നിറയെ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്സിന് പുതിയൊരു ആശാൻ
പല കോച്ചുമാരും കരഞ്ഞുമടങ്ങിയ കേരള ബ്ലാസ്റ്റേഴസിന്റെ പരിശീലകനാകാൻ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുമായി പുതിയൊരാൾ വരുന്നു. ഐ.എസ്.എൽ ചരിത്രത്തിൽ ഇത്രയുമധികം കോച്ചുമാരെ മാറ്റിപ്പരീക്ഷിച്ച മറ്റൊരു ക്ലബുമില്ല. ഇഷ്ഫാഖ് അഹമ്മദ് ഇടക്കാലത്ത് കോച്ചായത് മാറ്റിനിർത്തിയാൽ വന്നവരെല്ലാം യൂറോപ്പിൽ നിന്നുള്ളവരാണ്. ഒരു സീസണപ്പുറം കസേരയിളകാതെപോയ ഒരേയൊരു കോച്ചായ ഇവാൻ വുക്കമനോവിച്ചും ഒടുവിൽ തിരിച്ചുനടന്നു. കളിക്കളത്തിലും ആരാധകഹൃദയത്തിലും ഒരുപോലെ സ്ഥാനം പതിപ്പിച്ച വുക്കമനോവിച്ചിന് പകരക്കാരനാകാൻ വരുന്നത് സ്വീഡനിൽ നിന്നുള്ള മിക്കേൽ സ്റ്റാറേയാണ്.ബ്ലാസ്റ്റേഴസിന്റെ കോച്ചാകുന്ന പതിനാലാമത്തെയാളും ഇന്ത്യൻ സൂപ്പർലീഗിലെത്തുന്ന ആദ്യ സ്വീഡിഷ് പരിശീലകനുമാണ് സ്റ്റാറേ. 46 കാരനായ സ്റ്റാറേ രണ്ടുവർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സുമായി ഒപ്പിട്ടിരിക്കുന്നത്.
അയാളുടെ ട്രോക്ക് റെക്കോർഡ് നോക്കിയാൽ അത്യാവശ്യം മിടുക്കൊക്കെയുണ്ട്. നോവലിസ്റ്റിനും പെയിന്റർക്കും ഒരു മാസ്റ്റർ പീസ് വർക്ക് ഉണ്ടാകാറുണ്ടെന്ന് പറയാറുള്ളതുപോലെ ഒരു പരിശീലകനുമുണ്ടാകും. ഇതുവരെയുള്ള അയാളുടെ റെക്കോർഡിൽ നിന്നും ഒരു മാസ്റ്റർപീസ് വർക്ക് തെരഞ്ഞെടുത്താൽ അത് 2009ൽ സ്വീഡിഷ് ക്ലബായ എ.ഐ.കെക്കൊപ്പമുള്ള കോച്ചിങ് കരിയറാണ്. സ്വീഡനിലെ ഒന്നാം നമ്പർ ലീഗായ Allsvenskanനിൽ എ.ഐ.കെ ഒരു പതിറ്റാണ്ടിന് ശേഷം കിരീടം ചൂടിയപ്പോൾ തന്ത്രങ്ങളോതിയാണ് സ്റ്റാറേയായിരുന്നു. ഗോളടിക്കാൻ തിടുക്കം കാണിക്കാതെ അടിച്ച ഗോളിൽ പിടിച്ചുനിൽക്കുക എന്ന സ്റ്റോറേയുടെ ഡിഫൻസീവ് സ്ട്രാറ്റജിയായിരുന്നു സീസണിലുടനീളം നടപ്പാക്കിയത്. ഗോർകീപ്പറും ഡിഫൻഡറുമെല്ലാം കോച്ചിന്റെ മനസ്സുനിറഞ്ഞുതന്നെ കളിച്ചു. ആ കീരീടവും അന്നുനടത്തിയ ആഘോഷങ്ങളുമെല്ലാം ഇന്നും എ.ഐ.കെ ആരാധകരുടെ മനസ്സിലുണ്ട്. ആവർഷം ലീഗ് കിരീടത്തിനൊപ്പം തന്നെ രണ്ടുട്രോഫികളും അദ്ദേഹം എ.ഐ.കെയുടെ പേരിനൊപ്പം ചേർത്തു.
