ജോർദൻ മറെ ചെന്നൈയിനിലൂടെ വീണ്ടും ഐഎസ്എല്ലിൽ; നോർത്ത് ഈസ്റ്റിന് ബ്രസീൽ താരം, പുതിയ മാറ്റങ്ങൾ...
ഹൈദരാബാദ് എഫ്‌സി തങ്ങളുടെ പരിശീലകരെയെല്ലാം മാറ്റി
ഐഎസ്എല്ലിലെ പുതിയ സീസണിൽ മാറ്റങ്ങളുമായി ടീമുകൾ. കേരള ബ്ലാസ്‌റ്റേഴ്‌സിനും ജംഷഡ്പൂർ എഫ്‌സിക്കും വേണ്ടി കളിച്ച ആസ്‌ത്രേലിയൻ ഫോർവേഡ് ജോർദൻ മറെ ചെന്നൈയിൻ എഫ്‌സിയുമായി കരാറൊപ്പിട്ടു. കായിക മാധ്യമപ്രവർത്തകനായ മാർകസ് മെർഗുൽഹാവോയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കഴിഞ്ഞ സീസണിൽ നിറംമങ്ങിയ പ്രകടനം കാഴ്ചവെച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്രസീലിയൻ സ്‌ട്രൈക്കർ ഇബ്‌സൺ മെലോയെ ടീമിലെത്തിച്ചു. ചെന്നൈയുടെയും നോർത്ത് ഈസ്റ്റിന്റെയും സീസണിലെ ആദ്യ വിദേശ സൈനിംഗാണിത്. സ്വാറ്റ് ക്യാറ്റിൽ നിന്നാണ് 27കാരനായ മറെ ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുന്നത്. രണ്ട് കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. രണ്ടു വർഷത്തെ കരാറിലാണ് മറെയെ ചെന്നൈയിൻ ടീമിലെത്തിക്കുന്നത്.
അതേസമയം, ഹൈദരാബാദ് എഫ്‌സി തങ്ങളുടെ പരിശീലകരെയെല്ലാം മാറ്റി. താങ്‌ബോയ് സിങ്‌ടോയാണ് പുതിയ കോച്ച്. കോനോർ നെസ്റ്റർ ഫസ്റ്റ് ടീം കോച്ചും ഷമീൽ ചെമ്പകത്ത് അസിസ്റ്റന്റ് കോച്ചുമാണ്.
അതേസമയം, അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഇക്കർ ഗുരോത്ക്സേന എഫ്‌സി ഗോവ വിട്ടു. എന്നാൽ സ്പാനിഷ് സ്‌ട്രൈക്കറായ കാർലോസ് മാർട്ടിനെസിനെ ഗോവ ടീമിലെത്തിച്ചു. 18 വർഷത്തിനിടെ 13 ക്ലബുകളിൽ കളിച്ച പരിചയ സമ്പത്തുമായാണ് താരമെത്തുന്നത്. 357 മത്സരങ്ങളിൽ നിന്നായി 123 ഗോളുകളും എട്ട് അസിസ്റ്റും മാർട്ടിനെസിന്റെ പേരിലുണ്ട്. 80 ലക്ഷമാണ് 36കാരന്റെ മാർക്കറ്റ് വാല്യൂ. ആസ്‌ത്രേലിയൻ മിഡ്ഫീൽഡർ പൗളോ റെട്രേയേയും എഫ്‌സി ഗോവ ടീമിലെത്തിച്ചു.
2021 ജൂണിലാണ് മറെ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. ഐഎസ്എൽ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ എല്ലാ വിദേശ കളിക്കാരും ഇതേ സമയത്ത് ക്ലബ് വിട്ടിരുന്നു. വിസന്റെ ഗോമസ്, ഗാരി ഹൂപ്പർ, ഫാക്കുണ്ടോ പെരേര, ജോർദൻ മറെ, ബക്കാരി കോനെ, കോസ്റ്റ നമോയൻസു എന്നിവരുമായുള്ള കരാറാണ് ക്ലബ് അവസാനിപ്പിച്ചിരുന്നത്. പുതിയ കോച്ചായി ഇവാൻ വുകോമനോവിച്ച് സ്ഥാനമേറ്റതിന് ദിവസങ്ങൾക്ക് പിന്നാലെയായിരുന്നു ക്ലബിന്റെ തീരുമാനം.
ഓസീസ് താരം ജോർദൻ മറെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 2020-21 സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരൻ താരമായിരുന്നു. മറെ പിന്നീട് 2021-22 സീസണിൽ ജംഷഡ്പൂരിനായി കളിക്കുകയായിരുന്നു. ഐഎസ്എല്ലിൽ ആകെ 36 മത്സരങ്ങൾ കളിച്ച താരം 11 ഗോളുകൾ നേടിയിട്ടുണ്ട്. ഒരു അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.
Jordan Murray returns to ISL with Chennaiyin FC; North East United FC's Brazil star, new changes...
Adjust Story Font
16