'ഇന്ത്യൻ ഫുട്‌ബോൾ തടവറയിൽ'; ഫെഡറേഷനെതിരെ തുറന്നടിച്ച് മുൻ പരിശീലകൻ
മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പരിശീലകനെ പുറത്താക്കിയത്.
''ഇന്ത്യൻ ഫുട്‌ബോൾ തടവറയിലാണ്. രണ്ട് ദശാബ്ദങ്ങൾ കഴിഞ്ഞാലും ഇവിടെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് തോന്നുന്നില്ല. തുറന്ന മനസോടെയാണ് ഞാൻ പരിശീലക സ്ഥാനമേറ്റെടുക്കാനായി ഇന്ത്യയിലേക്ക് വന്നത്. എന്നാൽ ഓൾഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനിലെ അംഗങ്ങൾക്ക് ഫുട്‌ബോൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നറിയില്ല. അവർക്ക് അധികാരം നിലനിർത്തുന്നതിലാണ് ശ്രദ്ധ- ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് ദിവസങ്ങൾക്കിപ്പുറം വാർത്താസമ്മേളനത്തിൽ ഇഗോർ സ്റ്റിമാചിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ഇന്ത്യൻ ഫുട്‌ബോളിന്റെ ഭൂതകാലത്തെ അണിയറകഥകൾ അറിയുന്നവർക്ക് ഇതൊരു അത്ഭുതമായി തോന്നില്ലായിരിക്കാം. എന്നാൽ എന്നെങ്കിലും ലോക ഫുട്‌ബോൾ വേദിയിൽ ജനഗണമന ഉയർന്നു കേൾക്കുമെന്ന് വിശ്വസിക്കുന്ന യുവതലമുറ ഇവിടെയുണ്ട്. അവരുടെ പ്രതീക്ഷകൾക്ക് മുകളിലാണ് മുൻ ഇന്ത്യൻ കോച്ചിന്റെ വാക്കുകൾ കനൽ കോരിയിട്ടത്. ലോകകപ്പ് യോഗ്യതയിൽ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ കടന്നാലും താൻ തുടരുമായിരുന്നില്ലെന്ന് ക്രൊയേഷ്യൻ കോച്ച് വ്യക്തമാക്കുമ്പോൾ ഫെഡറേഷനിൽ നിന്ന് അദ്ദേഹം എത്രത്തോളം അവഗണന നേരിട്ടെന്ന കാര്യം വ്യക്തം.
''സ്വകാര്യതാൽപര്യങ്ങളുള്ളവർക്കൊപ്പം മുന്നോട്ട് പോകുക സാധ്യമല്ല. മതിയായ പിന്തുണ നൽകാതെ എന്നെ നിശബ്ദനാക്കിയെന്നതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ അഖിലേന്ത്യാ ഫെഡറേഷന്റെ വലിയ നേട്ടമെന്നും സ്റ്റിമാച് പറഞ്ഞു. എ.ഐ.എഫ്.എഫ് അധ്യക്ഷൻ കല്യാൺ ചൗബെയ്‌ക്കെതിരെയും സ്റ്റിമാച് രൂക്ഷവിമർശനം നടത്തി. സ്ഥാനം നിലനിർത്തിപോകുന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. പരിശീലക ജോലിയിലെ സമ്മർദ്ദം മൂലം ഇടക്കാലത്ത് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായെന്നും സ്റ്റിമാച് പറഞ്ഞു.
അടുത്തിടെ പുറത്തുവിട്ട ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യ മൂന്ന് സ്ഥാനങ്ങൾ താഴേക്കിറങ്ങി 124ാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തോൽവിക്ക് പിന്നാലെയാണ് വീണ്ടും താഴേക്കിറങ്ങിയത്. ഗ്രൂപ്പ് എയിൽ ഒരു ജയവും രണ്ട് സമനിലയുമുള്ള ഇന്ത്യക്ക് അഞ്ച് പോയന്റാണുള്ളത്. 16 പോയന്റുമായി ഖത്തറും ഏഴ് പോയന്റുമായി കുവൈത്തുമാണ് ഗ്രൂപ്പിൽ നിന്ന് മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചത്.
