Quantcast

ക്രിസ്റ്റ്യാനോ ആണവായുധം, യുവന്റസിന് ഉപയോഗിക്കാനറിയില്ല; വിമർശനവുമായി മൊറീഞ്ഞോ

യുവന്റസിനായി ഇതുവരെ 133 കളികളിൽ ബൂട്ടണിഞ്ഞ താരം 101 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്.

MediaOne Logo

Sports Desk

  • Published:

    21 Aug 2021 2:42 AM GMT

ക്രിസ്റ്റ്യാനോ ആണവായുധം, യുവന്റസിന് ഉപയോഗിക്കാനറിയില്ല; വിമർശനവുമായി മൊറീഞ്ഞോ
X

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ ആണവായുധത്തോട് ഉപമിച്ച് എഎസ് റോമ മാനേജർ ജോസ് മൊറീഞ്ഞോ. കൈയിലിരിക്കുന്ന ആയുധത്തെ യുവന്റസിന് ഉപയോഗിക്കാൻ അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഒരാണവായുധത്തെയാണ് യുവന്റസ് വാങ്ങിയിട്ടുള്ളത്. അത് എങ്ങനെ ഉപയോഗിക്കണം എന്ന് അവർക്കറിയില്ല' -എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. റയൽ മാഡ്രിഡിൽ മൂന്ന് സീസൺ മൊറീഞ്ഞോക്ക് കീഴിൽ കളിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ. റൊണാൾഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മൊറീഞ്ഞോയുടെ പ്രതികരണം.

നേരത്തെ, ക്രിസ്റ്റ്യാനോ ഇറ്റലി വിടുന്നതാണ് നല്ലതെന്ന് മൊറീഞ്ഞോ ടാക്‌സ്‌പോട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'അവൻ ഇതിഹാസമാണ്. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ വലിയ പേരുകളിലൊന്ന്. അവൻ സ്വയം പ്രചോദിതനാണ്. ഗോൾഡൻ ബോളുകളും ബൂട്ടുകളും ഇനിയും അദ്ദേഹം ആഗ്രഹിക്കുന്നു. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ അടിച്ച താരമാകാനും കൊതിക്കുന്നു' - മൊറീഞ്ഞോ കൂട്ടിച്ചേർത്തു.

യുവന്റസിനായി ഇതുവരെ 133 കളികളിൽ ബൂട്ടണിഞ്ഞ താരം 101 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. 20 അസിസ്റ്റുമുണ്ട്. ക്ലബിനായി അഞ്ചു കിരീടങ്ങളും കരസ്ഥമാക്കി.

മാധ്യമങ്ങൾക്കെതിരെ ക്രിസ്റ്റ്യാനോ

താൻ യുവന്റസ് വിടുമെന്ന മാധ്യമ വാർത്തകൾക്കെതിരെ ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വ്യക്തി എന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും മാധ്യമങ്ങളിൽ നിന്ന് താൻ അപമാനം നേരിടുകയാണെന്നും, സത്യം മനസ്സിലാക്കാൻ പോലും ആരും മെനക്കെടുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

'എന്നെ അറിയുന്നവർക്കെല്ലാം ബോധ്യമുള്ള കാര്യമാണ് ജോലിയുടെ കാര്യത്തിൽ ഞാൻ എത്രമാത്രം ശ്രദ്ധാലുവാണെന്ന്. കുറച്ചു സംസാരിക്കുക, കൂടുതൽ പ്രവർത്തിക്കുക - കരിയറിന്റെ തുടക്കം മുതൽക്കേ എന്റെ നയം അതാണ്. പക്ഷേ, ഈയടുത്ത കാലത്ത് പറയപ്പെട്ടതും എഴുതപ്പെട്ടതുമായ ചില കാര്യങ്ങൾ സംബന്ധിച്ച് എനിക്ക് എന്റെ ഭാഗം പറയേണ്ടതുണ്ട്. എന്റെ ഭാവി സംബന്ധിച്ചുള്ള ബാലിശമായ മീഡിയ കവറേജ്, ഒരു മനുഷ്യനെന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും എന്നോടുള്ള അപമര്യാദ മാത്രമല്ല. ഈ വാർത്തകളിൽ പറയപ്പെടുന്ന ക്ലബ്ബുകൾക്കും അവരുടെ കളിക്കാർക്കും സ്റ്റാഫിനും നേരെയുള്ള അപമര്യാദയാണ്.'- അദ്ദേഹം കുറിച്ചു.

'വ്യത്യസ്ത ലീഗുകളിലുള്ള ക്ലബ്ബുകളുമായി എന്റെ പേര് ചേർത്തുകൊണ്ടുള്ള കഥകൾ തുടർച്ചയായി വന്നു. യഥാർത്ഥ സത്യം എന്താണെന്ന് അറിയാനുള്ള ശ്രമം പോലും ആർക്കുമുണ്ടായില്ല. എന്റെ പേരു വെച്ച് കളിക്കാൻ ആളുകളെ അനുവദിക്കാനാവില്ലെന്നു പ്രഖ്യാപിക്കാനാണ് ഞാനീ മൗനം ഭേദിക്കുന്നത്. ഞാൻ എന്റെ കരിയറിലും ജോലിയിലുമാണ് ശ്രദ്ധിക്കുന്നത്. നേരിടാനുള്ള എല്ലാ വെല്ലുവിളികൾക്കും വേണ്ടിയുള്ള തയാറെടുപ്പ് നടത്തുകയാണ്. അപ്പോൾ മറ്റു കാര്യങ്ങളോ? മറ്റു കാര്യങ്ങളെല്ലാം വെറും സംസാരം മാത്രമാണ്.'- ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.

TAGS :

Next Story