ചില്ലറക്കാരനല്ല ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ച ജിമെനസ്; പ്രതീക്ഷ പങ്കുവെച്ച് സ്പാനിഷ് താരം
ഗ്രീക്ക് സൂപ്പർ ലീഗിലെ ഒഎഫ്‌ഐ ക്രീറ്റ് എഫ്.സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
കൊച്ചി: സ്പാനിഷ് മുന്നേറ്റതാരം ജെസൂസ് ജിമെനസുമായി കരാറിലെത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. രണ്ട് വർഷത്തേക്കാണ് കരാർ. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒ.എഫ്.ഐ ക്രീറ്റിനൊപ്പം 2023 സീസൺ കളിച്ച ശേഷമാണ് 30 കാരൻ ഐ.എസ്.എല്ലിലേക്കെത്തുന്നത്. ഡിപോർട്ടീവോ ലെഗാനെസിന്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസിന്റെ കരിയർ ആരംഭിച്ചത്. റിസർവ് ടീമിനൊപ്പം രണ്ട് സീസണിൽ ബൂട്ടുകെട്ടി. 2013-14 സീസണിൽ അഗ്രുപാകിയോൻ ഡിപോർട്ടിവോ യൂണിയൻ അടർവെ, 2014-15 സീസണിൽ അലോർകോൺ ബി, 2015ൽ അത്‌ലറ്റിക്കോ പിന്റോ, 2015-16ൽ ക്ലബ് ഡിപോർട്ടിവോ ഇല്ലെക്കസ് ക്ലബുകൾക്കായും കളത്തിലിറങ്ങി.
𝐈𝐍𝐂𝐎𝐌𝐈𝐍𝐆 🙌
— Kerala Blasters FC (@KeralaBlasters) August 30, 2024
Bringing a touch of Spain to our front line! 🇪🇸
Jesús Jiménez is now part of the Blasters’ family! Bienvenido Jesús! 🤩
Read More: https://t.co/WdIcPcaTH0#SwagathamJesús #KBFC #KeralaBlasters pic.twitter.com/c04TACbDMT
സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ എഫ്സി ടലവേരയിലെ മിന്നും പ്രകടനം കരിയറിൽ വഴിത്തിരിവായി. 2016-17 സീസണിൽ ജിമെനെസ് 33 മത്സരങ്ങളിൽ നിന്ന് 26 ലീഗ് ഗോളുകൾ നേടി. ക്ലബ്ബിനെ സെഗുണ്ട ബിയിലേക്ക് മുന്നേറാനും സഹായിച്ചു. രണ്ട് സീസണുകളിൽ കളിച്ച ജിമെനെസ് ടലവേരയ്ക്കായി 36 ഗോളാണ് അടിച്ചുകൂട്ടിയത്.
തുടർന്ന് പോളിഷ് ഒന്നാം ഡിവിഷൻ ടീം ഗോർണിക് സബ്രേസിൽ പന്തുതട്ടി. ഗോർണിക്കിനൊപ്പം നാല് സീസണുകളിൽ 134 മത്സരങ്ങളിൽ ഇറങ്ങി. 43 ഗോളുകൾ നേടി.എല്ലാ മത്സരങ്ങളിലും (എക്‌സ്ട്രക്ലാസ, പോളിഷ് കപ്പ്, യൂറോപ്പ ലീഗ്) നിന്നുമായി 26 ഗോളിന് അവസരവുമൊരുക്കി. ഗ്രീസിലെ കളികാലഘട്ടത്തിനു മുൻപ് ജിമെനെസ് അമേരിക്കൻ എം എൽ എസ് ക്ലബ്ബുകളായ എഫ്സി ഡാളസിനും ടൊറന്റോ എഫ്സിക്കും വേണ്ടി കളിച്ചു. ഒമ്പത് ഗോളുകളും ആറ് അസിസ്റ്റും നൽകി.
വിവിധ ലീഗുകളിലെ താരത്തിന്റെ അനുഭവസമ്പത്തും ഗോളടി മികവും ടീമിന്റെ ആക്രമണ നിരയെ ശക്തിപ്പെടുത്തുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പ്രത്യാശ പ്രകടിപ്പിച്ചു. 'കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജിമെനെസ് പറഞ്ഞു.
Adjust Story Font
16