'ക്രൊയേഷ്യയിലവനെ ഡയമണ്ടെന്നാണ് ഞങ്ങൾ വിളിക്കുന്നത്'; ബ്ലാസ്‌റ്റേഴ്‌സിലെ പുതിയ ഗ്രീസ് സ്‌ട്രൈക്കറുടെ സവിശേഷതകളുമായി അഭിമുഖം
29കാരനായ താരം കഴിഞ്ഞ രണ്ടു വർഷമായി കളിച്ച ക്രൊയേഷ്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ തൊമിസ്‌ലാവ് ഗാബെലികുമായി 'സ്‌പോർട്‌സ് കീഡ' നടത്തിയ അഭിമുഖം
ഇന്ത്യൻ സൂപ്പർ ലീഗ് മൈതാനങ്ങളിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിമേളം തീർക്കാനെത്തിയ മുൻ ഗ്രീസ് അന്താരാഷ്ട്ര താരമായ ദിമിത്രസ് ഡയമന്റകോസിന്റെ സവിശേഷതകളുമായി അഭിമുഖം. 29കാരനായ താരം കഴിഞ്ഞ രണ്ടു വർഷമായി കളിച്ച ക്രൊയേഷ്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ തൊമിസ്‌ലാവ് ഗാബെലികുമായി 'സ്‌പോർട്‌സ് കീഡ'യാണ് അഭിമുഖം നടത്തിയത്. ക്രൊയേഷ്യൻ ക്ലബായ എച്ച്.എൻ.കെ ഹയ്ദുക് സ്പ്ലിറ്റിലെ രണ്ടു വർഷത്തെ കരാർ പൂർത്തിയാക്കിയാണ് ഡയമൻറക്കോസ് സീസണിൽ നാലാം വിദേശ താരമായി കൊച്ചിയിലെത്തുന്നത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തിയാക്കിയിരിക്കുകയാണ്. അഡ്രിയാൻ ലൂണ, മാർകോ ലസ്‌കോവിച്ച്, അപോസ്‌റ്റോളോസ് ഗിയന്നൗ, വിക്ടർ മോഗിൽ, ഇവാൻ കലുന്യുയി എന്നിവരാണ് നിലവിൽ ടീമിലുള്ള വിദേശ താരങ്ങൾ.
തൊമിസ്‌ലാവ് ഗാബെലികുമായി 'സ്‌പോർട്‌സ് കീഡ' നടത്തിയ അഭിമുഖത്തിൽ നിന്ന്:
ഡിമിട്രിയോസ് ഡയമന്റകോസ് ഏത് തരത്തിലുള്ള സ്ട്രൈക്കറാണ്?
ഡയമന്റകോസ് ടിപ്പിക്കൽ ഓൾഡ് ടൈപ്പ് സെൻട്രൽ സ്‌ട്രൈക്കറാണ്. ബോക്‌സിനകത്ത് ആക്രമണം നടത്താനും കൃത്യമായി ഷോട്ട് ഉതിർക്കാനും കഴിവുള്ള താരമാണ്. ഏരിയക്കകത്ത് കാത്തിരുന്ന് പന്തുമായി സ്‌കോർബോർഡിൽ ചലനമുണ്ടാക്കാനും ഡയമൻറകോസിനാകും.
മറ്റു പൊസിഷനുകളിൽ കളിക്കാനാകുമോ?
താരം ഏറെക്കുറെ സെൻട്രൽ സ്‌ട്രൈക്കറാണ്. ചില അവസരങ്ങളിൽ വിംഗുകളിലും കളിച്ചിട്ടുണ്ട്. എന്നാൽ സെൻട്രൽ സ്‌ട്രൈക്കറായാണ് താരത്തെ ഞാൻ കാണുന്നത്.
ക്രെയേഷ്യയിൽ എങ്ങനെയായിരുന്നു ഡയമൻറകോസിന്റെ പ്രകടനം?
കോവിഡ് കാലത്ത് ജർമനിയിൽ നിന്നാണ് താരം ക്രൊയേഷ്യൻ ക്ലബായ ഹയ്ദുക്കിലെത്തിയത്. ആദ്യ കളിയിൽ തന്നെ ഗോൾ നേടിയാണ് ഡയമൻറകോസ് തുടങ്ങിയത്. എന്നാൽ പിന്നീട് അദ്ദേഹത്തിന് പരിക്കേറ്റതോടെ ചില മത്സരങ്ങൾ മുടങ്ങി. ലീഗ് പലവട്ടം നിർത്തിവെക്കുകയും ചെയ്തു. ഇതിന് ശേഷം താരത്തിന് മികവ് കണ്ടെത്താനായിട്ടില്ല. തുടർന്ന് ഡയമൻറകോസിനെ ക്ലബ് ഇസ്രായേലിലെ എഫ്.സി അഷ്‌ദോദിലേക്ക് അയച്ചു. അതുകൊണ്ട് തന്നെ ക്രൊയേഷ്യൻ ലീഗിൽ താരം പ്രധാന മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. വലിയ പ്രതീക്ഷകളുമായി വന്ന ഡയമൻറകോസിന് അതിനൊത്ത അവസരങ്ങൾ കിട്ടിയില്ല.
