Quantcast

സൂപ്പർ സഹൽ...; ഐ.എസ്.എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗംഭീര തിരിച്ചു വരവ്

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത്

MediaOne Logo

Web Desk

  • Updated:

    2022-11-05 19:06:53.0

Published:

5 Nov 2022 4:17 PM GMT

സൂപ്പർ സഹൽ...;  ഐ.എസ്.എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗംഭീര തിരിച്ചു വരവ്
X

ഗുവാഹത്തി: പകരക്കാരനായിറങ്ങിയ, മലയാളികളുടെ സ്വന്തം സഹല്‍ അബ്ദുസ്സമദിന്‍റെ ഇരട്ട ഗോളുകളുടെ മികവില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തത്. ഐ.എസ്.എല്ലിൽ തുടർ പരാജയങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിന്‍റെ തകര്‍പ്പന്‍ തിരിച്ചു വരവാണ് ഗുവാഹത്തിയില്‍ ആരാധകര്‍ കണ്ടത്. ബ്ലാസ്‌റ്റേഴ്‌സിനായി സഹലും ദിമിത്രിയോസുമാണ് വലകുലുക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. കളിയുടെ ഒന്നാം പകുതിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളം നിറഞ്ഞു കളിച്ചപ്പോള്‍ രണ്ടാം പകുതി ബ്ലാസ്റ്റേഴ്സിന് സ്വന്തമായിരുന്നു. കളിയുടെ 56ാം മിനിറ്റിൽ ദിമിത്രിയോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യം വലകുലുക്കിയത്. വലതു വിങ്ങില്‍ നിന്ന് സൗരവ് മണ്ഡല്‍ നീട്ടി നല്‍കിയ പന്തിനെ പ്രതിരോധിക്കുന്നതില്‍ നോര്‍ത്ത് ഈസ്റ്റ് ഡിഫെന്‍ഡര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ദിമിത്രിയോസ് ്അനായാസം വലകുലുക്കി.

ഒന്നാം ഗോൾ വീണ് പത്ത് മിനിറ്റുകൾക്കകം സൗരവിന് പകരക്കാനായി കോച്ച് ഇവാന്‍ വുകുമാനോവിച്ച് സഹൽ അബ്ദുസമദിനെ കളത്തിലിറക്കി. പിന്നീട് മൈതാനത്ത് സഹലിന്റെ തേരോട്ടമാണ് ആരാധകർ കണ്ടത്. 85ാം മിനിറ്റിൽ മൈതാനത്തിന്റെ വലതു വിങ്ങിലൂടെ കുതിച്ചു പാഞ്ഞ രാഹുൽ നീട്ടി നൽകിയ പന്തിനെ മനോഹരമായൊരു ഫിനിഷിങ്ങിലൂടെ സഹല്‍ വലയിലെത്തിച്ചു. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വീണ്ടും സഹൽ മാജിക്. ഇക്കുറിയും രാഹുലിന്റെ നീക്കമാണ് ഗോളിലേക്ക് വഴിതുറന്നത്.

ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന് ശേഷം തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്സിന്‍റെ ഗംഭീര തിരിച്ചു വരവാണിത്. മോഹന്‍ ബഗാനെതിരെയും ഒഡീഷക്കെതിരെയും മുംബൈക്കെതിരെയും വഴങ്ങിയ തോല്‍വികള്‍ ആരാധകരെ വലിയ നിരാശയിലേക്ക് തള്ളിയിട്ടിരുന്നു.

TAGS :

Next Story