Quantcast

കേരളാ ബ്ലാസ്‌റ്റേഴ്‌സ് -ജംഷഡ്പൂർ എഫ്‌സി സെമി; മത്സര ഫലം നിർണയിക്കുന്ന താരങ്ങൾ ആരൊക്കെ ?

ആക്രമണാത്മക ഫുട്‌ബോൾ കളിക്കുന്ന ഇരുടീമുകൾ സുപ്രധാന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മികച്ച കളി കാണാനാകുമെന്നത്‌ തീർച്ചയാണ്

MediaOne Logo

Sports Desk

  • Published:

    11 March 2022 10:04 AM GMT

കേരളാ ബ്ലാസ്‌റ്റേഴ്‌സ് -ജംഷഡ്പൂർ എഫ്‌സി സെമി; മത്സര ഫലം നിർണയിക്കുന്ന താരങ്ങൾ ആരൊക്കെ ?
X

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമിയുടെ ആദ്യ പാദം കേരളാ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂർ എഫ്‌സിയും തമ്മിൽ ഇന്ന് വൈകീട്ട് ഏഴരക്ക് പിഎൻജി സ്‌റ്റേഡിയത്തിൽ നടക്കുകയാണ്. ടൂർണമെൻറിൽ ഇതിഹാസതുല്യമായ മുന്നേറ്റം നടത്തിയാണ് ഇരുടീമുകളും സെമിയിലെത്തിയത്. 43 പോയൻറുമായി സീസണിൽ ഒന്നാംസ്ഥാനക്കാരായ ജംഷഡ്പൂർ ആദ്യമായാണ് സെമിയിലെത്തുന്നത്. എന്നാൽ 34 പോയൻറുമായി നാലാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സ് 2014, 2016 സീസണുകളിൽ റണ്ണേഴ്‌സ് അപ് സ്ഥാനത്തെത്തിയിരുന്നു. എന്നാൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നത് ഇക്കുറിയാണ്. ഇരുടീമുകളിലും പ്രതിഭാധനരായ ഒരുപിടി താരങ്ങളുള്ളതിനാൽ മത്സരം ആവേശജനകമായിരിക്കും.

ടീമുകളിലെ സുപ്രധാന താരങ്ങളുടെ സവിശേഷതയും പ്രകടനവും പരിശോധിക്കാം...



ഗ്രേഗ് സ്റ്റുവാർട്ട് VS ജോർഗെ ഡയസ്

മാരക ഫിനിഷിങ് പാടവമുള്ള താരങ്ങളാണ് ഗ്രേഗ് സ്റ്റുവാർട്ടും ജോർഗെ പെരേര ഡയസും. ഫെബ്രുവരിയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ജംഷഡ്പൂർ 3-0 ത്തിന് ജയിച്ചപ്പോൾ നേടിയ രണ്ടടക്കം സീസണിൽ പത്തുഗോളുകളും അത്രതന്നെ അസിസ്റ്റുമാണ് സ്റ്റുവാർട്ട് നേടിയിരിക്കുന്നത്. അവസാന ഗോൾ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ 3-2 ന് വിജയിച്ചപ്പോഴായിരുന്നു. ബ്ലാസ്്‌റ്റേഴ്‌സിനെതിരെയുള്ള പോരാട്ടത്തിലും ഈ സ്‌കോട്ടിഷ് സ്‌ട്രൈക്കർ അപകടം വിതയ്ക്കാൻ സാധ്യതയേറെയാണ്. മികച്ച പന്തടക്കത്തോടെ എതിർനിര കീറിമുറിച്ച് കയറാനും ഗോൾ ഷോട്ടുതിർക്കാനും കഴിവുള്ള താരമാണ് ഇദ്ദേഹമെന്നതും കൊമ്പന്മാർ കരുതിയിരിക്കേണ്ടതാണ്.

ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ അദ്ദേഹത്തിന്റെ എതിരാളി ഡയസ് കഴിഞ്ഞ ആറു കളികളിൽ അഞ്ചു ഗോളുകളാണ് ടീമിനായി നേടിയത്. 4-4 സമനിലയായ എഫ്‌സി ഗോവക്കെതിരെയുള്ള മത്സരത്തിൽ നേടിയ രണ്ടടക്കം സീസണിൽ എട്ടു ഗോളുകളാണ് അർജൻറീനയിൽ നിന്നുള്ള താരം നേടിയിട്ടുള്ളത്. ഒരു അസിസ്റ്റും താരത്തിനുണ്ട്.




അതേസമയം, മികച്ച പ്രതിഭയുള്ള ബ്ലാസ്‌റ്റേഴസിന്റെ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വിസും ഗംഭീരപ്രകടനമാണ് നടത്തുന്നത്. എട്ടു ഗോളുകൾ താരം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡയസ് 18 മത്സരങ്ങളിലും വാസ്‌ക്വിസ് 20 മത്സരങ്ങളുമാണ് കളിച്ചിരിക്കുന്നത്. ഡയസ് കളിച്ച 81.9 മിനുട്ടിൽ ടീമിനായി ഒരു ഗോൾ കണ്ടെത്തിയെന്നാണ് കണക്ക്. എന്നിരുന്നാലും വോളികളിലൂടെയടക്കം ഗോൾ കണ്ടെത്തുന്ന വാസ്‌ക്വിസ് ഏറെ പ്രതീക്ഷയാണ് ടീമിന് നൽകുന്നത്.