ഹയ്ദുക് സ്പ്ലിറ്റുമായുള്ള കരാർ എന്ത് കൊണ്ടു റദ്ദാക്കി?
കഴിഞ്ഞ ചോദ്യത്തിൽ തന്നെ അതിനുള്ള ഉത്തരം ഞാൻ പറഞ്ഞെന്നാണ് കരുതുന്നത്. മാത്രമല്ല, ഇതേ പൊസിഷനിൽ കളിക്കുന്ന രണ്ട് പുതിയ താരങ്ങളെ കൂടി ഹയ്ദുക് കൊണ്ടുവന്നു. എ.ഇ.കെ ഏഥൻസിൽ നിന്ന് മാർകോ ലിവാജയും ബ്രൈട്ടൺ ആൻഡ് ഹോവ് ആൽബിയോണിൽനിന്ന് ജാൻ മാൽക്കറുമാണ് എത്തിയത്. ഡയമൻറകോസിന് കൂടുതൽ അവസരം കിട്ടാതിരിക്കാൻ ഇവരുടെ വരവും കാരണമായിട്ടുണ്ട്.
ഡയമൻറകോസ് ഹയ്ദുകിൽനിന്ന് പുറത്തായത് ക്രൊയേഷ്യയിൽ അത്ഭുതമുണ്ടാക്കിയോ?
ഇല്ല, ആർക്കും അങ്ങനെ തോന്നിയില്ല. താരം നന്നായി കളിക്കുന്നില്ലെങ്കിൽ അവൻ ക്ലബിന് പുറത്തേക്കുള്ള വഴി തുറക്കുകയാണ്. സ്വാഭവികമായും പണം കൊടുത്ത് കൂടെ നിർത്തുന്നതിന് പകരം ക്ലബ് അത്തരം താരത്തെ പറഞ്ഞയക്കും.
മൈതാനത്തിന് പുറത്ത് താരത്തിന്റെ പ്രകൃതമെങ്ങനെ?
ഡയമൻറകോസിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. അദ്ദേഹം നല്ല ഒരു വ്യക്തിത്വമാണെന്നാണ് മറ്റു താരങ്ങളിൽ നിന്ന് കേട്ടത്. രസികനും ഇതര താരങ്ങളോട് സൗഹൃദം കാത്തു സൂക്ഷിക്കന്നയാളുമായിരുന്നു.
ഹയ്ദുക് ഫാൻസുമായി ഡയമൻറകോസിന്റെ ബന്ധം?
മറ്റു താരങ്ങളെ പോലെ അദ്ദേഹവും പ്രശംസിക്കപ്പെട്ടിരുന്നു. ഡയമൻറകോസിനെ ഡയമണ്ടെന്നായിരുന്നു വിളിച്ചിരുന്നത്. പേരിലെ സാമ്യതയായിരുന്നു കാരണം. ക്രൊയേഷ്യയിൽ താരത്തിന് നിരവധി തടസ്സങ്ങളുണ്ടായിരുന്നുവെങ്കിലും ചില നല്ല മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നു. ഇതിനാൽ തന്നെ ആരാധകർ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്നാണ് ഞാൻ കരുതുന്നത്. അധികം മത്സരം കളിക്കാത്തതിനാൽ ആരാധകരുമായി കൂടുതൽ ബന്ധം സൃഷ്ടിക്കാൻ അവസരം കിട്ടിയിട്ടില്ല.
ഡയമൻറകോസിനെ കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ അറിയേണ്ട വേറെ കാര്യങ്ങൾ?
