ഡയമന്‍റക്കോസ്... ;ചാമ്പ്യന്മാരെ തകര്‍ത്ത് കൊമ്പന്മാര്‍
ബ്ലാസ്റ്റേഴ്സിന്‍റെ വിജയം എതിരില്ലാത്ത ഒരു ഗോളിന്
ഹൈദരാബാദ്: ഐ.എസ്.എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിന്‍റ തട്ടകമായ ഗച്ചിബൗലി സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. കേരളത്തിനായി ഒന്നാം പകുതിയില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് വലകുലുക്കിയത്.
മത്സരത്തില്‍ ഏറ്റവും കൂടുതൽ നേരം പന്ത് കൈവശം വച്ചത് ഹൈദരാബാദായിരുന്നെങ്കിലും ഒഗ്ബച്ചെയടക്കമുള്ള ഹൈദരാബാദിന്‍റെ പേരുകേട്ട മുന്നേറ്റ നിരക്ക് ഒരു തവണ പോലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടന്ന് വലകുലുക്കാനായില്ല. ഐ.എസ്.എല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ വിജയിക്കുന്നത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ നിന്നായി ബ്ലാസ്റ്റേഴ്സിന് 12 പോയിന്‍റാണുള്ളത്. തോറ്റെങ്കിലും 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഹൈദരാബാദ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
കളിയുടെ തുടക്കത്തിൽ തുടരെയുള്ള മുന്നേറ്റങ്ങളുമായി ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നിരന്തരമായി പരീക്ഷിക്കുന്ന കാഴ്ചയാണ് ഗച്ചിബൗലി സ്റ്റേഡിയത്തിൽ കണ്ടത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പതിയെ താളം വീണ്ടെടുത്തു.
കളിയുടെ 18ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ച അഡ്രിയാൻ ലൂണ നീട്ടി നൽകിയ പന്ത് ഹൈദരാബാദ് പ്രതിരോധത്തിൽ തട്ടി തിരിച്ചു വന്നത് പെനാൽട്ടി ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ദിമിത്രിയോസിന്റെ കാലിലേക്ക്. മനോഹരമായൊരു ഷോട്ടിലൂടെ ദിമിത്രിയോസ് വലകുലുക്കി. പിന്നീട് ഇരു പകുതികളിലുമായി ഗോൾ മടക്കാൻ ഹൈദരാബാദ് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഒരു കോട്ട കണക്കിന് ഉറച്ച് നിന്നു. മത്സരത്തില്‍ 68 ശതമാനവും പന്ത് കൈവശം വച്ചത് ഹൈദരാബാദായിരുന്നു.
Adjust Story Font
16