Quantcast

പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് വിജയം; ഐ.എസ്.എല്‍ സെമിയില്‍ എ.ടി.കെയെ തകര്‍ത്തുവിട്ട് ഹൈദരാബാദ്

ആദ്യ പകുതിയില്‍ (1-1) എന്ന സ്കോറില്‍ തുല്യത പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഹൈദരാബാദിന്‍റെ സര്‍വാധിപത്യമാണ് കണ്ടത്.

MediaOne Logo

Web Desk

  • Updated:

    2022-03-12 16:10:12.0

Published:

12 March 2022 4:02 PM GMT

പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് വിജയം; ഐ.എസ്.എല്‍ സെമിയില്‍ എ.ടി.കെയെ തകര്‍ത്തുവിട്ട് ഹൈദരാബാദ്
X

ഐ.എസ്.എല്ലിലെ തങ്ങളുടെ ആദ്യ സെമിപ്രവേശം ആഘോഷമാക്കി ഹൈദരാബാദ്. ഐ.എസ്.എൽ രണ്ടാം സെമിഫൈനലിന്‍റെ ആദ്യ പാദത്തിൽ എ.ടി.കെ മോഹന്‍ ബഗാനെതിരെ ഹൈദരാബാദ് തകര്‍ത്തുവിടുകയായിരുന്നു. മോഹൻ ബഗാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയില്‍ (1-1) എന്ന സ്കോറില്‍ തുല്യത പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഹൈദരാബാദിന്‍റെ സര്‍വാധിപത്യമാണ് കണ്ടത്. ആദ്യ പകുതിയുടെ 18 ആം മിനുട്ടില്‍ റോയ് കൃഷ്ണയിലൂടെ എ.ടി.കെയാണ് ആദ്യം സ്കോര്‍ ചെയ്തത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമില്‍ സൂപ്പര്‍ താരം ഒഗ്ബെച്ചെയിലൂടെ ഹൈദരാബാദ് സമനില പിടിക്കുകയായിരുന്നു. ഇന്നത്തെ ഗോളോടുകൂടി ഒഗ്ബെച്ചെ ഐ.എസ്.എല്‍ ടോപ്സ്കോറർമാരുടെ പട്ടികയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായി. 18 ഗോളുകളാണ് ഒഗ്ബെച്ചെ ഈ സീസണില്‍ സ്കോര്‍ ചെയ്തത്. അസുഖം മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒഗ്ബെച്ചെ പുറത്തിരിക്കുകയായിരുന്നു.

പിന്നീട് രണ്ടാം പകുതിയില്‍ മുഹമ്മദ് യാസിറിലൂടെ ഹൈദരാബാദ് ലീഡെടുത്തു. 58ആം മിനുട്ടിലായിരുന്നു യാസിറിന്‍റെ ഗോള്‍. തിരിച്ചടിയുടെ ഞെട്ടല്‍ മാറി സമനില ഗോളിനായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എ.ടി.കെക്ക് വീണ്ടും പ്രഹരമേറ്റു. 64ആം മിനുട്ടില്‍ സിവേരിയോയുടെ ബൂട്ടില്‍ നിന്നായിരുന്നു ആ വെടി പൊട്ടിയത്. ഇതോടെ രണ്ട് ഗോള്‍ ലീഡിലെത്തിയ ഹൈദരാബാദ് കളിയുടെ നിയന്ത്രണം സ്വന്തമാക്കി. തിരിച്ചടിക്കാന്‍ എ.ടി.കെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. മാര്‍ച്ച് 16 നാണ് രണ്ടാം പാദ സെമി. രണ്ട് ഗോള്‍ ലീഡില്‍ വിജയിച്ച ഹൈദരാബാദിനെ മറികടന്ന് ഫൈനലിലെത്തണമെങ്കില്‍ എ.ടി.കെക്ക് രണ്ടാം പാദത്തില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാംസ്ഥാനക്കാരായാണ് ഹൈദരാബാദാണ് ഐ.എസ്.എല്‍ സെമിയിലേക്കുള്ള ടിക്കറ്റെടുത്തത്. 20 മല്‍സരങ്ങളില്‍ 11 ജയവും അഞ്ചു സമനിലയും നാലു തോല്‍വിയുമടക്കം 38 പോയിന്‍റായിരുന്നു ഹൈദരാബാദിന്‍റെ നേട്ടം. അതേസമയം 20 മല്‍സരങ്ങളില്‍ നിന്നും 10 ജയവും ഏഴു സമനിലയും മൂന്നു തോല്‍വിയുമടക്കം 37 പോയിന്‍റോടെ മൂന്നാംസ്ഥാനക്കാരായാണ് എ.ടി.കെ സെമിയിലെത്തിയത്.

ഹൈദരാബാദിന്‍റെ കന്നി സെമിപ്രവേശനമാണിത്. എ.ടി.കെ ആകട്ടെ രണ്ടു തവണ ചാമ്പ്യന്മാരും രണ്ടു തവണ റണ്ണേഴ്സപ്പുമായ ടീമാണ്. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ഹൈദരാബാദ് അവസാനഘട്ടത്തിൽ ജംഷഡ്പൂരിനു പിന്നിലായിപ്പോകുകയായിരുന്നു. തുടക്കത്തിൽ പതറിയ എ.ടി.കെ ആകട്ടെ കോച്ച് യുവാൻ ഫെറാൻഡോ എത്തിയശേഷമാണ് ട്രാക്കിലെത്തിയത്. 15 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച എ.ടി.കെ ഒടുവിൽ അവസാന ലീഗ് മത്സരത്തിൽ ജംഷഡ്പുരിനു മുന്നില്‍ വീഴുകയായിരുന്നു.


TAGS :

Next Story