Quantcast

ഇനി പ്രതിരോധം കടുക്കും: ബോസ്‌നിയയുടെ പ്രതിരോധ താരം സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

ബ്ലാസ്റ്റേഴ്‌സിന്റെ ഇത്തവണത്തെ രണ്ടാമത്തെ വിദേശ സൈനിംഗാണ് സിപോവിച്ചിന്റേത്. നേരത്തെ ഉറുഗ്വെ താരമായ അഡ്രിയാന്‍ ലൂണയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    31 July 2021 2:29 PM GMT

ഇനി പ്രതിരോധം കടുക്കും: ബോസ്‌നിയയുടെ പ്രതിരോധ താരം സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്
X

ബോസ്നിയ ഹെര്‍സഗോവിനയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എനെസ് സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ചെന്നൈയിന്‍ എഫ്.സിക്കായി ഒരു വര്‍ഷത്തോളം പന്തുതട്ടിയ ശേഷമാണ് 30കാരനായ എനെസ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഇത്തവണത്തെ രണ്ടാമത്തെ വിദേശ സൈനിംഗാണ് സിപോവിച്ചിന്റേത്. നേരത്തെ ഉറുഗ്വെ താരമായ അഡ്രിയാന്‍ ലൂണയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. മെല്‍ബണ്‍ സിറ്റിയില്‍ നിന്നാണ് ഈ 29കാരന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

സരജേവോയിലെ ബോസ്നിയന്‍ ക്ലബായ സെല്‍ജെസ്നികറില്‍ കളിച്ചുതുടങ്ങിയ സിപോവിച്ച്, പിന്നീട് റൊമാനിയന്‍ ക്ലബ് എസ്സി ഒടെലുല്‍ ഗലാറ്റിയില്‍ ചേര്‍ന്നു. ക്ലബ്ബിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ 2010-11 റൊമാനിയന്‍ ടോപ്പ് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി. ഒടെലുല്‍ ഗലാറ്റിയിലെ വിജയകരമായ ആറ് സീസണുകള്‍ക്ക് ശേഷം, കെ.വി.സി വെസ്റ്റര്‍ലോ (ബെല്‍ജിയം), ഇത്തിഹാദ് ടാംഗര്‍ & ആര്‍എസ് ബെര്‍ക്കെയ്ന്‍ (മൊറോക്കോ), ഒഹോദ് ക്ലബ് (സൗദി അറേബ്യ) എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടു കെട്ടി. പിന്നീട് ബാല്യകാല ക്ലബ്ബായ എഫ് കെ സെല്‍ജെസ്നികറിലേക്ക് തന്നെ മടങ്ങി

കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ് സിയില്‍ ചേരുന്നതിന് മുമ്പ്, ഖത്തറിലെ ഉമ്മു സലാലിന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍, 18 മത്സരങ്ങളിലായി ചെന്നൈയിന്‍ ജഴ്സിയണിഞ്ഞ താരം ടീമിലെ സ്ഥിരസാനിധ്യവുമായിരുന്നു. ബോസ്നിയ ഹെര്‍സഗോവിനയുടെ അണ്ടര്‍ 21 ദേശീയ ടീം താരമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന ആദ്യ ബോസ്നിയന്‍ താരമാവും സിപോവിച്ച്.

അതിശയകരമായ ആരാധക കൂട്ടായ്മയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകളിലൊന്നില്‍ ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എനെസ് സിപോവിച്ച് പ്രതികരിച്ചു.

TAGS :

Next Story