ഏഷ്യാകപ്പ് യോഗ്യതയിൽ തകർപ്പൻ പ്രകടനം; ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യ രണ്ടുസ്ഥാനം മറികടന്ന് 104ാം സ്ഥാനത്ത്
ഫിഫ ലോകറാങ്കിംഗിൽ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്
ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യാകപ്പിലേക്ക് പ്രവേശനം ഉറപ്പാക്കിയ ഇന്ത്യക്ക് ഫിഫ ലോക റാങ്കിംഗിൽ മുന്നേറ്റം. 106ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടുസ്ഥാനം മറികടന്ന് 104ാം സ്ഥാനത്തെത്തി. 2022 ഫിഫ ലോകകപ്പ് പ്രവേശനം ചെറിയ മാർജിനിൽ നഷ്ടമായ ന്യൂസിലാൻഡാണ് ഇന്ത്യക്ക് തൊട്ടുമുമ്പിലുള്ളത്. ഈ മാസം നടന്ന ഇൻറർകോണ്ടിനൻറൽ പ്ലേഓഫിൽ ഒരു ഗോളിന് കോസ്റ്റാറിക്കയോട് പരാജയപ്പെട്ടതോടെയാണ് ന്യൂസിലാൻഡിന് ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായത്. ലോകറാങ്കിംഗ് മെച്ചപ്പെടുത്തിയെങ്കിലും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അംഗങ്ങൾക്കിടയിൽ 19ാം സ്ഥാനത്ത് തന്നെയാണുള്ളത്. അതേസമയം, ഇന്ത്യയുടെ വനിതാ ടീം ഫിഫ ലോക റാങ്കിംഗിൽ 59ാം സ്ഥാനത്ത് നിന്ന് 56ാം സ്ഥാനത്തേക്ക് മുന്നേറി.
ഫിഫ റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഒന്നാമൻ. ജപ്പാൻ-24, ദക്ഷിണ കൊറിയ-28, ആസ്‌ത്രേലിയ -39, ഖത്തർ-49, സൗദി അറേബ്യ-53, യുഎഇ-69 എന്നിങ്ങനെയാണ് ലോക റാങ്കിംഗിലെ ഇതര ഏഷ്യൻ രാജ്യങ്ങളുടെ സ്ഥാനം.
ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് സുനിൽ ഛേത്രിയും സംഘവും യോഗ്യത 2023ൽ നടക്കുന്ന ടൂർണമെൻറിൽ കളിക്കുന്ന 24 ടീമുകളിലൊന്നായത്. അവസാന മത്സരത്തിൽ അതുവരെ ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്ന ഹോങ്കോങ്ങിനെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു നീലക്കടുവകൾ തകർത്തത്.
ഫിഫ ലോകറാങ്കിംഗിൽ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ബെൽജിയമാണ് രണ്ടാമത്. യുവേഫാ നാഷൻസ് ലീഗിൽ നാലു മത്സരങ്ങളിൽ വിജയം കണ്ടെത്താനാകാതിരുന്ന ഫ്രാൻസ് നാലാം സ്ഥാനത്തേക്ക് പോകേണ്ടി വന്നപ്പോൾ അർജൻറീന മൂന്നാം സ്ഥാനം കയ്യടക്കി. ഇംഗ്ലണ്ട്, സ്‌പെയിൻ, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലെത്തിയ ഇതര ടീമുകൾ. ആഗസ്ത് 25നാണ് അടുത്ത ഫിഫ ലോകറാങ്കിംഗ് പ്രസിദ്ധീകരിക്കുക.
India ranks 104th in FIFA world rankings
Adjust Story Font
16