അർജന്റീനയെ വിറപ്പിച്ച ഇറാൻ... ഇംഗ്ലണ്ടിനെ തടയുമോ ?
ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്
ദോഹ: 2014 ൽ നടന്ന ബ്രസീൽ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്ന അർജന്റീനയെ ഭയപ്പെടുത്തിയ ഇറാൻ ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കുമോ എന്നറിയാനാണ് ഫുട്‌ബോൾ ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്നത്. 2014 ലെ ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ മത്സരത്തിൽ അർജന്റീനയെ അവസാന നിമിഷം വരെ പ്രതിരോധ കോട്ട തീർത്ത് തളച്ചവരായിരുന്നു ഇറാൻ. മെസിയുടെ അതിസുന്ദരമായ ഗോൾ അന്ന് പിറന്നിരുന്നില്ലെങ്കിൽ ലോകകപ്പിന്റെ ഓർമ്മ പുസ്തകത്തിലേക്ക് ആ മത്സരവും എഴുതിച്ചേർക്കുമായിരുന്നു.
അതേസമയം, ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പേരുകാരുമായി ഇംഗ്ലണ്ട് ബൂട്ടുകെട്ടുമ്പോൾ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാന് കാര്യങ്ങൾ എളുപ്പമാകില്ല. ഇന്ത്യൻ സമയം വൈകീട്ട് 6.30ന് മത്സരം ആരംഭിക്കും. 2018 റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ട്. 2020 യൂറോ കപ്പിലെ ഫൈനലും കളിച്ചു. യോഗ്യതാ മത്സരങ്ങളിൽ മികച്ച ഗോൾ ശരാശരിയിലാണ് ഇംഗ്ലണ്ടിന്റെ ഖത്തർ പ്രവേശം. 39 ഗോളുകളാണ് ഇംഗ്ലണ്ട് എതിർവലയിൽ എത്തിച്ചത്.
ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ഇംഗ്ലീഷ് പരിശീലകൻ സൗത്ത്ഗേറ്റ്. ഇറാനെ തോൽപിച്ച് മൂന്ന് പോയിന്റ് എളുപ്പത്തിൽ സ്വന്തമാക്കാമെന്ന് അവർ കരുതുന്നു. ഇംഗ്ലണ്ടിനെപ്പോലെ പേരും പെരുമയുമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇറാനും ഒരുങ്ങിത്തന്നെയാണ്. ഏത് വമ്പനെയും വീഴ്ത്താനും തളക്കാനുമുള്ള മരുന്നുകൾ അവരുടെ സംഘത്തിലുമുണ്ട്. യോഗ്യതാ മത്സരത്തിലെ പത്തിൽ എട്ടിലും ഇറാൻ വിജയിച്ചു. നാല് ഗോളുകൾ മാത്രമെ ഇറാൻ വഴങ്ങിയുള്ളൂ. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 20ാം സ്ഥാനത്താണ് ഇറാൻ.
പോർച്ചുഗീസുകാരൻ കാർലോസ് ക്വിറോസാണ് ഇറാനെ പരിശീലിപ്പിക്കുന്നത്. ലോകകപ്പിന് രണ്ട് മാസം മുമ്പാണ് ഡ്രാഗൺ സ്‌കോരിതിനെ മാറ്റി ക്വിറോസിനെ വീണ്ടും ചുമതല ഏൽപ്പിക്കുന്നത്. ആഫ്രിക്കൻ കപ്പിൽ ഈജിപ്തിനെ ഫൈനലിലെത്തിച്ച പെരുമായുമായാണ് ക്വിറോസിന്റെ മൂന്നാം വരവ്. മുഖ്യപരിശീലകൻ എന്ന നിലയിൽ ക്വിറോസിന്റെ തുടർച്ചയായ നാലാമത്തെ ലോകകപ്പാണിത്. അതേസയം തുണീഷ്യക്കെതിരായ സന്നാഹ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾകൾക്ക് തോറ്റ് നിൽക്കുകയാണ് ഇറാൻ. എന്നിരുന്നാലും ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ തങ്ങൾക്കാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ക്വിറോസും സംഘവും.
Adjust Story Font
16