മൻവീർ ആ അവസരം മുതലാക്കിയിരുന്നെങ്കിൽ; ഖത്തറിനെതിരെ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
മൊത്തം 29 ഷോട്ടാണ് ഖത്തർ താരങ്ങൾ ഇന്ത്യൻ പോസ്റ്റിലേക്ക് ഉതിർത്തത്. ഇന്ത്യയ്ക്ക് ഒരു ഷോട്ടു പോലും ഉതിർക്കാനായില്ല
ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും ഇന്ത്യ മടങ്ങിയത് തലയുയർത്തി. 17-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട രാഹുൽ ഭേക്കെ പുറത്തു പോയതിന് ശേഷം പത്തു പേരുമായാണ് ഇന്ത്യ മൈതാനത്തുണ്ടായിരുന്നത്. ഇതിന്റെ ആനുകൂല്യം മുതലാക്കാൻ ഖത്തറിന് ആയില്ല. ഇന്ത്യൻ പ്രതിരോധ നിരയും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും അതിനു സമ്മതിച്ചില്ല എന്നു പറയുന്നതാണ് ശരി. കളിയുടെ 33-ാം മിനിറ്റിൽ അബ്ദുൽ അസീസാണ് ആതിഥേയരുടെ വിജയ ഗോൾ സ്വന്തമാക്കിയത്.
പ്രതിരോധം കടുപ്പിച്ച് ഇന്ത്യ
റാങ്കിങ്ങിൽ 58-ാം സ്ഥാനത്തുള്ള ഏഷ്യൻ ചാമ്പ്യന്മാർക്കെതിരെ ഒരു ജയം ഇന്ത്യൻ കോച്ച് ഇഗോൾ സ്റ്റിമാചിന്റെ വിദൂര സ്വപ്‌നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. മുൻകളിയിലേതു പോലെ സമനില ലക്ഷ്യമിട്ടാണ് ടീം കളത്തിലിറങ്ങിയത്. ഇരമ്പിയാർത്ത ഖത്തർ ആക്രമണത്തെ പ്രതിരോധിക്കുക എന്നതു മാത്രമാണ് ഇന്ത്യ ഇന്നലെ ചെയ്തത്. അതിനിടെ എതിർഗോൾ മുഖത്ത് ചില മിന്നൽ റെയ്ഡുകൾ നടത്തി, അത്ര മാത്രം.
ഖത്തർ ടീമിന്റെ ആഴം മനസ്സിലാക്കി പ്രതിരോധത്തിന് പ്രാധാന്യമുള്ള 5-4-1 ശൈലിയിലാണ് സ്റ്റിമാച്ച് ടീമിനെ വിന്യസിച്ചത്. മൻവീർ സിങ് മാത്രമായിരുന്നു ഏക സ്‌ട്രൈക്കർ. രാഹുൽ ഭേക്കെ പുറത്തുപോയതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് മാത്രമായി ചുരുങ്ങി. ഒരു അന്താരാഷ്ട്ര മത്സരത്തിൽ കാണിച്ച രണ്ട് മണ്ടത്തരങ്ങളാണ് ഭേക്കെക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്.
ഡിഫൻസിൽ സന്ദേശ് ജിങ്കൻ, പ്രീതം കോട്ടാൽ, സുഭാഷിസ് ബോസ് -എല്ലാവരും എടികെ മോഹൻബഗാൻ കളിക്കാർ- ത്രയം നല്ല പോലെ കളിച്ചു. ഇവർ തമ്മിലുള്ള ധാരണയും ജാഗ്രതയുമാണ് ഖത്തർ പല കുറി ഖത്തർ ആക്രമണങ്ങളുടെ മുനയൊടിച്ചത്. ഭേക്കെയ്ക്ക് പകരം വലതു ബാക്ക് പൊസിഷൻ ഏറ്റെടുത്ത സുരേഷ് വാങ്ജത്തിന്റെ പ്രകടനവും മികച്ചതായിരുന്നു.