2019 മുതലുള്ള ഇഗോർ സ്റ്റിമാചിന്റെ കാലം ഉയർച്ച താഴ്ചകളുടേതായിരുന്നു. നാല് പ്രധാന ട്രോഫികളാണ് ഈ കാലയളിവിൽ ഇന്ത്യയുടെ ഷോക്കേഴ്‌സിലെത്തിയത്. 53 മത്സരങ്ങളിൽ കോച്ചായിരുന്ന സ്റ്റിമാചിന് കീഴിൽ ഇന്ത്യ 19 മത്സരങ്ങളിലാണ് വിജയം നേടിയത്. 14 സമനിലയും 20 തോൽവികളും. രണ്ട് സാഫ് ചാമ്പ്യൻഷിപ്പിലും ഒരു ഇന്റർ കോണ്ടിനെന്റർ കപ്പിലും മുത്തമിട്ടു. ട്രൈനാഷൻ സീരിസിലും നീലപട വിജയം പിടിച്ചു. എന്നാൽ ഈ ജൈത്രയാത്ര തുടർന്ന് കൊണ്ടുപോകാൻ സ്റ്റിമാചിനും ഇന്ത്യക്കുമായില്ല. പിന്നീട് തുടരെ പരാജയങ്ങളുടെ കാലമായിരുന്നു. ഐ.എസ്.എലിന്റെയടക്കം നേട്ടം പലപ്പോഴും ദേശീയ ടീമിലേക്കെത്തിയില്ല. പലകുറി ഈ കാര്യം കോച്ച് തന്നെ വ്യക്തമാക്കി. ഗോളടിക്കാതെ തുടരെ നിരവധി മത്സരങ്ങൾ. ഇടക്ക് പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കാൻ ജ്യോത്സ്യന്റെ ഉപദേശം തേടിയെന്ന ആരോപണമുയർന്നു. വലിയ വിവാദമായി ഇത് കത്തിപടർന്നു. ഒടുവിൽ 2026 ലോകകപ്പ് യോഗ്യത റൗണ്ടിലും ഇംപാക്ടുണ്ടാക്കാതെ വീണു. തുടർ തോൽവികൾ നേരിട്ടതോടെ ചെറുത്തുനിൽപ്പിന്റെ പാഠം ഇന്ത്യ പതിയെ മറന്നുതുടങ്ങി. ഇതിനിടെ ഇതിഹാസതാരം സുനിൽ ഛേത്രി പടിയിറങ്ങുകയും ചെയ്തു.
ഇഗോർസ്റ്റിമചിന് പകരം അടുത്തുതന്നെ പുതിയ പരിശീലകനെ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ കണ്ടെത്തും. എന്നാൽ തലമാറിയതുകൊണ്ടുമാത്രം ഇന്ത്യൻ ഫുട്‌ബോളിന്റെ തലവരമാറുകയില്ലെന്ന കാര്യം ഉറപ്പാണ്. അധികാരത്തിൽ കടിച്ചുതൂങ്ങുന്നവരെ മാറ്റിനിർത്തിയില്ലെങ്കിൽ വർഷങ്ങൾ പലതു കഴിഞ്ഞാലും, ലോകകപ്പിൽ പുതിയ ടീമുകൾ രംഗപ്രവേശനം ചെയ്താലും 141 കോടിയിൽ നിന്ന് 11 പേരെ കണ്ടെത്താതെ നമ്മിളിപ്പോഴും യോഗ്യത കളിച്ചുകൊണ്ടേയിരിക്കും. ബെയ്ചിങ് ബൂട്ടിയയടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങളെ കൊണ്ടുവന്ന് ഫുട്‌ബോളിനെ ഭരിക്കാൻ ഫുട്‌ബോളിനെ അറിയുന്നവരെ നിയോഗിച്ചാൽ മാത്രമേ മാറ്റത്തിന്റെ ചെറിയ സാധ്യതയെങ്കിലും അവശേഷിക്കൂ...
Adjust Story Font
16