തുടർന്ന് നേരെപ്പോയത് ഗ്രീസിൽ പാനിയോൻസിനൊപ്പമാണ്. അൽപ്പകാലം മാത്രം നീണ്ട ആ സഹവാസം അവസാനിപ്പിച്ച് അതിവേഗം സ്വീഡിഷ് ലീഗിൽ തന്നെ മടങ്ങിയെത്തി.ഐഎഫ്കെ ഗ്വാട്ട് ബർഗ്, ബികെ ഹാക്കൻ അടക്കമുള്ള ടീമുകളെ സ്വീഡനിൽ കളത്തിലിറക്കിയ പരിചയവുമുണ്ട്. 2016ൽ ലോണിലെത്തി ബി.കെ ഹാക്കനെ സ്വീഡിഷ് ലീഗിലെ പത്താം സ്ഥാനത്ത് നിന്നും നാലാംസ്ഥാനത്തേക്ക് ഉയർത്തിയതും അദ്ദേഹത്തിന്റെ ശ്രദ്ധേയ നേട്ടമാണ്. തുടർന്ന് ചൈനീസ് ലീഗിൽ ഡാലിയൻ യിഫാങ്, അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ സാൻജോസ് എർത്ത്ക്വയ്ക്ക്സ്, നോർവീജയൻ ലീഗിൽ സാർസ്ബേർഗ് എന്നീ ടീമുകളെയും കളത്തിലിറക്കി. ചൈനയിൽ ഡാലിയൻ യിഫാങിനെ രണ്ടാം ഡിവിഷൻ ലീഗിൽ മൂന്നാമതെത്തിച്ച അദ്ദേഹത്തിന് ഫസ്റ്റ് ലെവൽ ലീഗിലേക്കുള്ള യോഗ്യത ഇഞ്ചോടിഞ്ചിലാണ് നഷ്ടമായത്.
ഏറ്റവുമൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിനെപ്പോലെ ലോഗോയിൽ ആനയെ വെച്ച തായ്ലൻഡ് ക്ലബ് ഉതൈ താനിക്കൊപ്പമായിരുന്നു. തായ് പ്രീമിയർ ലീഗിൽ 12 തോൽവിയും എട്ടുസമനിലയും 9 വിജയവുമായിരുന്നു ഉതൈ തനിയുടെ സമ്പാദ്യം. ലീഗിൽ ഫിനിഷ് ചെയ്തതാകട്ടെ ഏഴാമതായി. രണ്ടുപതിറ്റാണ്ടോളമായി കോച്ചിങ് കരിയറിലുള്ള സ്റ്റാറേക്ക് യൂറോപ്പ് അമേരിക്ക ഏഷ്യ എന്നീ മൂന്നുവൻകരകളിൽ പ്രവൃത്തി പരിചയമുണ്ടെന്ന് ചുരുക്കം. മേജർ സൂപ്പർ ലീഗ് അടക്കമുള്ള ലീഗുകളിൽ കളി പഠിപ്പിച്ചുണ്ടെങ്കിലും ഇത്രയും വലിയ ഒരു ആരാധകക്കൂട്ടമുള്ള ഒരു ടീമിലേക്ക് അദ്ദേഹം ഏറെക്കാലത്തിന് ശേഷമാണ് എത്തുന്നത്. ഒരു ക്ലബിനൊപ്പം തന്നെ ദീർഘകാലം തുടർന്ന പരിചയവും അദ്ദേഹത്തിനില്ല.
നിറയെ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്സിന് പുതിയൊരു പരിശീലകൻഏഷ്യയിൽ തന്നെ എന്റ കോച്ചിങ് കരിയർ തുടരാനാകുന്നതിൽ സന്തോഷമുണ്ട്. ഈ മനോഹരഭൂഖണ്ഡത്തിലെ എന്റെ മൂന്നാംരാജ്യം ആകാംക്ഷയുണ്ടാക്കുന്നു. ഇന്ത്യയിലേക്ക് ഉടൻതന്നെ വന്ന് എല്ലാവരും കാണുന്നതാണ്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു. മാരത്തോൺ ചർച്ചകളും ഒരുപാട് അഭിമുഖങ്ങളും പിന്നിട്ടാണ് പുതിയ കോച്ചിനെ എത്തിക്കുന്നത് എന്നാണ് ബ്ലാസ്റ്റേഴസ് സ്പോർട്ടിങ് ഡയറക്ടർ നൽകുന്ന വിശദീകരണം.
Adjust Story Font
16