സന്ധുവെന്ന ഒറ്റയാൻ
ഇന്ത്യൻ നിരയിൽ മഹാമേരുവായി ഉറച്ചു നിന്നത് സന്ധുവെന്ന കാവൽക്കാരനാണ്. ഒമ്പത് സേവുകൾ, ആറ് ഇൻസൈഡ് ബോക്‌സ് സേവുകൾ, ഒരു പഞ്ച്, ഒരു ഹൈ ക്ലൈം, മൂന്ന് ക്ലിയറൻസ്... ഇതാണ് ഇന്നലെ സന്ധുവിന്റെ പ്രകടനം.
ക്ലോസ് റേഞ്ചിൽ നിന്നു വരെ ഖത്തർ കളിക്കാർ തൊടുത്ത മിസൈലുകൾ സന്ധു തടുത്തിട്ട കാഴ്ച അവിശ്വസനീയമായിരുന്നു. അബ്ദുൽ അസീസ് കണ്ടെത്തിയ ഗോളും സന്ധുവിന്റെ കാലിൽ തട്ടിയാണ് ഗോളിലെത്തിയത്.
ഖത്തറിന്റെ സമ്പൂർണ ആധിപത്യം
എല്ലാ കണക്കുകളും ശരിവയ്ക്കുന്ന തരത്തിൽ കളിയിൽ സമ്പൂർണ ആധിപത്യമാണ് ഖത്തറിനുണ്ടായിരുന്നത്. ഇന്ത്യൻ പെനാൽറ്റി ബോക്‌സിന് തൊട്ടുമുമ്പിലായിരുന്നു ഖത്തറിന്റെ കളി. പിൻനിരയിൽ രണ്ടു പേർ ഒഴിച്ചാൽ ബാക്കിയെല്ലാവരും ആ റെയ്ഡിൽ പങ്കാളികളായി.
മൊത്തം 29 ഷോട്ടാണ് ഖത്തർ താരങ്ങൾ ഇന്ത്യൻ പോസ്റ്റിലേക്ക് ഉതിർത്തത്. ഇന്ത്യയ്ക്ക് ഒരു ഷോട്ടു പോലും ഉതിർക്കാനായില്ല.
കൈവിട്ട സുവർണാവസരം
മുപ്പതാം മിനിറ്റിലാണ് കളിയിൽ ഇന്ത്യയ്ക്ക് ലഭിച്ച ഏക സുവർണാവസരം. ഗുർപ്രീത് നിന്ന് പന്തു സ്വീകരിച്ച മലയാളി താരം ആഷിക് കുരുണിയൻ അതിവേഗ നീക്കത്തിൽ എതിർബോക്‌സിലേക്ക് ലോ ക്രോസ് കൈമാറി. സ്‌ട്രൈക്കർ മൻവീർ പന്തിലേക്ക് ഓടിയെത്തിയെങ്കിലും ഗോൾ കീപ്പർ മാത്രം മുമ്പിൽ നിൽക്കെ പന്തിനെ കണക്ട് ചെയ്യാനായില്ല.
ഗോൾകീപ്പറുടെ അവസരോചിത ഇടപെടലാണ് ഖത്തറിന് തുണയായത്. മൻവീർ കുറച്ചുകൂടി മനസ്സാന്നിധ്യം കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ചരിത്രം മറ്റൊന്നാകുമായിരുന്നു.
ആഷിഖിനെ വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല
കൗണ്ടർ അറ്റാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഇന്ത്യയുടെ ഗെയിംപ്ലാൻ. മധ്യനിരയിൽ പന്ത് നിയന്ത്രിക്കാൻ ഒരു മിഡ്ഫീൽഡർ ഉണ്ടായിരുന്നില്ല. റൗളിൻ ബോർഗസ്, ഥാപ്പ എന്നിവർക്ക് പകരമെത്തിയ ഗ്ലാൻ മാർട്ടിനും സുരേഷിനും വേണ്ടത്ര പന്ത് ഹോൾഡ് ചെയ്യാനുമായില്ല. പരമാവധി മൂന്നു പാസാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്. നാലാമത്തെ പാസുകൾ ഇന്റർസെപ്റ്റ് ചെയ്യപ്പെട്ടു.