ഡയമൻറകോസിന്റെ നല്ല കാലത്ത് അദ്ദേഹം ദേശീയ താരമായിരുന്നു. ജർമനിയിൽ അദ്ദേഹത്തെ ഗ്രീക്ക് ഗോഡെന്നായിരുന്നു വിളിച്ചിരുന്നത്. ക്രൊയേഷ്യയിൽ ഡയമണ്ടെന്ന് വിളിച്ചു. അദ്ദേഹം നല്ല കളിക്കാരനാണ്. ഇന്ത്യൻ ഫുട്‌ബോളുമായി അദ്ദേഹം എങ്ങനെ പൊരുത്തപ്പെടുമെന്ന് പറയാനാകില്ല. എന്തായാലും നിങ്ങളുടെ ടീമിന് ലഭിച്ചത് മികച്ച താരത്തെയാണ്. നിങ്ങളുടെ ലീഗിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന നല്ല താരമാണ് അദ്ദേഹം.
ഗ്രീക്ക് ക്ലബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ദിമിത്രിയോസ് കരിയർ ആരംഭിച്ചത്. 2009ൽ ഒളിമ്പിയാകോസിന്റെ യൂത്ത് ടീമിൽ ചേർന്നു. അണ്ടർ 19 ലീഗിലെയും യൂത്ത് ചാംപ്യൻസ് ലീഗിലെയും മികച്ച പ്രകടനത്തിനു പിന്നാലെ ക്ലബിന്റെ സീനിയർ ടീമിലും ഇടംലഭിച്ചു. 2012നും 2014നും ഇടയിൽ വിവിധ ഗ്രീക്ക് ക്ലബുകളായ പനിയോനിയോസ് ഏഥൻസ്, അറിസ് തെസലോനികി, എർഗോടെലിസ് എഫ്.സി എന്നിവയ്ക്കായി വായ്പാ അടിസ്ഥാനത്തിൽ കളിച്ചു. ഒളിമ്പിയാകോസിൽ തിരിച്ചെത്തുന്നതിനു മുൻപ് 49 മത്സരങ്ങളിൽ 14 ഗോളും നേടി. ഒളിമ്പിയാകോസിൽ 17 കളിയിൽ നാല് ഗോളും നേടി.
2015ൽ ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കാൾഷ്രുഹെർ എസ്.സിയിലെത്തി. തുടർന്നുള്ള സമ്മറിൽ ജർമൻ ക്ലബുമായി സ്ഥിരം കരാറിലുമെത്തി. ജർമനിയിൽ ആറ് വർഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വി.എഫ്.എൽ ബോചും എഫ്.സി സെന്റ് പോളി ക്ലബുകൾക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവിൽ നൂറിൽകൂടുതൽ മത്സരങ്ങളിൽനിന്ന് 34 ഗോളിനൊപ്പം എട്ട് അസിസ്റ്റും നടത്തി.
2020 ജൂലൈയിൽ ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ് ഹയ്ദുക് സ്പ്ളിറ്റുമായി മൂന്ന് വർഷത്തെ കരാറിലൊപ്പിട്ടു. ടീമിനായി 30ലേറെ മത്സരങ്ങളിൽ കളിച്ചു. ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുൻപ് ഇസ്രയേലി ക്ലബ് എഫ്.സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് കളിച്ചിട്ടുണ്ട്. 46 മത്സരങ്ങളിൽ 19 ഗോളും നേടി. യൂറോപ്യൻ അണ്ടർ 19 ചാംപ്യൻഷിപ്പിൽ റണ്ണറപ്പായ ടീമിനൊപ്പവുമുണ്ടായിരുന്നു. ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാംപ്യൻ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.
കരിയറിലെ പുതിയൊരു അധ്യായം തുടങ്ങുന്നതിൽ അതിയായ ആവേശത്തിലാണെന്ന് താരം പ്രതികരിച്ചു. ഇതൊരു വലിയ വെല്ലുവിളിയാണ്. ക്ലബ്ബിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഇവിടുത്തെ അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. നമ്മുടെ ലക്ഷ്യങ്ങൾ നേടാൻ ഞാൻ എല്ലാം ചെയ്യുമെന്നും ദിമിത്രിയോസ് പറഞ്ഞു.
ഈ സമ്മറിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാനത്തെ വിദേശതാര കരാറാണ് ദിമിത്രിയോസ് ഡയമാന്റകോസിന്റേത്. മുന്നേറ്റനിരയ്ക്ക് ദിമിത്രിയോസ് കൂടുതൽ കരുത്തുപകരുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന് മുന്നോടിയായുള്ള പ്രീ സീസൺ മുന്നൊരുക്കത്തിനായി ക്ലബ് നിലവിൽ യു.എ.ഇയിലാണ്. യാത്രാ അനുമതി, മെഡിക്കൽ പരിശോധന എന്നിവയ്ക്കുശേഷം ഡയമാന്റകോസ് ദുബൈയിൽ സഹതാരങ്ങൾക്കൊപ്പം ചേരും.
Adjust Story Font
16