Quantcast

ഡ്യൂറന്റ് കപ്പ്; ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ച് ഗോകുലം എഫ്‌സി

മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്‍റെ വിജയം

MediaOne Logo

Web Desk

  • Updated:

    2023-08-13 11:08:55.0

Published:

13 Aug 2023 9:57 AM GMT

kerala blasters
X

ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ച് ഗോകുലം കേരള എഫ്‌സി. മൂന്നിനെതിരെ നാലു ഗോളിനാണ് ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയിൽ മൂന്നിനെതിരെ ഒരു ഗോളിന് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

17-ാം മിനിറ്റിൽ കോർണർ കിക്കിൽ തലവച്ച് ബൗബയാണ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. 34-ാം മിനിറ്റിൽ ഇമ്മാനുവൽ ജസ്റ്റിനിലൂടെ കേരളം തിരിച്ചടിച്ചു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെടുത്ത കോർണർ കിക്കിൽ നിന്ന് വീണു കിട്ടിയ പന്ത് ജസ്റ്റിൻ വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാൽ 42-ാം മിനിറ്റിൽ മലയാളി താരം ശ്രീകുട്ടന്റെ ഹെഡർ ഗോളിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി. ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിൽ ഹൈദ്രോം സിങ് വീണ്ടും വലകുലുക്കിയതോടെ സ്‌കോർ 3-2.

രണ്ടാം പകുതിയിൽ അഭിജിത്തിന്റെ തകർപ്പൻ ലോങ് റേഞ്ചറിലൂടെ ഗോകുലം വീണ്ടും മുമ്പിലെത്തി. പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്ന് അഭിജിത്ത് തൊടുത്ത മിസൈൽ കീപ്പർ സച്ചിൻ സുരേഷിന് ഒരവസരവും കൊടുക്കാതെയാണ് വലയിൽ തിരയിളക്കിയത്. സബ്സ്റ്റിറ്റിയൂഷനുകളിലൂടെ കളം പിടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം 53-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. പ്രബീർ ദാസ് ആയിരുന്നു സ്‌കോറർ. അധ്വാനിച്ചു കളിച്ച ക്യാപ്റ്റൻ ലൂന കൂടി 77-ാം മിനിറ്റിൽ വല കുലുക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവരുമെന്ന് തോന്നിച്ചു. എന്നാൽ കായികമായി മേൽക്കൈയുള്ള ഗോകുലം പ്രതിരോധം ഇളകിയില്ല.



മത്സരത്തിലുടനീളം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഉലയുന്ന കാഴ്ചയാണ് കണ്ടത്. മുംബൈയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിയ നവോച്ചം സിങ് ശരാശരിക്കും താഴെയുള്ള പ്രകടനമാണ് പ്രതിരോധത്തിൽ കാഴ്ചവച്ചത്.

സീസണിലെ ആദ്യ കളിയിൽ ലൂനയും ജീക്‌സണും ഒഴികെയുള്ള പ്രമുഖരെ ബഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. മോഹൻബഗാനിൽ നിന്നെത്തിയ പ്രീതം കോട്ടാലും ബ്ലാസ്‌റ്റേഴ്‌സിൽ നിന്നെത്തിയ പ്രബീർദാസും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ഗോൾ വലയ്ക്ക് കീഴെ സച്ചിൻ സുരേഷായിരുന്നു. പ്രബീറിനും കോട്ടാലിനുമൊപ്പം നവോച്ച, ബിജോയ് എന്നിവരായിരുന്നു പ്രതിരോധത്തിൽ. അസ്ഹർ, അയ്മൻ, ജീക്‌സൺ, നിഹാൽ സുധീഷ്, ജസ്റ്റിൻ എന്നിവരും ആദ്യ ഇലവനിലിറങ്ങി.

TAGS :

Next Story