ചെല്‍സി ലോകത്തിന്‍റെ നെറുകയില്‍; ക്ലബ് ലോകകപ്പില്‍ ആദ്യ കിരീടം
ഫൈനലിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ മിന്നും ജയം
യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി.... ക്ലബ് ലോകകപ്പ് കിരീടം. ഫൈനലിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ മിന്നും ജയം. അബൂദബിയില്‍ നടന്ന ഫൈനലില്‍ ബ്രസീല്‍ ക്ലബ്ബ് പാല്‍മിറാസായിരുന്നു ചെല്‍സിയുടെ എതിരാളികള്‍. തികച്ചും ഉദ്വേഗജനകമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിലെ പെനാല്‍റ്റി ഗോളിലായിരുന്നു ചെല്‍സിയുടെ ജയം. ചെല്‍സിയുടെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണ്.
ആദ്യ പകുതിയില്‍ തുടർച്ചയായി ചെൽസി ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയ പാല്‍മിറാസിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പലതും ഗോളാക്കിയെടുക്കാന്‍ സാധിച്ചില്ല. ചെൽസിയുടെ കൌണ്ടര്‍ അറ്റാക്കിനും വേണ്ടത്ര മൂർച്ച ഉണ്ടായില്ലാതായതോടെ ആദ്യ പകുതിഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ അരയും തലയും മുറുക്കി ഇരു ടീമുകളും ഇറങ്ങി. ഉണര്‍ന്നുകളിച്ച ചെൽസിയാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്. മികച്ച നീക്കത്തിനൊടുവിൽ ഓഡോയിയുടെ തകര്‍പ്പന്‍ ക്രോസിൽ നിന്ന് റൊമേലു ലുകാക്കുവിന്‍റെ മിന്നല്‍ ഹെഡര്‍... അങ്ങനെ 55 ആം മിനുട്ടിൽ പാല്‍മിറാസിന്‍റെ വല കുലുങ്ങി. പക്ഷെ ആ ലീഡിന് അധികം ആയുസുണ്ടായില്ല.62 ആം മിനുട്ടിൽ തിയാഗോ സിൽവയുടെ ഹാൻഡ് ബോളിന് റഫറി പാൽമിറാസിന്അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഫേൽ വെയ്ഗക്ക് പിഴച്ചില്ല.. പന്ത് വലയിലാക്കി. സ്കോർ 1-1 . മുഴുവന്‍ സമയത്തും സമനിലപ്പൂട്ട് പൊളിക്കാന്‍ കഴിയാതെ വന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
എക്സ്ട്രാ ടൈമിൽ ചെൽസിയെ പിടിച്ചുകെട്ടുന്നതില്‍ പാൽമിറാസിന് പിഴച്ചു. ബോക്സിൽ വെച്ച് ഹാൻഡ് ബോള്‍... എക്സ്ട്രാ ടൈം തീരാന്‍ അഞ്ച് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ ചെൽസിക്ക് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ഹാവേർട്‌സിന് അറിയാമായിരുന്നു ഈ കിക്കിന് ഒരുബ് ലോകപ്പിന്‍റെ വിലയാണുള്ളതെന്ന്. ഒരു പിഴവും വരുത്താതെ പന്ത് പാല്‍മിറാസിന്‍റെ വലയില്‍. ചെൽസിക്ക് ആദ്യ ക്ലബ് ലോകകപ്പ് കിരീടം.
Adjust Story Font
16