ജൂഡ് ബെല്ലിങ്ഹാം: റയൽ സാമ്രാജ്യങ്ങൾക്കൊരു പുതിയ അധിപൻ
ഒരു റയൽ മാഡ്രിഡ് താരത്തിന് ഇതിനേക്കാൾ മനോഹരമായ ഒരു സീസൺ ഉണ്ടാകുമോ?. സാന്റിയാഗോ ബെർണബ്യൂവിലെത്തി ആദ്യ സീസണിൽ തന്നെ ബാഴ്സലോണക്കെതിരെ നേടിയത് മൂന്നുഗോൾ. അതിൽ രണ്ടെണ്ണവും നേടിയത് മത്സരത്തിന്റെ വിധി കുറിച്ച ഇഞ്ച്വറി ടൈമിൽ.
പോയവർഷം ഒക്ടോബറിൽ നടന്ന എൽക്ലാസികോ ലോകമെമ്പാടുമുള്ള റയൽ ആരാധകർക്ക് മറക്കാനാകാത്ത ദിനമായിരുന്നു. ഇൽകയ് ഗുൻഡോഗനിലൂടെ മുന്നിലെത്തിയ ബാഴ്സലോണക്കെതിരെ തിരിച്ചുവരാൻ റയൽ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുകയാണ്. പക്ഷേ ബാഴ്സയുടെ ഗോൾമുഖം പിളർക്കാനാകുന്നില്ല. മത്സരത്തിന്റെ 69 മിനുറ്റ് പിന്നിട്ടിരിക്കുന്നു. പെട്ടെന്നായിരുന്നു ബാഴ്സ വലയിലേക്ക് അപ്രതീക്ഷിതമായി ഒരു റോക്കറ്റ് വന്നു വീണത്.30 യാർഡ് അകലെ നിന്ന ബെല്ലിങ്ഹാമിന്റെ കാലിൽ നിന്നും പാഞ്ഞ വെടിയുണ്ട തുളച്ചുകയറുമ്പോൾ നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ ബാഴ്സ കീപ്പർ ടെർസ്റ്റേഗണായുള്ളൂ.
സാക്ഷാൽ റൊണാൾഡോക്ക് ശേഷം ഞങ്ങൾ നടത്തിയ ഏറ്റവും മികച്ച സൈനിങ് ഇതാണെന്ന് ഓരോ റയൽ ആരാധകനും ഉറപ്പിച്ച നേരം കൂടിയായിരുന്നു അത്. കളി തീരാൻ മിനുറ്റുകൾ മാത്രം ബാക്കി നിൽക്കേ മത്സരത്തിന്റെ വിധിനിർണയിച്ച രണ്ടാംഗോളുമെത്തി. മോഡ്രിഡിച്ചിന്റെ കാലുരുമ്മിയെത്തിയ പന്ത് അനായാസം ബെല്ലിങ്ഹാം വലയിലേക്ക് തിരിച്ചുവിട്ടു. ഒളിമ്പിക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ബാഴ്സ ആരാധകർക്ക് മുന്നിൽ നിവർന്ന് നിന്ന് കൈവിരിച്ച് യൂറോപ്പിലെ രാജാക്കൻമാരായ മഡ്രിഡിന്റെ സാമ്രാജ്യങ്ങൾക്ക് കാവലിരിക്കാൻ പുതിയൊരാളിതാ വന്നിരിക്കുന്നുവെന്ന് ലോകത്തോട് വിളംബരം ചെയ്തു.
