ലമീൻ യമാലിന് നേരെ വംശീയ അധിക്ഷേപം; മാപ്പ് പറഞ്ഞ് റയൽ, അന്വേഷണം പ്രഖ്യാപിച്ചു
വംശീയതക്കെതിരെ റയൽ പോരാട്ടം നടത്തുന്നതിനിടെയാണ് സ്വന്തം തട്ടകത്തിൽ മോശം അനുഭവമുണ്ടായത്.
മാഡ്രിഡ്: സാന്റിയാഗോ ബെർണാബ്യൂവിൽ ഇന്നലെ നടന്ന റയൽമാഡ്രിഡ്-ബാഴ്‌സലോണ മത്സരത്തിനിടെ വംശീയാധിക്ഷേപം. ബാഴ്‌സ സൂപ്പർതാരം ലമീൻ യമാലാണ് ആരാധകരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. 77ാം മിനിറ്റിൽ നേടിയ ഗോൾ ആഘോഷിക്കുന്നതിനിടെയാണ് ആരാധകർ താരത്തെ അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെയാണ് റയൽമാഡ്രിഡ് അധികൃതർ ഇടപെട്ടത്.
''കായിക രംഗത്തെ വംശീയ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ക്ലബാണ് റയൽമാഡ്രിഡ്. അക്രമം, വംശീയത, മതിവിധ്വേഷം തുടങ്ങിയ ഏതുവിധത്തിലുള്ള പെരുമാറ്റവും അപലപനീയമാണ്. സ്റ്റേഡിയത്തിലെ ഏതാനുംപേരിൽ നിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നു''-ക്ലബ് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
Comunicado Oficial.#RealMadrid
— Real Madrid C.F. (@realmadrid) October 27, 2024
ഇത്തരത്തിൽ നിന്ദ്യമായി പെരുമാറിയവർക്കെതിരെ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ക്ലബ് വ്യക്തമാക്കി. ലാലീഗയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വിനീഷ്യസ് ജൂനിയറിനെതിരെ അത്‌ലറ്റികോ മാഡ്രിഡ് കാണികളിൽ നിന്ന് നിരന്തരം വംശീയ അധിക്ഷേപമുയർന്നപ്പോൾ ശക്തമായ രീതിയിൽ റയൽ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാച്ചിനിടെ റയൽ ഗോൾകീപ്പർ തിബോ കുർട്വോയിക്ക് നേരെ കുപ്പിയേറുമുണ്ടായിരുന്നു. ഇതിനിടെ ബെർണാബ്യൂവിൽ സ്വന്തം കാണികൾ മോശമായി പെരുമാറിയത് ക്ലബിന് വലിയ തിരിച്ചടിയായി. ഇന്നലെ നടന്ന എൽക്ലാസികോ ആവേശത്തിൽ എതിരില്ലാത്ത നാല് ഗോളിന് റയലിനെ ബാഴ്‌സലോണ തോൽപിച്ചിരുന്നു
Adjust Story Font
16