Quantcast

കോപ ഇറ്റാലിയ യുവന്റസിന്; ക്രിസ്റ്റിയാനോക്ക് മിന്നും നേട്ടം

കലാശപ്പോരിൽ ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും യൂറോപ്പിലെ മൂന്ന് മേജർ ലീഗുകളിലെ പ്രധാന കിരീടങ്ങളെല്ലാം നേടുന്ന കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ.

MediaOne Logo

André

  • Published:

    20 May 2021 6:27 AM GMT

അറ്റലാന്റയെ 2-1 ന് തകർത്ത് യുവന്റസിന് കോപ ഇറ്റാലിയ കിരീടം. ഒരു വർഷത്തിനു ശേഷം ഇതാദ്യമായി കാണികൾ സ്റ്റേഡിയത്തിലെയ മത്സരത്തിൽ ജയിച്ചാണ് യുവെ ട്രോഫിയുയർത്തിയത്. കോച്ച് ആന്ദ്രെ പിർലെക്കു കീഴിൽ മുൻ ഇറ്റാലിയൻ ചാമ്പ്യന്മാരുടെ രണ്ടാം കിരീടമാണിത്. വെറ്ററൻ ഗോൾകീപ്പർ ഗ്യാൻലുജി ബുഫണിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്.

മത്സരത്തിന്റെ തുടക്കത്തിൽ അറ്റലാന്റ യുവന്റസിന്റെ ഗോൾമുഖം വിറപ്പിച്ചെങ്കിലും 31-ാം മിനുട്ടിൽ ദെയാൻ കുലുസേവ്‌സ്‌കിയിലൂടെ യുവന്റസ് ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ പത്ത് മിനുട്ടിനു ശേഷം റുസ്ലാൻ മലിനോവ്‌സ്‌കി യുവെയെ ഒപ്പമെത്തിച്ചു. 59-ാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബോക്‌സിൽ നിന്നു നൽകിയ ബാക്ക് ഹീൽ പാസിൽ നിന്ന് ഗോൾ നേടാൻ ഫെഡറിക്കോ കീസക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഇറ്റാലിയൻ താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. 73-ാം മിനുട്ടിൽ വിജയഗോൾ നേടി കീസ ഈ പിഴവിന് പ്രായശ്ചിത്തം ചെയ്തു.

ഈ സീസണിൽ ലാലിഗ കിരീടം നിലനിർത്താനാവില്ലെന്നുറപ്പായ യുവന്റസിന് ആശ്വാസമാണ് 2018-നു ശേഷം ഇതാദ്യമായി നേടുന്ന കോപ ഇറ്റാലിയ കിരീടം. കഴിഞ്ഞ വർഷം ഫൈനലിലെത്തിയിരുന്നെങ്കിലും നാപോളിയോട് തോൽക്കുകയായിരുന്നു.

കലാശപ്പോരിൽ ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും യൂറോപ്പിലെ മൂന്ന് മേജർ ലീഗുകളിലെ (ഇംഗ്ലണ്ട്, സ്‌പെയിൻ, ഇറ്റലി) പ്രധാന കിരീടങ്ങളെല്ലാം നേടുന്ന കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, സ്പാനിഷ് ലീഗ്, കിങ്‌സ് കപ്പ് (കോപ ദെൽ റേ), സ്പാനിഷ് സൂപ്പർ കപ്പ്, സീരി എ, ഇറ്റാലിയൻ സൂപ്പർ കപ്പ്, ഇറ്റാലിയൻ കപ്പ് (കോപ ഇറ്റാലിയ) എന്നിവയാണ് പോർച്ചുഗീസ് താരത്തിന്റെ ക്രെഡിറ്റിലുള്ള ആഭ്യന്തര കിരീടങ്ങൾ. ഇതിനു പുറമെ യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ്, യൂറോപ്യൻ നാഷൻസ് ലീഗ് കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവയും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.

TAGS :

Next Story