വിജയതുടർച്ചക്കായി ബ്ലാസ്‌റ്റേഴ്‌സ്; മോഹൻ ബഗാനെ കീഴടക്കിയാൽ ഒന്നാമതെത്താം
11 കളിയിൽ ഏഴ് ജയവുമായി 23 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതാണ്.
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടം. സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി മോഹൻബഗാനെ നേരിടും. രാത്രി എട്ട് മണിക്കാണ് ആവേശപോരാട്ടം. വിജയിച്ചാൽ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാംസ്ഥാനത്തേക്ക് ഉയരാനാകും.
കഴിഞ്ഞ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട എവേ മാച്ചിനിറങ്ങുന്നത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. വംഗനാട്ടിലും ഇതേ പ്രകടനം ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുംബൈക്കെതിരെ ദിമിത്രിയോസ് ഡയമന്റകോസും ക്വമി പെപ്രയുമാണ് ഗോൾസ്‌കോർ ചെയ്തത്. മുഹമ്മദ് അയ്മൻ, കെ.പി രാഹുൽ, ഡാനിഷ് ഫാറുഖ് എന്നിവരടങ്ങിയ മധ്യനിര സുശക്തമാണ്.
പ്രതിരോധത്തിൽ പ്രീതം കോട്ടാലും മിലോസ് ഡ്രിൻസിച്ചും മാർക്കോ ലെസ്‌കോവിച്ചും അടങ്ങുന്ന പ്രതിരോധവും മികച്ചുനിൽക്കുന്നു. അതേസമയം, കഴിഞ്ഞ മാച്ചിൽ ഗോവയോട് തോറ്റ ബംഗാൾ ക്ലബിന് ലീഗിൽ തിരിച്ചുവരാൻ സ്വന്തംതട്ടകത്തിൽ വിജയിക്കണം. മുംബൈ സിറ്റിയോടും ടീം തോറ്റിരുന്നു. നിലവിൽ 11 കളിയിൽ ഏഴ് ജയവുമായി 23 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതാണ്. 9 മാച്ചിൽ ആറുജയംനേടിയ മോഹൻബഗാൻ 19 പോയന്റുമായി നാലാമതാണ്.
Adjust Story Font
16