട്ടം വീണ്ടും; ഹീറോ സൂപ്പർ കപ്പ് ഫിക്‌സ്ചർ പുറത്ത്
കോഴിക്കോടാണ് മത്സരത്തിന് വേദിയാകുക
2023 ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും ഒരേ ഗ്രൂപ്പിൽ. മത്സരങ്ങളുടെ ഷെഡ്യൂൾ അധികൃതർ പുറത്തുവിട്ടു. കോഴിക്കോടും മഞ്ചേരിയുമാണ് ടൂര്‍ണമെന്‍റിന് വേദിയാകുക. ഏപ്രിൽ മൂന്നു മുതൽ 25 വരെയാണ് മത്സരങ്ങള്‍. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ക്ലബുകളാണ് സൂപ്പർ കപ്പിൽ മാറ്റുരയ്ക്കുന്നത്. ഏപ്രിൽ മൂന്നു മുതൽ ആറു വരെ ക്വാളിഫൈയിങ് മത്സരങ്ങളാണ്.
ഗ്രൂപ്പ് എയിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും. ഐ ലീഗ് ജേതാക്കളായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയും ക്വാളിഫയർ ഒന്നിലെ വിജയികളും ഈ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ബി ഇങ്ങനെ; ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്‌സി, ക്വാളിഫയർ മൂന്നിലെ വിജയി. മോഹൻ ബഗാൻ, എഫ്‌സി ഗോവ, ജംഷഡ്പൂർ എഫ്‌സി, ക്വാളിഫയർ രണ്ടിലെ വിജയി എന്നിവർ അടങ്ങുന്നതാണ് ഗ്രൂപ്പ് സി. ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ക്വാളിഫയർ നാലിലെ വിജയി എന്നിവരാണ് ഗ്രൂപ്പ് ഡി.
ഏപ്രിൽ 21ന് കോഴിക്കോട്ടും 22 ന് മഞ്ചേരിയിലുമാണ് സെമി ഫൈനൽ മത്സരങ്ങൾ. ഏപ്രിൽ 25ന് നടക്കുന്ന ഫൈനലിന് കോഴിക്കോട് വേദിയാകും. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹീറോ കപ്പിന്റെ ആവേശമെത്തുന്നത്. 2019 ല്‍ എഫ്സി ഗോവയായിരുന്നു ചാമ്പ്യന്മാര്‍.
ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്‌റ്റേഡിയത്തിലാണ് ആരാധകർ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി പോരാട്ടം. ഐഎസ്എല്ലിൽ ഈയിടെ ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരം സുനിൽ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് ബഹിഷ്‌കരിച്ചിരുന്നു. സംഭവത്തിൽ ഇരുടീമുകളിൽ നിന്നും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ വിശദീകരണം ചോദിച്ചിട്ടുണ്ട്. മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം സംഘാടകർ നിരസിച്ചിട്ടുണ്ട്.
Adjust Story Font
16