പിക്ഫോർഡ് ബോട്ടിലെടുക്കും; എതിർ ടീം വെള്ളംകുടിക്കും
ലണ്ടൻ: അങ്ങനെ മാഞ്ചസ്റ്റർ സിറ്റി ഒരു ജയത്തിനായി ആറ്റുനോറ്റിരിക്കവേയാണ് എവർട്ടണെതിരായ മത്സരത്തിൽ അവർക്കൊരു പെനൽറ്റി വീണുകിട്ടുന്നത്. കിക്കെടുക്കാനെത്തിയത് സൂപ്പർതാരം എർലിങ് ഹാളണ്ട്. പക്ഷേ ഇടതുമൂല ലക്ഷ്യമാക്കിയുള്ള ഹാളണ്ടിന്റെ കിക്ക് എവർട്ടൺ ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡ് തടുത്തിട്ടു. മത്സരം 1-1ന് സമനിലയിലും അവസാനിച്ചു.
പക്ഷേ പെനൽറ്റി തടുത്തിടാൻ വേണ്ടി പിക്ക്ഫോർഡ് ചെയ്ത ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹാളണ്ടിന്റെ മനസാന്നിധ്യം നശിപ്പിക്കാനായി പിക്ഫോർഡ് ചെയ്ത കോപ്രായങ്ങളാണ് ഇതിൽ പ്രധാനം. പിക്ഫോർഡിന്റെ പലരൂപത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പറക്കുന്നുണ്ട്.
വീണ്ടും ചർച്ചയായ മറ്റൊന്ന് പിക്ഫോർഡിന്റെ വാട്ടർബോട്ടിലാണ്. വെള്ളം കുടിക്കുന്നതിനേക്കാൾ ആ ബോട്ടിൽ പിക്ഫോർഡ് ഉപയോഗപ്പെടുത്തുന്നത് മറ്റുചില കാര്യങ്ങൾക്കാണ്. സിറ്റിയുടെ ഓരോ താരവും ഏത് കാലുകൊണ്ടാണ് കിക്കടിക്കുന്നതെന്നും പോസ്റ്റിന്റെ ഏതൊക്കെ ഭാഗത്തേക്ക് അടിക്കാനാണ് സാധ്യത എന്നൊക്കെ ആ ബോട്ടിലിൽ പ്രിന്റ് ചെയ്ത് ഒട്ടിച്ചിട്ടുണ്ട്.
എന്നാൽ പിക്ഫോർഡിന് ഇതൊരു പുതിയ സംഭവമല്ല. പോയ യൂറോകപ്പിലും പ്രീമിയർ ലീഗിലുമെല്ലാം ഇതേ തന്ത്രം അദ്ദേഹം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. അഥവാ പിക്ഫോർഡ് വാട്ടർ ബോട്ടിലെടുക്കുന്നു, എതിരാളികൾ വെള്ളം കുടിക്കുന്നു.
Adjust Story Font
16