Quantcast

മെക്‌സിക്കോക്കെതിരെ മെസി കളിക്കുമോ ? സ്‌കലോണി പറയുന്നതിങ്ങനെ

ടീമിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന വാർത്തയും കോച്ച് സ്‌കലോണി നിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    26 Nov 2022 1:03 PM GMT

മെക്‌സിക്കോക്കെതിരെ മെസി കളിക്കുമോ ? സ്‌കലോണി പറയുന്നതിങ്ങനെ
X

ദോഹ: മെക്‌സിക്കോക്കെതിരെ അർജന്റീനയുടെ സൂപ്പർതാരം മെസി കളിക്കുമോയെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കോച്ച് ലയണൽ സ്‌കലോണി. 'മെസിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും നിലവിലില്ല. മെക്‌സിക്കോക്കെതിരായ മത്സരത്തിൽ മെസിയുണ്ടാകും' സ്‌കലോണി പറഞ്ഞു. ടീമിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന വാർത്തയും കോച്ച് സ്‌കലോണി നിഷേധിച്ചു. മെസിക്ക് കാലിന് പരിക്കേറ്റിട്ടുണ്ടെന്നും മെക്‌സിക്കോക്കെതിരായ മത്സരം നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

താരതമ്യേനെ ദുർബലരായ സൗദി അറേബ്യയോടാണ് ആദ്യ മത്സരത്തിൽ തോറ്റതെങ്കിൽ കരുത്തരായ മെക്സിക്കോയെയാണ് ഇന്ന് നേരിടാനുള്ളത്. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 12.30നാണ് മത്സരം. ജയത്തിൽ കുറഞ്ഞതൊന്നും നീലപ്പട ലക്ഷ്യം വെക്കുന്നില്ല.

ജയിച്ചാൽ പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താം. തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ ഏറ്റവും ഒടുവിലാണ് അർജന്റീനയുള്ളത്.

ആരാധകരെ മാത്രമല്ല, ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിപ്പിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച സൗദി അറേബ്യ നിലവിൽ ലോകത്തെ ഏറ്റവും കരുത്തരടങ്ങുന്ന അർജന്റീന സംഘത്തെ തോൽപിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദി വിജയം. സാലിഹ് അൽഷഹരിയുടെയും സാലിം അദ്ദൗസരിയുടെയും മികച്ച ഗോളുകളും ഗോൾകീപ്പർ മുഹമ്മദ് ഉവൈസിന്റെ ഹീറോയിസവുമാണ് സൗദിയെ വിജയത്തിലേക്ക് നയിച്ചതെങ്കിൽ, പെനാൽറ്റിയിലൂടെ മെസ്സി നേടിയ ഗോൾ മാത്രമായിരുന്നു അർജന്റീനയ്ക്ക് ആശ്വസിക്കാൻ ബാക്കിയാക്കിയത്.

സൗദിയോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവി അടഞ്ഞ അധ്യായമാണെന്നും മെക്സിക്കോക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മുന്നേറ്റ നിരക്കാരൻ ലൗത്താരോ മാർട്ടിനസ് ദോഹയിൽ പറഞ്ഞത്. സമ്മർദമില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീമെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു.

TAGS :

Next Story