Quantcast

'ഖുർആൻ പാരായണം കേട്ട് ഞാൻ കുഞ്ഞിനെപ്പോലെ കരഞ്ഞു'; മതംമാറ്റം പരസ്യമാക്കി ബെൻസേമയുടെ പങ്കാളി

ഇസ്‌ലാമിനെക്കുറിച്ച് ഒരുപാട് ഗവേഷണം നടത്തിയ ശേഷമാണ് മതംമാറാനുള്ള തീരുമാനമെന്ന് ജോർദൻ. റമദാനിൽ ഖുർആൻ പാരായണം ചെയ്ത് കരയാറുണ്ടെന്നും അവർ വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2023-07-01 15:35:43.0

Published:

1 July 2023 11:08 AM GMT

Karim Benzemas partner and US model Jordan Ozuna converts to Islam, Karim Benzemas partner Islam, Jordan Ozuna converts to Islam, Karim Benzema partner, Jordan Ozuna
X

മാഡ്രിഡ്: മതംമാറ്റം പരസ്യമാക്കി അമേരിക്കൻ മോഡലും ഫുട്‌ബോൾ താരം കരീം ബെൻസേമയുടെ പങ്കാളിയുമായ ജോർദൻ ഓസുന. ബെൻസേമയുമായുള്ള ബന്ധത്തിൽ ആൺകുഞ്ഞ് പിറന്ന വാർത്തകൾക്കു പിന്നാലെയാണ് ജോർദൻ ഇസ്‌ലാമിലേക്ക് മതംമാറിയതായി പ്രഖ്യാപിച്ചത്. സ്പാനിഷ് മാധ്യമമായ 'എൽ മുണ്ടോ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

മാഡ്രിഡിലെ ഒരു പള്ളിയിൽവച്ചാണ് ഇസ്‌ലാമിലേക്കുള്ള മതംമാറ്റം ഔദ്യോഗികമാക്കിയതെന്ന് ജോർദൻ ഓസുന വെളിപ്പെടുത്തി. ''ചെറിയൊരു ചടങ്ങായിരുന്നു അത്. അവർ ഖുർആൻ പാരായണം ചെയ്തു. അതുകേട്ട് ഞാനൊരു കുഞ്ഞിനെപ്പോലെ കരഞ്ഞു. വികാരഭരിതയായിരുന്നു ഞാൻ'-അവർ പറഞ്ഞു.

ഇസ്‌ലാമിനെക്കുറിച്ച് ഒരുപാട് ഗവേഷണം നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെന്നും ജോർദൻ വ്യക്തമാക്കി. 'മനോഹരമായൊരു മതമായാണ് എനിക്ക് അനുഭവപ്പെട്ടത്. അതേക്കുറിച്ച് വായിച്ചതെല്ലാം എന്നെ ആകർഷിച്ചു. റമദാനിൽ ഞാൻ ഖുർആൻ പാരായണം ചെയ്ത് കരയാറുണ്ട്.'-അവർ വെളിപ്പെടുത്തി.

ബെൻസേമയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജോർദൻ ഓസുന തുറന്നുപറഞ്ഞു. 'കരീമിനെ ആദ്യം കാണുമ്പോൾ സത്യത്തിൽ അദ്ദേഹത്തെ എനിക്ക് അറിയുമായിരുന്നില്ല. ഞാനൊരു അമേരിക്കക്കാരിയായതു കാരണം ഫുട്‌ബോളിനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാൽ, തുടക്കംതൊട്ടേ എന്തോ വ്യത്യസ്തമായ അനുഭവമാണുണ്ടായത്. കരീം ഒരു കിടിലൻ മനുഷ്യനാണ്. ഒപ്പമിരുന്ന് ഒരുപാട് സംസാരിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് കരീം ബെൻസേമയെന്നും അവർ പറഞ്ഞു.

സൗദി പ്രോ ലീഗ് ക്ലബായ അൽഇത്തിഹാദിലെത്തിയ കരീം ബെൻസേമയ്‌ക്കൊപ്പം ചേരാൻ ജോർദനും ഉടൻ റിയാദിലേക്ക് പുറപ്പെടാനിരിക്കുകയാണ്. സൗദിയെക്കുറിച്ചുള്ള ചോദ്യങ്ങളോടും അവർ പ്രതികരിച്ചു. സൗദിയെക്കുറിച്ച് അറിയില്ല. എന്നാൽ, ഒരു സാഹസികത പോലെയാണ് അനുഭവപ്പെടുന്നത്. അവിടത്തെ സംസ്‌കാരവും ഭക്ഷണവുമെല്ലാം മനോഹരമാണെന്ന് കേട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. പശ്ചിമേഷ്യയിലേക്ക് പോകുന്ന ഒരു സ്ത്രീയെന്ന നിലയ്ക്ക് ആശങ്കയുണ്ടോ എന്ന ചോദ്യത്തോട്, 'ഒരിക്കലുമില്ല, അവിടെയെത്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാ'യിരുന്നു മറുപടി. സൗദിയിലെ വസ്ത്രനിയന്ത്രണങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ പ്രതികരിച്ചത് ഇങ്ങനെ: ''അത് എനിക്കറിയാം. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമല്ല. അതൊരു മനോഹരമായ സംസ്‌കാരമാണ്. സാഹസികതയിൽ എനിക്ക് സന്തോഷമാണുള്ളത്.''

അടുത്തിടെയാണ് ജോർദനുമായുള്ള ബന്ധത്തിൽ കരീം ബെൻസേമയ്ക്ക് ഒരു കുഞ്ഞ് പിറന്നത്. താരത്തിന്റെ നാലാമത്തെ കുട്ടിയാണിത്. നേരത്തെ മുൻ പങ്കാളി കോറ ഗോതിയറിൽ ഇബ്രാഹിം എന്നുപേരുള്ള ഒരു അഞ്ചുവയസുകാരനും ഫ്രഞ്ച് നഴ്‌സ് ക്ലോയ് ഡി ലോനിയുമായുള്ള ബന്ധത്തിൽ എട്ടും മൂന്നും വയസുള്ള രണ്ടുകുട്ടികളുമുണ്ട് താരത്തിന്.

Summary: Karim Benzema's partner and US model Jordan Ozuna converts to Islam

TAGS :

Next Story