മധ്യനിരയിൽ കളി മെനയുന്ന ഒരു സ്‌ട്രൈക്കറുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. പന്ത് കാലിൽ വച്ചു കളിക്കുന്ന ആഷിഖിനെ കുറച്ചുകൂടി മുന്നേറ്റത്തിന് ഉപയോഗിക്കാമായിരുന്നു. ഇന്നലെ ലെഫ്റ്റ് വിങ് ബാക്കായാണ് മലയാളി താരം കളിച്ചത്. എന്നാൽ പല വേളകളിലും ഖത്തർ താരങ്ങൾക്കിടയിലൂടെ ആത്മവിശ്വാസത്തോടെ ആഷിക് പന്തുമായി പോകുന്നത് കാണാമായിരുന്നു. ആഷികിന്റെ ഒരു സോളോ മുന്നേറ്റം ബോക്‌സിന് തൊട്ടുവെളിയിൽ വച്ചാണ് മൂന്നു ഖത്തർ താരങ്ങൾ ചേർന്ന് ഇല്ലാതാക്കിയത്. കളിയിൽ 67 ശതമാനമാണ് ആഷിഖിന്റെ ഡ്രിബിളിങ് സക്‌സസ്. അഫ്ഗാനെതിരെയും ബംഗ്ലാദേശിനെതിരെയും ആഷിഖിനെ കുറച്ചുകൂടി മുമ്പിൽ കളിപ്പിച്ചാൽ കൂടുതൽ മികച്ച ഫലം പ്രതീക്ഷിക്കാം.
കൈയടി നേടി സഹൽ
അവസാന നിമിഷങ്ങളിൽ ആഷിഖിന് പകരമായി എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ആരാധകരുടെ കൈയടി നേടി. മൂന്ന് ഖത്തർ കളിക്കാരെ സഹൽ ഡ്രിബിൾ ചെയ്തു മുന്നേറിയത് മത്സരത്തിലെ അവിസ്മരണീയ കാഴ്ചയായിരുന്നു. പകരക്കാരനായി വന്ന പ്രതിരോധ താരം ആശിഷ് റായിയും മികച്ച പ്രകടനം പുറത്തെടുത്തു.
Not on for long... but when he was he worked some magic ... nice one Sahal !! ⚽️🇮🇳 #INDvsQATAR #WCQ #IndianFootball #Sahal #Kerala @sahal_samad pic.twitter.com/2ehRShciEl
— Baljit Rihal (@BaljitRihal) June 3, 2021
ഇന്ത്യയുടെ വിജയദാരിദ്ര്യം
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയദാരിദ്ര്യത്തിലൂടെയാണ് ഇന്ത്യൻ ടീം മുമ്പോട്ടു പോകുന്നത്. തുടർച്ചയായ 11 കളികളിൽ ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല.
നിലവിൽ ആറു മത്സരങ്ങളിൽ നിന്ന് മൂന്നു സമനിലകൾ സഹിതം മൂന്നു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഖത്തറിന് ഏഴു കളികളിൽ നിന്ന് 19 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഒമാന് അഞ്ചു കളികളിൽ നിന്ന് 12 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള അഫ്ഗാന് ആറു കളികളിൽ നിന്ന് അഞ്ചു പോയിന്റാണ്് ഉള്ളത്. ഇത്രയും കളികളിൽ നിന്ന് ബംഗ്ലാദേശിന് രണ്ട് പോയിന്റും.
ജൂൺ ഏഴിന് ദോഹയിൽ ബംഗ്ലാദേശിനെതിരെയും 15ന് അഫ്ഗാനിസ്ഥാന് എതിരെയുമാണ് ഇന്ത്യയ്ക്ക് അടുത്ത മത്സരങ്ങൾ. രണ്ടു മത്സരങ്ങൾ ജയിക്കാനായാൽ ഏഷ്യൻ കപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിൽ ഇന്ത്യയ്ക്ക് സ്ഥാനം ഉറപ്പിക്കാനാകും.
Adjust Story Font
16