ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച; ആറുവിക്കറ്റ് നഷ്ടം, ഒലി പോപ്പിന് സെഞ്ചുറി
ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറയും രവിചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 316-6 എന്ന നിലയിലാണ്. 126 റൺസിന്റെ ലീഡാണ് സന്ദർശകർക്കുള്ളത്. ഒലി പോപ്പിന്റെ സെഞ്ചുറിയാണ് വൻ തകർച്ചയിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറയും രവിചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. 421-7 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഇന്ത്യയ്ക്ക് 15 റൺസ് മാത്രമായിരുന്നു കൂട്ടിച്ചേർക്കാനായത്. ആറു റൺസ് കൂട്ടിചേർത്ത് 87 റൺസുമായി ജഡേജ പുറത്തായി. അക്സർ പട്ടേൽ 44 റൺസ് നേടി. 190 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് നേടാൻ ഇന്ത്യയ്ക്കായി. ഇംഗ്ലണ്ടിനായി നാല് വിക്കറ്റെടുത്ത ജോ റൂട്ടാണ് ബൗളർമാരിൽ തിളങ്ങിയത്. രണ്ട് വിക്കറ്റ് നേടി റേഹാൻ അഹമ്മദും ടോം ഹാർട്ട്‌ലിയും റൂട്ടിന് മികച്ച പിന്തുണ നൽകി.
രണ്ടാം ഇന്നിങ്‌സിലും ബാസ്‌ബോൾ ശൈലിയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങിയത്. ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രോളിയും ഇന്ത്യൻ സ്പിന്നർമാരെ തുടരെ ബൗണ്ടറികൾ പായിച്ചു. 31 റൺസെടുത്ത ക്രോളിയെ മടക്കി അശ്വിൻ ബ്രേക്ക്ത്രൂ നൽകി. എന്നാൽ ഡക്കറ്റും ഒലി പോപ്പും ചേർന്ന് ആക്രമണം തുടരുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 68 റൺസാണ് പിറന്നത്. 19 ഓവറിൽ 113-1 എന്ന ശക്തമായ നിലയിൽ നിന്നാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. ജസ്പ്രിത് ബുംറ തുടരെ ഡക്കറ്റിനേയും(47), ജോ റൂട്ടിനേയും(2) പുറത്താക്കി. പിന്നാലെ എത്തിയ ജോണി ബെയര്‍സ്റ്റോ (10), ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്‌സ് (6) എന്നിവർ ജഡേജയുടേയും അശ്വിന്റേയും സ്പിൻ കെണിയിൽ വീണു. 163-5 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തിരിച്ചടി നേരിടുന്ന സമയത്താണ് പോപ്പ് ബെൻ ഫോക്ക്‌സിനെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
112 റൺസാണ് ആറാം വിക്കറ്റിൽ ഇരുവരും ചേർത്തത്. പോപ്പിന്റെ സെഞ്ചുറിക്ക് ശേഷം അധികം വൈകാതെ ഫോക്ക്‌സിനെ അക്‌സർ ഡൗൾഡാക്കിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. രണ്ട് ദിവസം ശേഷിക്കെ ഇന്ത്യക്ക് വിജയ പ്രതീക്ഷയാണുള്ളത്. നാളെ ആദ്യ സെഷനിൽതന്നെ സന്ദർശകരുടെ വാലറ്റ വിക്കറ്റുകൾ വീഴ്ത്തുകയാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 246 റൺസിന് മറുപടിയായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ പിരിക്കാനായത് ഇംഗ്ലണ്ടിന് ആശ്വാസമായി. ജഡേജക്ക് പുറമെ കെ എൽ രാഹുൽ 86 റൺസുമായി മികച്ചുനിന്നിരുന്നു.
Adjust Story Font
16