റയലിലെത്തിയതിന് പിന്നാലെ തീപ്പൊരി പ്രകടനമായിരുന്നു താരം നടത്തിയത്. 15 മത്സരങ്ങളിൽ 14 ഗോളുകളുമായി സാക്ഷാൽ ക്രിസ്റ്റ്യാനോയുടെ റെക്കോർഡും മറികടന്നു. എന്നാൽ പോയ ഏതാനും മാസങ്ങളിലായി ഒരൽപ്പം ഗോൾ വരൾച്ചയുടെ കാലമായിരുന്നു. എങ്കിലും മത്സരങ്ങളിൽ നിർണായക നീക്കങ്ങൾ നടത്തിയും അസിസ്റ്റുകൾ തൊടുത്തും ബെല്ലിങ് ഹാം സാന്നിധ്യമറിയിച്ചുപോന്നു. പക്ഷേ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ സമനിലയുമായി ബാഴ്സ തലയുയർത്തി മടങ്ങുമെന്ന് തോന്നിച്ചിരിക്കേ ആ കാലുകൾ വീണ്ടും ശബദ്ിച്ചു. ഇക്കുറിയും ഗോൾ പിറന്നത് ഇഞ്ചുറി ടൈമിൽ തന്നെ. He arrived at the right time എന്നാണ് റയൽ കോച്ച് ആഞ്ചലോട്ടി പ്രതികരിച്ചത്.
ഡേവിഡ് ബെക്കാമും മൈക്കൽ ഓവനും പോലെ കുറച്ച് പേർ മാത്രമേ ഇംഗ്ലണ്ടിൽ നിന്നുമെത്തി റയലിനായി പന്തുതട്ടിയിട്ടുള്ളൂ. കളിക്കുന്നത് സ്പെയിലാണെങ്കിലും തങ്ങളുടെ ഓമപുത്രൻ ഇക്കുറി ഏറെക്കാലത്തിന് ശേഷം ബാലൻഡി ഓർ രാജ്യത്തെത്തിക്കുമെന്ന് കരുതുന്ന ഇംഗ്ലീഷുകാർ ഏറെയാണ്. ഇംഗ്ലീഷ് മാധ്യമങ്ങളും സമാന വാദം ഉയർത്തുന്നു. 2001ൽ മൈക്കൽ ഓവൻ ബാലൻ ഡി ഓർ നേടിയ ശേഷം മറ്റൊരു ഇംഗ്ലീഷുകാരനും ഫുട്ബോളിന്റെ പറുദീസയിലേറാനായിട്ടില്ല. ലാലിഗയിൽ 25 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിൽ നാലുഗോളുകളും നേടിയിട്ടുണ്ട്. മെസ്യൂദ് ഓസിലിനെപ്പോലുള്ള താരങ്ങളും പ്രമുഖ ഫുട്ബോൾ വെബ്സൈറ്റുകളും ബാലൻഡി ഓർ സാധ്യത പട്ടികയിൽ ബെല്ലിങാമിനെ മുന്നിൽ നിർത്തുന്നു. മോശം ഫോമോടെ എർലിങ് ഹാളണ്ട് സാധ്യതകളിൽ പിന്നിൽ പോയതോടെ കിലിയൻ എംബാപ്പേയും ഹാരി കെയ്നുമാണ് ബെല്ലിങ്ഹാമിന് വെല്ലുവിളി ഉയർത്തുന്നത്. മുതിർന്ന ഫുട്ബോൾ ജേണലിസ്റ്റായ ആൽഫ്രഡോ റൊലേനോ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡി സ്റ്റൈഫാനെയുടെ പേരിനൊപ്പമാണ് താരത്തെ ചേർത്തുവെക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ സ്പാനിഷ് ജേണലിസ്റ്റ് ഗ്വല്ലം ബലാഗ് വർത്തമാന ഫുട്ബോളിലെ ഏറ്റവും താരമാണ് ബെല്ലിങ്ഹാമെന്ന് അർധശങ്കക്കിടയില്ലാതെ പറയുന്നു. തന്റെ അതേ അഞ്ചാം നമ്പർ ജഴ്സിയണിച്ച് റയലിനായി പന്തുതട്ടുന്ന ബെല്ലിങ്ഹാമിന്റെ വലിയ ആരാധകനാണ് താനെന്നാണ് സാക്ഷാൽ സിനദിൻ സിദാൻ പറഞ്ഞത്.
Adjust Story Font
16