ഋത്വിക് ദാസ് VS അഡ്രിയാൻ ലൂന

ഋത്വിക് ദാസും അഡ്രിയാൻ ലൂനയുമാണ് ഇരുടീമുകളുടെയും മിഡ്ഫീൽഡിൽ കളിമെനയുന്നത്. ഏറ്റവും കൂടുതൽ പാസുകളും ടച്ചുകളുമായി മുന്നിൽ നിന്ന് നയിക്കുന്നതും ഇരുവരുമാണ്. ഇവരുടെ കണക്കിലെ കളികൾ ഏറെ തുല്യത പുലർത്തുന്നുണ്ട്. 69.96 ശതമാനമാണ് ലൂനയുടെ പാസിങ് കൃത്യതയെങ്കിൽ ദാസിന്റേത് 67.33 ആണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഉറുഗൈ്വൻ താരമായ ലൂന ഏഴ് ഗോളുകൾക്ക് വഴിയൊരുക്കിയെങ്കിൽ ദാസ് ഒരു ഗോളിനാണ് അവസരം തുറന്നത്. ലൂനയുടെ ഫ്രീകിക്കുകൾ ടൂർണമെൻറിലെ മികച്ച ഗോളുകളിലേക്കാണ് ചെന്നു പതിച്ചത്. അത്‌കൊണ്ട് തന്നെ താരത്തിന്റെ സാന്നിധ്യം ടീമിന് ഏറെ ആത്മവിശ്വാസം നൽകുന്നതോടൊപ്പം കാണികൾക്ക് മികച്ച കാഴ്ച വിരുന്നുമൊരുക്കും. ആക്രമണാത്മക ഫുട്‌ബോൾ കളിക്കുന്ന ഇരുടീമുകൾ സുപ്രധാന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മികച്ച കളി കാണാനാകുമെന്നതും തീർച്ചയാണ്.




ഡാനിയൽ ചീമ VS റുവയ്ഹ് ഹോർമിപാം

കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ സുപ്രധാന സാന്നിധ്യമാണ് റുവയ്ഹ് ഹോർമിപാം. 53 ക്ലിയറൻസ്, ഒമ്പത് ബ്ലോക്കുകൾ, 84.19 ശതമാനം പാസിങ് കൃത്യത എന്നിവയാണ് താരത്തിന്റെ കണക്കു പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ ഡാനിയൽ ചീമക്കെതിരെയുള്ള ഇദ്ദേഹത്തിന്റെ പ്രകടനം സുപ്രധാനമായിരിക്കും.

30 കാരനായ നൈജീരിയൻ സ്‌ട്രൈക്കറായ ചീമ ഏഴുവട്ടമാണ് ഐഎസ്എല്ലിന്റെ ഈ സീസണിൽ വല കുലുക്കിയിരിക്കുന്നത്. അതും ഒമ്പത് കളികളിൽ നിന്ന്. ഓഫ്‌സൈഡ് കെണി അതിജീവിക്കാനാകുന്നതും വലയിലേക്ക് ബോളെത്തിക്കാനാകുന്നതും ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി സൃഷ്ടിക്കും. അതിനാൽ ചീമയെ തളയ്ക്കാൻ ഹോർമിപാം നന്നായി അധ്വാനിക്കേണ്ടി വരും.




താരങ്ങൾ നിരവധി, പ്രകടനം നിർണായകം

സഹൽ അബ്ദുസ്സമദ്, ചെഞ്ചേ, പ്രഭുഷ്ഖൻ സിങ് ഗിൽ, മാർകോ ലെസ്‌കോവിച്, പ്യൂടിയ, ഖബ്ര, ജിക്‌സൺ തുടങ്ങിയവരുടെ പ്രകടനം ബ്ലാസ്‌റ്റേഴ്‌സിനും പീറ്റർ ഹാർഡ്‌ലി, ജോർദാൻ മുറെ, ഇഷാൻ പണ്ഡിത, ടി.പി രഹനേഷ്, ഡേംഗൽ, എലി സാബിയ തുടങ്ങിയവരുടെ പ്രകടനം ജംഷഡ്പൂർ എഫ്‌സിക്കും നിർണായകമാകും. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജംഷഡ്പൂർ കരുത്തുറ്റ ടീമാണെങ്കിലും മികച്ച ഒത്തൊരുമയോടെ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് കിരീട സ്വപനത്തിലേക്കുള്ള ആദ്യ വാതിൽ തുറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


അതേസമയം, കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. മഞ്ഞപ്പടയുടെ ആരാധകർക്ക് വിര്‍ച്വല്‍ ആയി തങ്ങളുടെ ബ്ലാസ്റ്റേഴ്സിന്‍റെ കളിക്ക് പിന്തുണ നൽകാനാകും. അവസാനമായി നടന്ന രണ്ട് ഐ.എസ്.എല്‍ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.

Kerala Blasters - Jamshedpur FC Semi; Who are the players who decide the outcome of the match?

TAGS :

Next Story