Quantcast

'ഞാനാണ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം'; സൗദി മാധ്യമത്തോട് റൊണാൾഡോ

ഗോൾ അറേബ്യയെന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ അഭിപ്രായപ്രകടനം

MediaOne Logo

Sports Desk

  • Updated:

    2023-04-02 02:34:54.0

Published:

2 April 2023 2:12 AM GMT

I am the best player in the history of football; Ronaldo to the Saudi media  Cristiano Ronaldo
X

 Cristiano Ronaldo

റിയാദ്: താനാണ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് അൽനസ്‌റിനായി കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗോൾ അറേബ്യയെന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ അഭിപ്രായപ്രകടനം. 38കാരനായ താരം ഫുട്‌ബോളിലെ അതുല്യ പ്രതിഭകളിലൊരാളായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ജേതാക്കളായതോടെ നേട്ടങ്ങളുടെ പട്ടിക തികച്ച അർജൻറീനൻ സൂപ്പർ താരം ലയണൽ മെസിയാണ് ഫുട്‌ബോളിലെ സിംഹാസനത്തിന് അർഹനെന്ന് പലരും പറയാറുണ്ട്. എന്നാൽ ഈ അഭിപ്രായങ്ങളൊന്നും റൊണാൾഡോയെ ബാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര കരിയറിലും ആരോഗ്യകരമായ മുന്നേറ്റമാണ് റൊണാൾഡോ നടത്തുന്നത്. 2024 യുവേഫ യൂറോ കപ്പിനായുള്ള യോഗ്യത മത്സരങ്ങളിൽ ലിച്ചെൻസ്റ്റീനും ലക്‌സംബർഗിനുമെതിരെ നാലു ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

സൗദി ലീഗിൽ അൽനസ്‌റിനായും മികച്ച പ്രകടനമാണ് സി.ആർ 7 നടത്തുന്നത്. പത്തു മത്സരങ്ങളിലായി ഒമ്പത് ഗോളും രണ്ട് അസിസ്റ്റുമാണ് ഈ ഫുട്‌ബോൾ ഇതിഹാസത്തിന്റെ പേരിലുള്ളത്. ഏപ്രിൽ 4 ന് നടക്കുന്ന എവേ പോരാട്ടത്തിൽ അൽ-അദാലയുമായി അൽനസ്ർ ഏറ്റുമുട്ടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും കളത്തിലിറങ്ങും. ലീഗിൽവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ 62ാം ഹാട്രികും നേടിയിരുന്നു. ദമാകുമായുള്ള മത്സരത്തിൽ അൽനസ്റിനായി ഹാട്രിക് നേടിയതോടെയാണ് പോർച്ചുഗീസ് സൂപ്പർ താരം ഈ നേട്ടം കൈവരിച്ചത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഹാട്രിക് താരത്തിന്റെ പേരിലാണ്. അർജൻറീനൻ സൂപ്പർ താരം ലയണൽ മെസിയുടെ പേരിൽ 56 ഹാട്രിക്കാണുള്ളത്. 141 ഹാട്രിക്കുള്ള എർവിൻ ഹെൽംചെനാണ് പട്ടികയിൽ മുമ്പിലുള്ളത്. 1921-1924 വരെയായിരുന്നു ഈ ജർമൻ താരം കളിച്ചിരുന്നത്.

കരിയറിലെ അഞ്ഞൂറ് ക്ലബ്ബ് ഗോൾ എന്ന നേട്ടത്തവും റൊണാൾഡോ നേടി. അൽ വഹ്ദ ക്ലബിനെതിരെ നേടിയ നാല് ഗോളോടെയാണ് ക്രിസ്റ്റ്യാനോ നേട്ടം കൈവരിച്ചത്. അൽ വഹ്ദയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അൽനസർ തകർത്തുവിട്ടിരുന്നത്.

ക്ലബ് ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 500 ലേറെ ഗോളുകളിൽ 311 ഉം റയൽ മാഡ്രിഡിനു വേണ്ടിയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 103 ഗോളുകളും യുവൻറസിന് വേണ്ടി 81 ഗോളുകളും നേടി. പോർച്ചുഗൽ ക്ലബായ സ്‌പോർടിങ് ലിസ്ബണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു ഗോളുകളാണ് അടിച്ചത്. കരിയറിൽ ആകെ 832 ഗോളുകളാണ് റൊണാൾഡോയുടെ ബൂട്ടുകൾ ലോകത്തിന് സമ്മാനിച്ചത്. 122 അന്താരാഷ്ട്ര ഗോളുകളും റൊണാൾഡോ നേടി.

2017 ഡിസംബറിൽ അഞ്ചാം ബാലൻ ദ്യോർ നേടിയ ശേഷവും റൊണാൾഡോ താനാണ് ഫുട്‌ബോൾ ചരിത്രത്തിലെ മികച്ച താരമെന്ന്‌ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. നേട്ടത്തിൽ മെസിയ്‌ക്കൊപ്പമെത്തിയ ശേഷമായിരുന്നിത്. ഒരു താരവും തന്നേക്കാൾ മികച്ചതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ എല്ലാവരുടെ മുൻഗണനകളെ പരിഗണിക്കുന്നു. എന്നാൽ എന്നേക്കാൾ മികച്ച ഒരാളെയും ഞാൻ കണ്ടിട്ടില്ല. എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരു ഫുട്‌ബോളർക്കും ചെയ്യാൻ കഴിയില്ലെന്നത് ഞാൻ ചിന്തിക്കാറുണ്ട്. എന്നേക്കാൾ പൂർണനായ ഒരു താരവുമില്ല. ഞാൻ രണ്ട് കാലുകൾ കൊണ്ടും കളിക്കും, എനിക്ക് വേഗമുണ്ട്, ശക്തിയുണ്ട്, തല കൊണ്ടും നന്നായി കളിക്കാനാകും, ഗോളുകൾ നേടുകയും അസിസ്റ്റ് നൽകുകയും ചെയ്യുന്നു. നെയ്മറെയും മെസിയെ പരിഗണിക്കുന്നവരുണ്ട്. എന്നാൽ എന്നേക്കാൾ പൂർണനായ ഒരാളുമില്ല' ഫ്രാൻസ് ഫുട്‌ബോളിന് നൽകിയ അഭിമുഖം ഉദ്ധരിച്ച് ഗോൾ റിപ്പോർട്ട് ചെയ്തു.

'I am the best player in the history of football'; Ronaldo to the Saudi media

TAGS :

Next Story