ബ്ലാസ്റ്റേഴ്‌സിന്റെ 'ഹ്യൂമേട്ടൻ' ബൂട്ടഴിച്ചു; ഫുട്ബോള്‍ മതിയാക്കുന്നതായി കുറിപ്പ്
കാനഡക്കാരനായ ഹ്യൂം, കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ് ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്.
മുംബൈ: ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ഇയാൻ ഹ്യൂം ഫു്ടബോൾ മതിയാക്കി. മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഹ്യൂം, ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്നതായി അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. കാനഡക്കാരനായ ഹ്യൂം, കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ് ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്.
2014ലായിരുന്നു ഹ്യൂമിന്റെ വരവ്. ഒരൊറ്റ സീസൺ കൊണ്ട് ഹ്യൂം, ആരാധകരുടെ ഹ്യൂമേട്ടനായി മാറി. ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വരെയെത്തിച്ചതിൽ ഹ്യൂമിന് നിർണായക പങ്കായിരുന്നു. അന്ന് ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാനായില്ലെങ്കിലും ആരാധകരുടെ ഹൃദയം കവർന്നിരുന്നു. 2014ലെ മാൻഓഫ് ദ ടൂർണമെന്റും ഹ്യൂമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് വിട്ട താരം പിന്നീട് അത്‌ലറ്റികോ ഡി കൊൽക്കത്തയുടെ ഭാഗമായി. രണ്ട് സീസണിൽ കൊൽക്കത്തയുടെ ഭാഗമായിരുന്നു ഹ്യൂം. 2016ൽ കൊൽക്കത്ത കിരീടം നേടുമ്പോൾ ഹ്യൂമും ടീമിലുണ്ടായിരുന്നു. 2018ൽ എഫ്.സി പൂനെക്ക് വേണ്ടിയും ഹ്യൂം, പന്ത് തട്ടി.
ഐ.എസ്.എല്ലില്‍ 62 മത്സരങ്ങളിൽ നിന്നായി 25 ഗോളുകളാണ് ഹ്യൂം അടിച്ചുകൂട്ടിയത്. ഇംഗ്ലീഷ് ക്ലബ്ബ് ട്രാൻമിയർ റോവേഴ്‌സിലൂടെയാണ് ഹ്യൂം പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ തുടങ്ങുന്നത്. 2005ൽ ലെസ്റ്റർ സിറ്റിയിലേക്ക് നീങ്ങുന്നത് വരെ താരത്തിന്റെ തട്ടകം റോവേഴ്‌സിലായിരുന്നു. 32 ഗോളുകൾ ആ ലീഗിൽ നേടി. 2005 മുതൽ മൂന്ന് സീസണുകളിൽ ലെസ്റ്ററിന്റെ മുന്നേറ്റ താരമായിരുന്നു ഹ്യൂം. 33 ഗോളുകളാണ് ലെസ്റ്ററിന് വേണ്ടി താരം നേടിയത്. 2008ൽ ബാർനെസ്ലി എഫ്.സിയിലേക്ക് നീങ്ങി. ഇംഗ്ലീഷ് ക്ലബ്ബായ ഫ്‌ളീറ്റ് വുഡ് എഫ്.സിയിൽ നിന്നാണ് ഹ്യും ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.
കാനഡക്ക് വേണ്ടിയും താരം പന്ത് തട്ടി. കനേഡിയൻ ദേശീയ ടീമിനായി 43 കളികളിൽ ഇറങ്ങിയ ഇയാന്‍ ഹ്യൂം 6 ഗോളുകള്‍ നേടിയിട്ടുണ്ട്. ഹ്യൂമിന് കനേഡിയന്‍ ഫുട്ബോള്‍ ടീം അധികൃതര്‍ നന്ദി അറിയിച്ചു.
Adjust Story Font
16