യുവ താരം സൗരവ് കേരളാ ബ്ലാസ്റ്റേഴ്സില്‍
ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്‌സിനായി പന്ത് തട്ടിയിരുന്ന താരം 2025 വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴുമായി ഒപ്പിട്ടത്
ഐ.ലീഗ് താരം സൗരവ് ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി പന്തു തട്ടും. ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്‌സിനായി പന്ത് തട്ടിയിരുന്ന താരം 2025 വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴുമായി ഒപ്പിട്ടത്. റെയിൻബോ എഫ്.സി യിലൂടെയാണ് പഞ്ചാബുകാരനായ സൗരവ് തന്‍റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ ആരംഭിക്കുന്നത്. പിന്നീട് എ.ടി.കെ യുടെ റിസർവ് ടീമിൽ കുറച്ചു കാലം ഉണ്ടായിരുന്ന താരം 2020 ലാണ് ചർച്ചിൽ ബ്രദേഴ്‌സിനൊപ്പം ചേർന്നത്.
കഴിഞ്ഞ സീസണിൽ ചർച്ചിലിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം 14 മത്സരങ്ങളിൽ ടീമിനായി ബൂട്ടണിഞ്ഞു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം സൈനിങ്ങാണ് ഇത്. കഴിഞ്ഞയാഴ്ച ബ്രൈസ് മിറാൻഡയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി താരം വി പി സുഹൈറും ബ്ലാസ്റ്റേഴിസിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. താരത്തിനായി ബ്ലാസ്റ്റേഴ്സ് വമ്പന്‍ ഓഫർ നൽകിയെന്നാണ് വിവരം. മുന്നേറ്റ താരമായി സുഹൈറിന് പകരം രണ്ട് താരങ്ങളെയും ട്രാന്‍സ്ഫര്‍ തുകയും നല്‍കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റെ് തയ്യാറാണെന്നാണ് സൂചന.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഇരു ക്ലബുകളും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്നേറ്റനിരയിൽ അൽവാരോ വാസ്ക്വസിന്‍റേയും, ചെഞ്ചോ ഗിൽഷന്റെയും അഭാവത്തിൽ സുഹൈറിന്‍റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് നിർണായകമാകും. പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈര്‍ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 19 കളികളിൽ നിന്നും 4 ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ താരത്തിന് ദേശീയ ടീമിലേക്കും വിളിയെത്തി.
Adjust Story Font
16