58 കളിയിൽ ഒമ്പതു ജയം മാത്രം; ബ്ലാസ്റ്റേഴ്‌സ് ഇനിയെന്നു ജയിക്കും
അവിശ്വസനീയമായ കാഴ്ചകൾക്കാണ് ഗോവയിലെ ഫറ്റോർഡ സ്‌റ്റേഡിയം ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചത്
കൊച്ചി: ഐഎസ്എല്ലിലെ രണ്ടാം മത്സരത്തിൽ എതിരാളികൾക്കെതിരെ വ്യക്തമായ മേധാവിത്വം നേടിയിട്ടും ജയം നഷ്ടപ്പെടുത്തിയതിൽ ആരാധകർക്ക് നിരാശ. എതിരില്ലാത്ത മൂന്നു ഗോളിനെങ്കിലും ജയിച്ചു കയറാവുന്ന മത്സരമാണ് ഗോൾ രഹിത സമനിലയിൽ കലാശിച്ചത്. ഐഎസ്എല്ലിലെ 58 കളികളിൽ നിന്ന് ഇതുവരെ ഒമ്പതെണ്ണത്തിൽ മാത്രമാണ് കൊമ്പന്മാർക്ക് ജയിക്കാനായിട്ടുള്ളത്.
അവിശ്വസനീയമായ കാഴ്ചകൾക്കാണ് ഗോവയിലെ ഫറ്റോർഡ സ്‌റ്റേഡിയം ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചത്. 37-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുമ്പിൽ നിൽക്കെ അർജന്റീനൻ ഫോർവേഡ് പെരേര ഡയസ് പന്ത് പുറത്തേക്കടിച്ചത് ആരാധകർ തലയിൽ കൈവച്ചാണ് കണ്ടത്. അഡ്രിയൻ ലൂണ ഒരുക്കിയ നൽകിയ പന്ത് പ്രതിരോധക്കാരെ വകഞ്ഞ് കർവിങ് ഷോട്ടിനാണ് ഡയസ് ശ്രമിച്ചത്. എന്നാൽ പന്ത് കർവ് ചെയ്യാതെ പോസ്റ്റിന് അടുത്തു കൂടെ പുറത്തേക്ക് പോയി.
രണ്ടാം പകുതിയിൽ വിങ്ങർ വിൻസി ബാരറ്റോ അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത അവസരം തുലച്ചത് എടികെയ്ക്കെതിരെ ഗോളടിച്ച സഹലാണ്. പന്തിന് ഗോളിലേക്ക് വഴി കാണിക്കാനുള്ള ദൗത്യം മാത്രമേ സഹലിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇടതുകാൽ ഉപയോഗിച്ച് പന്ത് പ്ലേസ് ചെയ്യുന്നതിന് പകരം സഹൽ വലതുകാൽ ഉപയോഗിച്ചു. തളികയിലെന്ന പോലെ കിട്ടിയ പന്ത് ഉന്നം തെറ്റിപ്പോയത് പുറത്തേക്ക്. കുമ്മായവരക്കപ്പുറത്ത് കോച്ച് വുകോമനോവിച്ച് വിശ്വാസം വരാതെ തലയിൽ കൈവച്ചിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളടിക്കാനുള്ള സുവർണാവസരമാണ് മലയാളി മിഡ്ഫീൽഡർ കളഞ്ഞു കുളിച്ചത്.
Vincy Barretto breaches the defense but @sahal_samad misses the target. 😬
— Indian Super League (@IndSuperLeague) November 25, 2021
Watch the #NEUKBFC game live on @DisneyPlusHS - https://t.co/DQnjgptZaY and @OfficialJioTV
Live Updates: https://t.co/Io7SmYpyPY#HeroISL #LetsFootball #ISLMoments pic.twitter.com/xSn6WCoxtZ
പകരക്കാരനായി എത്തിയ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസ് പോസ്റ്റിലേക്ക് ഒരു തകർപ്പൻ ഹെഡർ തൊടുത്തെങ്കിലും നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ സുഭാശിഷ് ചൗധരി മുഴുനീള ഡൈവ് നടത്തി പന്ത് പുറത്തേക്ക് പായിച്ചു. സഹലിന് പകരമായി എത്തിയ നിഷുകുമാറിന്റെ ക്രോസിലായിരുന്നു ഹെഡർ.
