ഇന്ന് ജയിച്ചാൽ പ്ലേഓഫ് സെറ്റ്; ആത്മവിശ്വാസത്തോടെ കൊമ്പന്മാർ
ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ബംഗളൂരു എഫ്.സിക്കെതിരെയാണ് മത്സരം
ബംഗളൂരു: തുടരെ തോൽവികൾക്കുശേഷം വിജയവഴിയിൽ തിരിച്ചെത്തിയ ആശ്വാസത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും ഇറങ്ങുന്നു. ബംഗളൂരു എഫ്.സിയാണ് എതിരാളികൾ. ഇന്ന് ജയിച്ചാൽ മഞ്ഞപ്പടയ്ക്ക് പ്ലേഓഫ് ഉറപ്പിക്കാം. ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
സെമി ഉറപ്പിച്ച മുംബൈ സിറ്റിക്കും ഹൈദരാബാദിനും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ്. 17 കളികളിൽനിന്ന് 31 പോയിന്റുണ്ട് ടീമിന്. തുല്യ മത്സരങ്ങളിൽനിന്ന് 28 പോയിന്റുള്ള എ.ടി.കെ മോഹൻ ബഗാനും 27 പോയിന്റുള്ള ഗോവയും ഒഡീഷയുമാണ് അടുത്ത സ്ഥാനങ്ങളിൽ. ഇന്നത്തെ എതിരാളികളായ ബംഗളൂരു എഫ്.സി 17 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
കൊച്ചിയിലെ സ്വന്തം ഗ്രൗണ്ടിൽ ചെന്നൈയിൻ എഫ്.സിക്കെതിരായ വിജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചിരിക്കുകയാണ് കൊമ്പന്മാർ. അവസാനമായി കളിച്ച നാലിൽ മൂന്നും തോറ്റായിരുന്നു ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. എന്നാൽ, അഡ്രിയാൻ ലൂണയുടെയും രാഹുൽ കെ.പിയുടെയും ഗോളുകളുടെ കരുത്തിൽ കേരളം വിജയവഴിയിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിലാണ് ആരാധകർ.
Summary: ISL 2022-23: Kerala Blasters FC vs Bengaluru FC preview
Adjust Story Font
16