വണ്ടർഫുൾ വണ്ടർകിഡ്; റയലിനായി ഗോൾനേടി റെക്കോർഡ് നേട്ടത്തിൽ എൻഡ്രിക്
ഫ്രഞ്ച് താരം റാഫേൽ വരാനെയുടെ റെക്കോർഡാണ് എൻഡ്രിക് മറികടന്നത്.
മാഡ്രിഡ്: റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഗോൾനേടി റെക്കോർഡ് തിളക്കത്തിൽ ബ്രസീലിയൻ ഫോർവേഡ് എൻഡ്രിക്. സ്പാനിഷ് ലാലീഗയിൽ റയലിനായി ഗോൾനേടുന്ന പ്രായംകുറഞ്ഞ വിദേശതാരമായിരിക്കുകയാണ് 18 കാരൻ. മത്സരത്തിൽ സീസണിലെ ആദ്യ ജയവും മാഡ്രിഡ് സ്വന്തമാക്കി. വല്ലാഡോളിഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയം. എൻഡ്രികിനെ കൂടാതെ ഫെഡറിക്കോ വാൽവെർദെയും ബ്രാഹിം ഡയസും ഗോൾനേടി.
👏⚽✨ ¡@Endrick, gol histórico en su debut oficial con el @RealMadrid!#RealFootball | #RealMadridRealValladolid
— Real Madrid C.F. (@realmadrid) August 25, 2024
റയലിന് വേണ്ടി അരങ്ങേറ്റ ഗോൾ നേടുമ്പോൾ ബ്രസീൽ കൗമാര താരത്തിന് 18 വയസും 35 ദിവസവുമായിരുന്നു പ്രായം. ഫ്രഞ്ച് താരം റാഫേൽ വരാനെയുടെ റെക്കോർഡാണ് എൻഡ്രിക് മറികടന്നത്. 2011ൽ ലാ ലീഗയിൽ ഗോൾ നേടുമ്പോൾ വരാനെയ്ക്ക് 18 വയസും 125 ദിവസവുമായിരുന്നു പ്രായം.
പകരക്കാരനായി ഇറങ്ങിയാണ് എൻഡ്രിക് മത്സരത്തിൽ റയലിന്റെ മൂന്നാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലായിരുന്നു ലക്ഷ്യംകണ്ടത്. ബ്രാഹിം ഡയസ് നൽകിയ പാസുമായി എതിർ പ്രതിരോധത്തെ വെട്ടിച്ച് ബോക്‌സിലേക്ക് കയറിയ ബ്രസീലിയൻ അത്യുഗ്രൻ ഷോട്ടിലൂടെ വലകുലുക്കി.
Adjust Story Font
16