Quantcast

കൂടുതല്‍ നടപടികളില്ല; ഡയസിന് കളിക്കാം

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ജോർജെ പെരേറ ഡയസിനെതിരെ കൂടുതല്‍ അച്ചടക്ക നടപടികള്‍ വേണ്ടതില്ലെന്ന് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി തീരുമാനിച്ചു

MediaOne Logo

Sports Desk

  • Updated:

    2022-02-26 03:16:08.0

Published:

26 Feb 2022 3:07 AM GMT

കൂടുതല്‍ നടപടികളില്ല; ഡയസിന് കളിക്കാം
X

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അർജന്റീന സ്‌ട്രൈക്കർ ജോർജെ പെരേറ ഡയസിനെതിരെ കൂടുതല്‍ അച്ചടക്ക നടപടികള്‍ വേണ്ടതില്ലെന്ന് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി തീരുമാനിച്ചു. ഇതോടെ ഐ.എസ്.എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരായ നിർണ്ണായക മത്സരത്തിൽ ഡയസ്സിന് കളിക്കാനാവും.

എ.ടി.കെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ സബ്സ്റ്റിട്ട്യൂട്ട് ചെയ്യപ്പെട്ട ശേഷം സൈഡ് ലൈനിന് പുറത്തുവച്ചാണ് മോശം പെരുമാറ്റത്തിന് ഡയസ് രണ്ടാം മഞ്ഞക്കാർഡ് കണ്ടത്. ഇതേത്തുടർന്ന് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഡയസ്സിന് കളിക്കാനായില്ല. ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും ചെയ്തു.

അച്ചടക്ക സമിതിയോട് ക്ഷമാപണം നടത്തിയതിനെത്തുടർന്നാണ് ഡയസ്സിനെതിരെ തുടർനടപടികളുടെ ആവശ്യമില്ലെന്ന് സമിതി തീരുമാനിച്ചത്. എന്നാൽ ഇതുപോലുള്ള അച്ചടക്കലംഘനങ്ങൾ തുടർന്നാൽ താരത്തിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് സമിതി അറിയിച്ചു.

സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രം അവശേഷിക്കെ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്‌സിന് ജീവന്മരണ പോരാട്ടങ്ങളാണ്. നന്നായി കളിച്ചിട്ടും കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എ.ഫ് സിയോട് തോൽവി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യതകൾ മങ്ങിയിരുന്നു. അതിനാൽ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരായ മത്സരത്തില്‍ പ്രതീക്ഷിക്കുന്നില്ല.

സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീസൺ അവസാനത്തോടടുക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിന് എന്താണ് സംഭവിച്ചത് എന്നോർത്ത് തലയിൽ കൈവക്കുകയാണ് ആരാധകർ. 17 കളികളിൽ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്.

TAGS :

Next Story