Quantcast

ബെൽജിയം കടന്ന് ഇറ്റലി; അസൂറികൾ അജയ്യർ

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ ജയം

MediaOne Logo

Sports Desk

  • Published:

    2 July 2021 9:13 PM GMT

ബെൽജിയം കടന്ന് ഇറ്റലി; അസൂറികൾ അജയ്യർ
X

മ്യൂണിക്ക്: യൂറോകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി ഇറ്റലി സെമിഫൈനലിൽ. ഇറ്റലിക്കായി നിക്കോളോ ബെരല്ല, ലോറൻസോ ഇൻസിഞ്ഞെ എന്നിവരാണ് ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ ലുക്കാക്കുവാണ് ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടിയത്. സെമിയിൽ ഇറ്റലി സ്‌പെയിനിനെ നേരിടും.

മികച്ച ആക്രമണ ഫുട്‌ബോളാണ് ഇരുടീമുകളും കളിയിലുടനീളം പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ തന്നെ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ ഇരുനിരകളും കളം നിറഞ്ഞു. 13-ാം മിനിറ്റിൽ ബൊനൂച്ചിയിലൂടെ ഇറ്റലി ഗോൾ നേടിയെങ്കിലും വാർ പരിശോധനയിലൂടെ റഫറി ഓഫ് സൈഡ് വിളിച്ചു.

21-ാം മിനിറ്റിൽ കെവിൻ ഡി ബ്രുയിനയുടെ തകർപ്പൻ ലോങ്‌റേഞ്ചർ ഇറ്റാലിയൻ ഗോൾകീപ്പർ ഡൊണാറുമ തട്ടികയറ്റി. 25-ാം മിനിറ്റിൽ ലുക്കാക്കുവിന്റെ മിന്നലാക്രമണം വലതു ഭാഗത്തേക്ക് മുഴുനീള ഡൈവ് ചെയ്താണ് ഡൊണാറുമ നിഷ്ഫലമാക്കിയത്. തൊട്ടുപിന്നാലെ ചിയേസയുടെ നേതൃത്വത്തിൽ ഇറ്റലിയുടെ പ്രത്യാക്രമണം. എന്നാൽ കീപ്പർ കോർടോയിസിനെ കീഴ്‌പ്പെടുത്താനായില്ല.

31-ാം മിനിറ്റിൽ ബെൽജിയം പ്രതിരോധ നിര ക്ലിയർ ചെയ്ത പന്തു പിടിച്ചെടുത്താണ് ഇറ്റലി ഗോൾ നേടിയത്. പന്ത് കാലിൽ കിട്ടിയ വെറാട്ടി ബെരല്ലയ്ക്ക് കൈമാറി. മൂന്നു പ്രതിരോധ താരങ്ങൾക്കിടയിൽ നിന്ന് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ബെരല്ലയുടെ ഉജ്വലമായ കിക്ക്. കുർട്വായിസിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സെക്കൻഡ് പോസ്റ്റിൽ തട്ടി പന്ത് വലയിൽ. സ്‌കോർ 1-0.

44-ാം മിനിറ്റിൽ തകർപ്പൻ ഗോളുമായി ഇൻസിഞ്ഞെ ഇറ്റലിയുടെ ലീഡ് ഉയർത്തി. മൈതാന മധ്യത്തു നിന്ന് പന്തു സ്വീകരിച്ച് സോളോ മുന്നേറ്റം നടത്തിയ താരം 25വാര അകലെ നിന്ന് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. കുർടോയിസ് മുഴുനീള ഡൈവ് ചെയ്‌തെങ്കിലും പന്ത് എത്തിപ്പിടിക്കാനായില്ല. ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി ഇത്.

ഒരു മിനിറ്റിനകം ലുക്കാക്കുവിന്റെ പെനാൽറ്റി ഗോളിലൂടെ ബെൽജിയം ഒരു ഗോൾ തിരിച്ചടിച്ചു. ബോക്‌സിൽ ഡോകുവിനെ ഡി ലോറൻസോ പുഷ് ചെയ്തു വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഇറ്റാലിയൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി വഴങ്ങിയില്ല. കിക്കെടുത്ത ലുക്കാക്കുവിന് പിഴച്ചില്ല. സ്‌കോർ 1-2.

രണ്ടാം പകുതിയുടെ ആദ്യ മണിക്കൂറിൽ ലീഡ് ഉയർത്താൻ ഇറ്റലി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബൽജിയം പ്രതിരോധം ഉറച്ചു നിന്നു. അതിനിടെ, തിരിച്ചടിക്കാൻ വീണുകിട്ടിയ അവസരങ്ങൾ മുതലാക്കാൻ ബെൽജിയത്തിന് കഴിഞ്ഞുമില്ല. ലുക്കാക്കുവിനെ മുൻനിർത്തിയുള്ള അതിവേഗ പ്രത്യാക്രമണമായിരുന്നു ബെൽജിയത്തിന്റെ പദ്ധതി. താരത്തെ എതിർപ്രതിരോധം പൂട്ടിയപ്പോൾ വലതുഭാഗത്ത് കളിച്ച ജെറമി ഡോകു മികച്ച കളി കെട്ടഴിച്ചു. കാലിൽ പന്തു കിട്ടുമ്പോഴൊക്കെ ഇറ്റാലിയൻ ബോക്‌സിലേക്കു കടന്നു കയറിയ ഡോകു പ്രതിരോധത്തിന് പിടിപ്പത് പണിയുമുണ്ടാക്കി. ഒരു തവണ നാലു എതിർ താരങ്ങളെ കബളിപ്പിച്ച് മുന്നേറിയ 19കാരന്റെ തകർപ്പൻ ലോങ് റേഞ്ചർ ചെറിയ വ്യത്യാസത്തിനാണ് പുറത്തേക്കു പോയത്.

TAGS :

Next Story