'ഞങ്ങൾക്ക് ഓരോ മത്സരവും ജീവന്മരണ പോരാട്ടം': നയം വ്യക്തമാക്കി വുകോമനോവിച്ച്
ഈ കണക്കിലൊന്നും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു റാങ്കിങ്ങിൽ ഒന്നാമത് എത്തിയതിനെക്കുറിച്ച് വുകോമനോവിച്ച് പറഞ്ഞത്. "ഇനിയും പത്തു മത്സരങ്ങൾ ഞങ്ങൾക്ക് മുന്നിലുണ്ട് എന്നതാണ് വസ്തുത.
ഹൈദരാബാദ് എഫ്.സിയെ തോൽപിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. സമനില മത്സരങ്ങൾക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ജയമാണിത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്തുന്നതും. എന്നാല്‍ ഓരോ മത്സരവും വിലപ്പെട്ടതാണെന്ന് പറയുകയാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്.
ഈ കണക്കിലൊന്നും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു റാങ്കിങ്ങിൽ ഒന്നാമത് എത്തിയതിനെക്കുറിച്ച് വുകോമിനോവിച്ച് പറഞ്ഞത്. "ഇനിയും പത്തു മത്സരങ്ങൾ ഞങ്ങൾക്ക് മുന്നിലുണ്ട് എന്നതാണ് വസ്തുത. അതിനർത്ഥം ഇനിയും മുപ്പതു പോയിന്റുകൾക്കായി ഞങ്ങൾ പോരാടേണ്ടതുണ്ട്. ഞങ്ങൾക്ക് ഓരോ മത്സരവും ഫൈനലാണ്. ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ്. ഞങ്ങൾ അങ്ങനെ തുടരേണ്ടതുണ്ട്. അത്തരത്തിൽ പോയിന്റുകൾ നേടിയാൽ മാത്രമേ ഞങ്ങൾക്ക് ലീഗിൽ മുൻനിരയിൽ തുടരാനാകു'' - വുകോമനോവിച്ച് പറഞ്ഞു.
''ലീഗിന്റെ രണ്ടാം പകുതിയിൽ ഞങ്ങൾ നന്നായി പരിശ്രമിക്കും. അത് ഞങ്ങൾക്ക് കൂടുതൽ കഠിനമായിരിക്കും. കാരണം മറ്റുള്ള ടീമുകൾ നന്നായി ഓർഗനൈസ്ഡ് ആയി ഇറങ്ങും. ഇന്ന് ഈ മൂന്നു പോയിന്റിൽ ഞാൻ സന്തുഷ്ട്ടനാണ്. എന്റെ കുട്ടികളുടെ പ്രകടനത്തിൽ സംതൃപ്തനാണ്. ആരാധകരും ഇന്നത്തെ കളിയിൽ സന്തുഷ്ടരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ കളി ആസ്വദിച്ചു കാണുമെന്നു വിശ്വസിക്കുന്നു''- വുകോമനോവിച്ച് വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്സിന്റെ പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളും പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 16 പോയിന്റുാമയി ഹൈദരാബാദ് എഫ്.സിയാണ് മൂന്നാം സ്ഥാനത്ത്. അത്രയും പോയിന്റുമായി ജംഷ്ഡ്പൂർ എഫ്.സി നാലാം സ്ഥാനത്തും. അതേസമയം ഇന്നത്തെ ബംഗളൂരു-മുംബൈ സിറ്റി എഫ്.സി മത്സരത്തിൽ മുംബൈ ജയിക്കുകയോ സമനിലയാകുകയോ ചെയ്താൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങും.
Adjust Story Font
16