ചാർജായി എംബാപ്പെ; കുതിച്ചുപാഞ്ഞ് റയൽ മാഡ്രിഡ്

മാഡ്രിഡ്: ലാലിഗയിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന്റെ കുതിപ്പ് തുടരുന്നു. വല്ലഡോലിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച റയൽ 21 മത്സരങ്ങളിൽ 49 പോയന്റുമായി ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. വിയ്യാറയലുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞ അത്‍ലറ്റിക്കോ മാഡ്രിഡ് 45 പോയന്റുമായി രണ്ടാംസ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സലോണ 39 പോയന്റുമായി മൂന്നാമതാണ്.
സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഹാട്രിക്കിലാണ് റയലിന്റെ വിജയം.30, 57 മിനുറ്റുകളിൽ ഗോൾവല ചലിപ്പിച്ച എംബാപ്പെ ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനൽറ്റിയിലൂടെ ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു. റയലിനായി അവസാനം കളിച്ച അഞ്ചുമത്സരങ്ങളിൽ നിന്നുമുള്ള എംബാപ്പെയുടെ എട്ടാം ഗോളാണിത്. തുടക്കത്തിലെ മോശം ഫോമിന് പഴികേട്ടിരുന്ന എംബാപ്പെ ഗോളടിച്ചുതുടങ്ങിയത് റയലിന് ഇരട്ടി വീര്യം പകരുന്നു.
വില്ലാറയലുമായുള്ള മത്സരത്തിൽ 1-1ന് അത്‍ലറ്റിക്കോ സമനിലയിൽ കുടുങ്ങുകയായിരുന്നു. 29ാം മിനുറ്റിൽ മൊറേനോയുടെ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ വില്ലാറയലിന് 58ാം മിനുറ്റിൽ സാമുവൽ ലിനോയിലൂടെ അത്‍ലറ്റിക്കോ മറുപടി നൽകി. വിജയത്തിനായി ആഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ അത്‍ലറ്റിക്കോക്കായില്ല.
Adjust Story Font
16