ഗ്രീസിന്റെ ദിമിത്രിയോസയെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്; ടീമിലെത്തുമോ?
ഗ്രീസിന്റെ അണ്ടർ 20,21 ടീമുകളുടെ ഭാഗമായ ദിമിത്രിയോസ ദിമിൻതിയാകോസ വിവിധ ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്
കൊച്ചി: ഗ്രീസ് കളിക്കാരനെ സ്വന്തമാക്കാനൊരുങ്ങി കേരളബ്ലാസ്റ്റേഴ്സ്. ക്രൊയേഷ്യൻ ഫസ്റ്റ് ലീഗായ എച്ച്.എൻ.കെ ഹജ്ദുക് സ്പ്ലിറ്റ് ക്ലബ്ബിലെ മുന്നേറ്റ താരം ദിമിത്രിയോസ ദിമിൻതിയാകോസയെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് സൂചനകൾ പുറത്തുവിട്ടത്. റിപ്പോര്‍ട്ടുകള്‍ ശരിയാകുകയാണെങ്കില്‍ വരുന്ന സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ സൈനിങാവും ദിമിത്രിയോസയുടെത്.
2011-12 കാലഘട്ടങ്ങളിലാണ് ദിമിത്രിയോസ ദിമിൻതിയാകോസ കരിയർ ആരംഭിക്കുന്നത്. ഗ്രീസിന്റെ അണ്ടർ 20,21 ടീമുകളുടെ ഭാഗമായ 29കാരൻ വിവിധ ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്. 2011 മുതൽ 2022വരെയുള്ള കാലഘട്ടത്തിൽ വിവിധ ടീമുകളിലും ലീഗുകളിലുമായി 217 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ താരം നേടിയിട്ടുണ്ട്. സീസണില്‍ മികച്ച ഫോമില്‍ നില്‍ക്കവെയാണ് ബ്ലാസ്റ്റേഴ്സ് താരത്തെ നോട്ടമിടുന്നത്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ടീമിൽ നിന്ന് ഒരുപാട് ആളുകൾ കൂടുവിട്ട് കൂടുമാറിയിരുന്നു. അതിനാൽ തന്നെ ടീമിലേക്ക് ആരോക്കെ വരുമെന്ന് കാണാൻ നോക്കി ഇരിക്കുകയാണ് ആരാധകർ. ഉക്രയ്‌ൻ മധ്യനിര താരം ഇവാൻ കലിയൂഷ്‌നി, ക്രൊയേഷ്യയുടെ മാര്‍ക്കോ ലെസ്‌കോവിച്ച്, സ്‌പെയിനിന്റെ വിക്ടര്‍ മോംഗില്‍ എന്നിവരെ ബ്ലാസ്റ്റേഴ്സ് ഇതിനകം ടീമിലെത്തിച്ചുകഴിഞ്ഞു.
2021 - 2022 സീസണില്‍ അര്‍ജന്റീനക്കാരനായ ജോര്‍ജ് പെരേര ഡിയസും സ്‌പെയിന്‍കാരനായ ആല്‍വാരൊ വാസ്‌ക്വെസും ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ സ്‌ട്രൈക്കര്‍മാര്‍. ഇരുവര്‍ക്കുമൊത്ത പകരക്കാരാവും പുതുതായി ടീമിലെത്തിച്ചവരെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. അതേസമയം പോർച്ചുഗീസ് താരമായ റാഫേൽ ലോപ്പസിനെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്നുവെങ്കിലും അവസാന നിമിഷം സൈനിങ് നടക്കാതെ പോകുകയായിരുന്നു. ഉയർന്ന ഓഫർ നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകാതിരുന്നതും സാമ്പത്തിക ഭദ്രത ആവശ്യമായതിനാലുമാണ് താൻ കേരളത്തിലേക്ക് വരാതിരുന്നതെന്ന് കഴിഞ്ഞ ദിവസം സ്പോർട്സ് കീഡക്ക് നൽകിയ അഭിമുഖത്തിനിടെ റാഫ വ്യക്തമാക്കുകും ചെയ്തിരുന്നു.
Adjust Story Font
16