Quantcast

നോഹ സദൗയിക്ക് ഹാട്രിക്, ഡ്യൂറന്റ് കപ്പിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിമേളം; രണ്ടാം ജയം

എതിർ ബോക്സിലേക്ക് നിരന്തരം ആക്രമണം നടത്തിയ മഞ്ഞപ്പട ആദ്യ പകുതിയിലാണ് ആറു ഗോളും നേടിയത്.

MediaOne Logo

Sports Desk

  • Updated:

    2024-08-10 16:39:01.0

Published:

10 Aug 2024 4:36 PM GMT

Hat-trick for Noah Sadaoui, six for Blasters in Durant Cup; Second win
X

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം ജയം. നിർണായക മത്സരത്തിൽ സി.ഐ.എസ്.എഫ് പ്രൊട്ടക്‌ടേഴ്‌സിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് തകർത്തത്. സ്‌ട്രൈക്കർ നോഹ് നദൗയി (9,20,90) ഹാട്രിക്കുമായി തിളങ്ങി. ക്വാമി പെപ്ര(6), മലയാളി താരം മുഹമ്മദ് ഐമൻ(16),നവോച സിങ് (25), മലയാളി താരം മുഹമ്മദ് അസ്ഹർ(44) എന്നിവരും മഞ്ഞപ്പടക്കായി വലകുലുക്കി. ജയത്തോടെ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ 8-0 തകർപ്പൻ ജയം സ്വന്തമാക്കിയ കൊമ്പൻമാർ രണ്ടാം മാച്ചിൽ പഞ്ചാബ് എഫ്‌സിക്കെതിരെ സമനില വഴങ്ങിയിരുന്നു.

ആദ്യ മത്സരത്തിൽ ഹാട്രിക് പ്രകടനം നടത്തിയ നോഹ സദൗയി സി.ഐ.എസ്.എഫ് ടീമിനെതിരെയും അതേ ഫോം തുടർന്നു. എതിർ ബോക്‌സിലേക്ക് നിരന്തരം ആക്രമണം നടത്തിയ കേരള ക്ലബ് ആദ്യ പകുതിയിലാണ് ആറു ഗോളും നേടിയത്. ആറാം മിനിറ്റിൽ ക്വാമി പെപ്രയാണ് കേരള ക്ലബിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. നോഹ് ചിപ് ചെയ്ത് നൽകിയ പന്ത് മികച്ച ഹെഡ്ഡറിലൂടെ പെപ്രെ വലയിലാക്കുകയായിരുന്നു. മൂന്ന് മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് രണ്ടാമതും വലകുലുക്കി.

ഐമൻ നൽകിയ ലോങ്പന്ത് സ്വീകരിച്ച് എതിർ പ്രതിരോധത്തെ വെട്ടിച്ച് ബോക്‌സിലേക്ക് മുന്നേറിയ നോഹ് സദൗയി കൃത്യമായി വലയിലേക്ക് തട്ടിയിട്ടു. 16ാം മിനിറ്റിൽ പെപ്രെയുടെ പാസിൽ ഐമൻ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ നേടി. നാല് മിനിറ്റിനകം നോഹ രണ്ടാം ഗോൾ നേടി. എതിർബോക്‌സിലേക്ക് ലഭിച്ച സ്‌പേസിലൂടെ കുതിച്ച് മൊറോക്കൻ താരം പോസ്റ്റിന്റെ കോർണറിലേക്ക് അടിച്ച് കയറ്റുകയായിരുന്നു. 25ാം മിനിറ്റിൽ നവോച സിങിന്റെ അവസരമായിരുന്നു. ലെഫ്റ്റ് വിങിലൂടെ മുന്നേറിയ താരം പോസ്റ്റിലേക്ക് കട്ട്‌ചെയ്ത് കയറി ലക്ഷ്യംകണ്ടു. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ മലയാളി താരം മുഹമ്മദ് അസ്ഹറും ഗോൾ ആഘോഷത്തിന്റെ ഭാഗമായി.

ആദ്യ പകുതിയിൽ അരഡസൺ ഗോൾ നേടി കളിയിൽ മേധാവിത്വം പുലർത്തിയ മഞ്ഞപ്പട അവസാന 45 മിനിറ്റിലും ഇതാവർത്തിച്ചു. എന്നാൽ ഗോൾ ഉയർത്താൻ സാധിച്ചില്ല. 88ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ നോഹക്കായില്ല. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഗോൾ നേടി മത്സരത്തിലെ ഏഴാം ഗോളും തന്റെ ഹാട്രിക്കും മൊറോക്കൻ താരം സ്വന്തമാക്കി.

TAGS :

Next Story