നേപ്പാളിനെ മൂന്ന് ഗോളിന് തകര്‍ത്തു; ഇന്ത്യക്ക് എട്ടാം സാഫ് കിരീടം
നായകന്‍ സുനില്‍ ഛേത്രിയും മലയാളി താരം അബ്ദുല്‍ സഹല്‍ സമദും സുരേഷ് സിങ്ങും ഇന്ത്യയ്ക്കു വേണ്ടി ഗോളുകള്‍ കണ്ടെത്തി
സാഫ് കപ്പ് കലാശപ്പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നേപ്പാളിനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഇന്ത്യ തിരിച്ചുപിടിച്ചത്. 2019ല്‍ പരിശീലകനായി സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടം കൂടിയാണിത്. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടവും.
ആദ്യ പകുതിയില്‍ ഇന്ത്യക്ക് ഗോള്‍ കണ്ടെത്താനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ഇന്ത്യ നായകന്‍ സുനില്‍ ഛേത്രിയിലൂടെ ഗോള്‍ കണ്ടെത്തി. ബോക്സിന്റെ വലതുവശത്തുനിന്ന് പ്രീതം കോട്ടാല്‍ നല്‍കിയ ക്രോസില്‍ കൃത്യമായി തലവെച്ച് ഛേത്രി ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ഛേത്രിക്ക് പിന്നാലെ സുരേഷ് സിങ് ഇന്ത്യയുടെ ലീഡുയര്‍ത്തി. ഇതോടെ ഇന്ത്യ ജയമുറപ്പിച്ചു.
പിന്നാലെ പകരക്കാരനായി വന്ന മലയാളി താരം അബ്ദുല്‍ സഹല്‍ സമദ് ഇന്ത്യക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി. 90-ാം മിനിറ്റില്‍ ബോക്‌സിനടുത്തേക്ക് കുതിച്ചെത്തിയ സഹല്‍ നേപ്പാള്‍ പ്രതിരോധം തകര്‍ത്ത് പന്ത് വലയിലെത്തിച്ചു.
നായകന്‍ സുനില്‍ ഛേത്രി ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ നേടി. പെലെയുടെ റേക്കോര്‍ഡ് മറികടക്കുകയും മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു.
Adjust Story Font
16