മെസിയെ ഇന്ത്യയിൽ കൊണ്ടുവരണം ഇവിടെ കളിപ്പിക്കണം: എമിലിയാനോ മാർട്ടിനസ്
ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാംപ്യന്‍സ് ലീഗ് വിജയമാണ്.
എമിലിയാനോ മാർട്ടിനസ്-ലയണല്‍ മെസി
കൊൽക്കത്ത: അർജന്റീനക്ക് ലോകകിരീടം നേടിക്കൊടുക്കുന്നതിൽ ഗോള്‍കീപ്പര്‍ എമിലിയാനോ മാർട്ടിനസിന്റെ പങ്ക് വലുതായിരുന്നു. താരം ഇപ്പോൾ ഇന്ത്യയിലുണ്ട്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മാർട്ടിനസിനെ വരവേൽക്കാൻ വൻ ആരാധകക്കൂട്ടമാണ് എത്തിയിരുന്നത്. പിന്നാലെ മോഹൻ ബഗാനൊരുക്കിയ പൊതുചടങ്ങിൽ താരം സംബന്ധിക്കുകയും ചെയ്തു.
ഇവിടെയും ആളുകൾ തടിച്ചുകൂടി. ഇതിൽ സംസാരിക്കവെയാണ് മെസിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും ഇവിടെ കളിപ്പിക്കുന്നതിനെക്കുറിച്ചും മാർട്ടിനസ് പറഞ്ഞത്. മാർട്ടിനസിന്റെ വാക്കുകൾക്ക് വൻ കരഘോഷമായിരുന്നു. 'ഞാൻ ഇവിടെ എത്തിയതിൽ സന്തോഷവാനാണ്. ഇന്ത്യയിൽ വരിക എന്ന എന്റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. ഈ രാജ്യം വളരെ മനോഹരാണ്, ഇവിടെകൊണ്ടൊന്നും ഇത് അവസാനിക്കുന്നില്ല. ഇനി മെസിയെ ഇന്ത്യയിൽ കൊണ്ടുവന്ന് കളിപ്പിക്കണം, മാർട്ടിനസ് പറഞ്ഞു.
മാര്‍ട്ടിനസിന്റെ സേവുകളാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കിയത്. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരം നേടിയ എമി മാര്‍ട്ടിനസ് ഫിഫ ദി ബെസ്റ്റ് ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. കോപ്പ അമേരിക്കയിലും അര്‍ജന്റൈന്‍ കിരീടധാരണത്തില്‍ എമിലിയാനോയുടെ സേവുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാംപ്യന്‍സ് ലീഗ് വിജയമാണ്.
Adjust Story Font
16