Quantcast

ഫ്രീകിക്കിൽ മറഡോണയെ വെട്ടിച്ച് മെസി; ഇൻറർ മയാമി ലീഗസ് കപ്പ് ക്വാർട്ടറിൽ

നാലു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളാണ് ഇൻറർ മയാമിക്കായി മെസി നേടിക്കൊടുത്തത്

MediaOne Logo

Sports Desk

  • Updated:

    2023-08-07 09:41:57.0

Published:

7 Aug 2023 9:14 AM GMT

Lionel Messi scored twice as Inter Miami beat FC Dallas to reach the quarter-finals of leagues cup
X

മാജിക് ഫ്രീകിക്കടക്കം ലയണൽ മെസി ഇരട്ട ഗോൾ നേടിയ മത്സരത്തിൽ എഫ്‌സി ഡല്ലാസിനെ വീഴ്ത്തി ഇൻറർ മയാമി ലീഗസ് കപ്പ് ക്വാർട്ടർ ഫൈനലിൽ. നിശ്ചിത ഇരുപകുതികളിലുമായി 4-4 സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇൻറർ മയാമിയുടെ വിജയം. മൂന്നിനെതിരെ അഞ്ച് ഗോളുകളാണ് ടീം ഷൂട്ടൗട്ടിൽ നേടിയത്.

മത്സരത്തിന്റെ ആറാം മിനിട്ടിലും 85ാം മിനിട്ടിലുമാണ് സൂപ്പർ താരം ഗോൾ നേടിയത്. മെസിയുടെ തകർപ്പൻ ഫ്രീകിക്ക് ഇൻറർ മയാമി ടീമുടമയും ഫ്രീകിക്കുകളുടെ ആശാനുമായ ഡേവിഡ് ബെക്കാം ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ഈ മത്സരത്തിലെ ഫ്രീകിക്കോടെ ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഡീഗോ മറഡോണയെ പിന്തള്ളി. മറഡോണയ്ക്ക് 62 ഫ്രീകിക്കുകളുള്ളപ്പോൾ മെസി 63 എണ്ണം അടിച്ചിരിക്കുകയാണ്. മൂന്നു ഫ്രീകിക്ക് ഗോളുകൾ കൂടി നേടിയാൽ ബെക്കാമിനെയും (65) മറികടക്കാൻ താരത്തിനാകും. 77 ഫ്രീകിക്ക് ഗോളുകളുമായി മുൻ ബ്രസീലിയൻ താരം ജുനീഞ്ഞോയാണ് പട്ടികയിൽ ഒന്നാമൻ. ബ്രസീലിന്റെ തന്നെ പെലെ (70) രണ്ടാമതുമാണ്. റൊണാൾഡീഞ്ഞോ (66), ലെഗ്രോടാഗ്ലി (66) എന്നിവരും മെസിക്ക് മുമ്പിലുണ്ട്. സീക്കോ (62), റൊണാൾഡ് കോമാൻ (60), റൊഗേരിയോ സെനി (60) എന്നിവർ മെസിക്ക് പിറകിലാണ്.

മെസിക്ക് പുറമേ ബെഞ്ചമിൻ ക്രമേഷി (65), മാർകോ ഫർഹാൻ (80-ഓൺഗോൾ) എന്നിവരും ഇൻറർ മയാമി സ്‌കോർ ബോർഡിലേക്ക് ഗോൾ നൽകി. എഫ്‌സി ഡല്ലാസിനായി ഫക്വുഡോ ക്വിഗ്‌നോൻ (37), ബെർണാർഡ് കമുംഗോ(45), അലൻ വെലാസ്‌കോ (63), റോബർട്ട് ടൈലർ(68-ഓൺഗോൾ) എന്നിവരാണ് എഫ്‌സി ഡല്ലാസിനായി ഗോളടിച്ചത്.

മെസിയാണ് മാൻ ഓഫ് ദി മാച്ച്. ഈ മത്സരത്തോടെ നാലു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളാണ് ഇൻറർ മയാമിക്കായി മെസി നേടിക്കൊടുത്തത്. ഒരു അസിസ്റ്റും താരം നേടി. രണ്ട് ഫ്രീകിക്ക് ഗോളുകളും കണ്ടെത്തി. നാലു വിജയവും താരത്തിന്റെ പിന്തുണയോടെ ടീം നേടി.

ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിലും മെസി ഇരട്ട ഗോളുകൾ നേടിയിരുന്നു. ഇന്റർ മിയാമി 492 കോടി രൂപ വാർഷിക പ്രതിഫലത്തിലാണ് ലയണൽ മെസ്സിയെ സ്വന്തമാക്കിയത്. ഇന്റർ മയാമിയിലെ ആദ്യ മത്സരം മുതൽ മെസി തകർത്ത് കളിക്കുകയാണ്.

Lionel Messi scored twice as Inter Miami beat FC Dallas to reach the quarter-finals of leagues cup

TAGS :

Next Story