പ്രീക്വാർട്ടറിൽ ആസ്‌ത്രേലിയയെ മറികടന്നാൽ ആരാകും ക്വാർട്ടറിൽ മെസിപ്പടയുടെ എതിരാളി ?
അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എതിരാളി ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്‌ത്രേലിയയാണ്
ദോഹ: ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി എത്തിയ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എതിരാളി ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്‌ത്രേലിയയാണ്. ഡിസംബർ 3 ശനിയാഴ്ച രാത്രി 12.30 നാണ് മത്സരം ആരംഭിക്കുക. അവസാന മത്സരത്തിൽ ഡെന്മാർക്കിനെ ഒരു ഗോളിന് തോൽപ്പിച്ചെത്തുന്ന ആസ്ത്രേലിയയെ എഴുതിത്തള്ളാൻ പറ്റില്ലെങ്കിലും ടീം കരുത്തിൽ അർജന്റീനയാണ് മുന്നിൽ. പ്രീക്വാർട്ടറിൽ ആസ്‌ത്രേലിയയെ തകർത്താൽ ആരാകും ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി ? . അമേരിക്ക-നെതർലാൻഡ്‌സ് മത്സരത്തിലെ വിജയികളെയാകും അർജന്റീന ക്വാർട്ടറിൽ നേരിടേണ്ടി വരിക.
ഗ്രൂപ്പ് എയിൽ രണ്ട് ജയവും ഒരു സമനിലയും നേടി 7 പോയിന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലാൻഡ്‌സ് പ്രീക്വാർട്ടറിൽ യോഗ്യത നേടിയതെങ്കിൽ ഗ്രൂപ്പ് ബിയിൽ ഒരു ജയവും 2 സമനിലയും നേടിയാണ് 5 പോയിന്റുമായി അമേരിക്ക രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയത്. ഡിസംബർ 3 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8.30 നാണ് നെതർലാൻഡ്‌സ് - അമേരിക്ക മത്സരം.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. ജൂലിയൻ അൽവാരസും അലിസ്റ്ററുമാണ് അർജന്റീനയ്ക്കായി ഗോൾ കണ്ടെത്തിയത്. നിരന്തരം പൊളണ്ട് ബോക്സ് ലക്ഷ്യമാക്കി അർജന്റീനൻ താരങ്ങളുടെ മുന്നേറ്റമായിരുന്നു കളിയിലുടനീളം. പ്രതിരോധത്തിലൂന്നി കളിച്ചതുകൊണ്ടു തന്നെ പോളണ്ട് നിരയിൽ ഗോളടിക്കാനുള്ള നീക്കങ്ങൾ കുറവായിരുന്നു.
കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ച് കളിച്ചാണ് അർജന്റീന തുടങ്ങിയത്. പത്താം മിനിറ്റിൽ പോളണ്ട് വല ലക്ഷ്യമാക്കിയുള്ള മെസിയുടെ ഷോട്ട് ?ഗോൾകീപ്പർ സിസ്‌നി തട്ടിയകറ്റി. 17-ാം മിനിറ്റിൽ അർജന്റീനുടെ അക്യൂനയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 33-ാം മിനിറ്റിൽ ഏയ്ഞ്ജൽ ഡി മരിയയുടെ തകർപ്പൻ കോർണർ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്നിയുടെ കൃത്യമായ ഇടപെടലിൽ അത് ഗോളായില്ല.
36-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സൂപ്പർ താരം ലയണൽ മെസ്സിയെ ഗോൾകീപ്പർ സെസ്നി ഫൗൾ ചെയ്തതിനെത്തുടർന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത സൂപ്പർ താരത്തിന് പിഴച്ചു. മെസ്സിയുടെ ഗോൾ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സെസ്നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്. പിന്നാലെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അർജന്റീനയ്ക്ക് ആദ്യ പകുതിയിൽ ഗോൾ മാത്രം നേടാനായില്ല.
എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ സ്വഭാവം തന്നെ അർജന്റീന മാറ്റി. മിനിറ്റുകളുടെ വ്യത്യാസത്തിൽ പന്തുമായി പോളണ്ട് വല ലക്ഷ്യമാക്കി അർജന്റീനൻ താരങ്ങൾ കുതിച്ചു. എന്നാൽ 47-ാം മിനിറ്റിൽ കാത്തിരിപ്പ് അവസാനിപ്പിച്ച് അലിസ്റ്റർ ലക്ഷ്യം കണ്ടു. അർജന്റീനയുടെ ആദ്യ ഗോൾ. വീണ്ടും തുടരെ തുടരെ ആക്രമണങ്ങൾ. എന്നാൽ അർജന്റീനയുടെ മുന്നേറ്റങ്ങൾ പോളണ്ട് ഗോൾ കീപ്പർ സെസ്നിയുടെ മുന്നിൽ അവസാനിച്ചു. പക്ഷേ 67-ാം മിനിറ്റിൽ വീണ്ടും സെസ്നിക്ക് പിഴച്ചു. ജൂലിയൻ അൽവാരസ് അർജന്റീനയ്ക്കായി രണ്ടാം ഗോളടിച്ചു. എൻസോ ഫെർണാണ്ടസിന്റെ പാസ്സ് തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിച്ചുകൊണ്ടാണ് ടീമിന്റെ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. 72-ാം മിനിറ്റിൽ അൽവാരസ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി.
ഇൻജുറി ടൈമിൽ അർജന്റീനയുടെ ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോൾ ലൈനിൽ വെച്ച് പ്രതിരോധതാരം കിവിയോർ ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തിയെടുത്തു. വൈകാതെ അർജന്റീന ആധികാരികമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക്.
Adjust Story Font
16