അയാളെ പിടിച്ചുകെട്ടാൻ ആരുമില്ല! പി.എസ്.ജി കുപ്പായത്തിൽ വമ്പൻ റെക്കോർഡിട്ട് എംബാപ്പെ
മാഴ്‌സെയ്‌ക്കെതിരെ നേടിയ ഇരട്ടഗോളിലൂടെയാണ് 24കാരന്റെ അപൂർവനേട്ടം
പാരിസ്: പി.എസ്.ജിക്കായി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് സൂപ്പർ താരം കിലിയൻ എംബാപ്പെ. നീലക്കുപ്പായത്തിൽ 200 ഗോൾ എന്ന റെക്കോർഡാണ് താരം സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. മുൻ സഹതാരവും യുറുഗ്വായ് സ്‌ട്രൈക്കറുമായ എഡിൻസൻ കവാനിക്കൊപ്പം ഏറ്റവും വലിയ ഗോൾവേട്ടക്കാരനുമായി എംബാപ്പെ.
മാഴ്‌സെയ്‌ക്കെതിരെ നേടിയ ഇരട്ടഗോളിലൂടെയാണ് 24കാരന്റെ അപൂർവനേട്ടം. ലയണൽ മെസിയുടെ അസിസ്റ്റിൽനിന്നാണ് രണ്ടു ഗോളും പിറന്നത്. 25-ാം മിനിറ്റിലായിരുന്നു എംബാപ്പെ മത്സരത്തിലെ ആദ്യ ഗോൾ കുറിച്ചത്. 29-ാം മിനിറ്റിൽ എംബാപ്പെ നൽകിയ പാസിൽനിന്ന് മെസി ക്ലബ് കരിയറിലെ 700-ാം ഗോളും സ്വന്തമാക്കി. 55-ാം മിനിറ്റിൽ വീണ്ടും മെസിയുടെ അസിസ്റ്റിൽ എംബാപ്പെ മാഴ്സെയുടെ വല കുലുക്കി.
2018ൽ മൊണാക്കോയിൽനിന്ന് പി.എസ്.ജിയിലെത്തിയ താരം 250 മത്സരങ്ങളിൽനിന്നാണ് ടീമിനായി 200 ഗോൾനേട്ടം കൈവരിച്ചത്. ഇത്തവണ ഫ്രഞ്ച് ലീഗിലെ ഗോൾവേട്ടക്കാരിലും മുന്നിൽ എംബാപ്പെ തന്നെയാണ്. 29 മത്സരങ്ങളിൽനിന്ന് 17 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. മെസിക്ക് ഇത്തവണ 12 ഗോളാണ് നേടാനായത്.
മെസ്സി-എംബാപ്പെ കൂട്ടുകെട്ടിൽ പിറന്ന ഗോളുകളുടെ ബലത്തിൽ ചിരവൈരികളായ മാഴ്സെയെ 3-0നാണ് പി.എസ്.ജി തകർത്തത്. ജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 60 പോയിന്റുമായി പി.എസ്.ജി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 52 പോയിന്റുമായി മാഴ്സെ രണ്ടാം സ്ഥാനത്ത് തുടരുന്നു. 50 പോയിന്റുമായി മൊണാക്കോ ആണ് മൂന്നാമതുള്ളത്.
Summary: Kylian Mbappe reached 200 goals for PSG to become the club's joint all-time top scorer with Edinson Cavani, as the French superstar netted twice in PSG's 3-0 win over Ligue 1 title rivals Marseille
Adjust Story Font
16