ബഗാനെതിരെയുള്ള കളിയിൽ നിന്ന് വ്യത്യസ്തമായി ഒരു വിദേശ സ്‌ട്രൈക്കറെയാണ് വുകോമനോവിച്ച് പരീക്ഷിച്ചത്. ഡയസിന് താഴെ അഡ്രിയാൻ ലൂന. വിങ്ങർമാരായി സഹൽ അബ്ദുൽ സമദും വിൻസി ബാറ്റോയും. പ്രതിരോധത്തിൽ മാർകോ ലെസ്‌കോവിച്ചും എനസ് സിപോവിച്ചും ആദ്യമായി ഒന്നിച്ചു കളത്തിലറങ്ങി. രണ്ട് വിദേശ സെന്റർബാക്കുകളും ഒത്തൊരുമയോടെ കളിച്ചു. എന്നാൽ പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞു. അതിനിടെ, പരിക്കേറ്റ രാഹുലിന് പകരമായി ഇറങ്ങിയ വിൻസി ബാരറ്റോ കഠിനാധ്വാനം കൊണ്ടും വേഗം കൊണ്ടും മികച്ച നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സഹല്‍ നിരാശപ്പെടുത്തി.
Subhasish Roy with a brilliant save to deny @KeralaBlasters!
— Indian Super League (@IndSuperLeague) November 25, 2021
Watch the #NEUKBFC game live on @DisneyPlusHS - https://t.co/DQnjgptZaY and @OfficialJioTV
Live Updates: https://t.co/Io7SmYpyPY#HeroISL #LetsFootball #ISLMoments https://t.co/dzjnHn2wpe pic.twitter.com/2rYlArbNTs
കളിയിൽ പത്ത് ഷോട്ടുകളാണ് ബ്ലാസ്‌റ്റേഴ്‌സ് എതിർ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ മൂന്നെണ്ണം ഓൺ ടാർഗറ്റായിരുന്നു. നോർത്ത് ഈസ്റ്റിന് ടാർഗറ്റിലേക്ക് ഒരു ഷോട്ടുപോലും പായിക്കാനായില്ല. കളിയുടെ 52 ശതമാനം നേരവും പന്ത് കൈവശം വച്ചത് ബ്ലാസ്റ്റേഴ്‌സാണ്. കേരള ടീം വിജയകമായി 344 പാസ് പൂർത്തീകരിച്ചപ്പോൾ നോർത്ത് ഈസ്റ്റിനായത് 289 എണ്ണം മാത്രം.
കോച്ച് പറഞ്ഞത്
മത്സര ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധത്തെ കുറിച്ചും ആക്രമണത്തെ കുറിച്ചും കോച്ച് വുകോമനോവിച്ച് സംസാരിച്ചു. സെറ്റ്പീസുകളിൽ കേരള പ്രതിരോധം കാട്ടിയ ജാഗ്രതയെ കുറിച്ചാണ് കോച്ച് ആദ്യം സംസാരിച്ചത്. 'കഴിഞ്ഞ തവണ ടീം ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയത് സെറ്റ് പീസുകളിൽ നിന്നാണ്. ഇതിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നു. ആദ്യമായാണ് രണ്ട് വിദേശ സെന്റർബാക്കുകളെ ഒന്നിച്ച് കളത്തിലിറക്കുന്നത്. പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ പോലും അവർ ഒന്നിച്ചിറങ്ങിയിട്ടില്ല. അവരുടെ കളി എന്നെ സന്തോഷിപ്പിക്കുന്നു. പ്രതിരോധത്തിൽ സ്ഥിരത വരുത്തിയാൽ കളിയിൽ ഒരു പോയിന്റെങ്കിലും അതു കൊണ്ടുവരും.' - അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെടുത്തിയ ഗോളവസരങ്ങൾ ഫുട്‌ബോളിൽ സംഭവിക്കുന്നതാണ് എന്നും വുകോമനോവിച്ച് ചൂണ്ടിക്കാട്ടി. 'ലോകത്ത് എല്ലായിടത്തുമുള്ള പ്രൊഫഷണൽ ഫുട്‌ബോളിൽ പിഴവുകൾ സംഭവിക്കുന്നുണ്ട്. ഇന്ന് നമുക്കും അത്തരത്തിൽ പിഴവു പറ്റി. അത് പാടില്ലായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ യുവതാരങ്ങൾ കഠിനാധ്വാനം ചെയ്യും. ആ പ്രക്രിയയിലൂടെ ഞങ്ങൾ കടന്നു പോകുന്നുണ്ട്.' - കോച്ച് പറഞ്ഞു.
വിൻസി ബാരറ്റോ മികച്ച കളിക്കാരനാണ് എന്നും അദ്ദേഹത്തിൽ മാത്രമല്ല, എല്ലാ കളിക്കാരിലും തനിക്ക് പ്രതീക്ഷയുണ്ടെന്നും വുകോമനോവിച്ച് കൂട്ടിച്ചേർത്തു.
Adjust Story Font
16