കുർട്ടിസ് ജോൻസിന്‍റെ ഇരട്ട പ്രഹരം; ലെസ്റ്ററിനെ മൂന്നിൽ മുക്കി ലിവർപൂർ
സീസണിലെ 22-ാം തോൽവിയാണ് ലെസ്റ്ററിനിത്. ഇതിനുമുൻപ് 1994-95ലെ അരങ്ങേറ്റ സീസണിലാണ് ഇതിലും നാണംകെട്ട പ്രകടനം ടീമിന്റെ പേരിലുള്ളത്
ലണ്ടൻ: സീസണിൽ ലെസ്റ്റർസിറ്റിയുടെ ദയനീയ പ്രകടനം തുടരുന്നു. കുർട്ടിസ് ജോൻസിന്റെ ഇരട്ടഗോളിന് ലിവർപൂൾ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിക്കളഞ്ഞു. ട്രെന്റ് അലെക്‌സാണ്ടർ ആർണോൾഡ് മൂന്നാംഗോളും അടിച്ച് വിജയം ആധികാരികമാക്കി. ഹോംഗ്രൗണ്ടായ കിങ് പവർ സ്റ്റേഡിയത്തിലാണ് നടന്ന മത്സരത്തിലാണ് ലെസ്റ്റർ നാണക്കേട് ഏറ്റുവാങ്ങിയത്.
ആദ്യ പകുതിയിലാണ് ജോൻസിന്റെ രണ്ടു ഗോളും പിറന്നത്. അതും നാല് മിനിറ്റിനകം. 33-ാം മിനിറ്റിലാണ് ആദ്യ ഗോളുമായി ലിവർപൂൾ ലീഡെടുത്തത്. മുഹമ്മദ് സലാഹിന്റെ ക്രോസ്ബാക്ക് ക്ലോസ്‌റേഞ്ചിൽനിന്ന് സമർത്ഥമായി വലയിലാക്കുകയായിരുന്നു ജോൻസ്. ലെസ്റ്ററിന് ഒന്ന് ആശ്വസിക്കാൻ പോലും സമയം നൽകാതെ മൂന്ന് മിനിറ്റിനകം രണ്ടാമത്തെ ഗോളും വന്നു. വീണ്ടും സലാഹിന്റെ അസിസ്റ്റ് ബോക്‌സിന് തൊട്ടടുത്തുനിന്ന് കിടിലൻ നീക്കത്തിലൂടെ ജോൻസ് വീണ്ടും ലെസ്റ്റർവലയിലൂടെ തുളച്ചുകയറ്റി. ലിവർപൂൾ-2, ലെസ്റ്റർ-0.
ആദ്യ പകുതിയിലെ ഇരട്ടഗോൾ പ്രഹരത്തിനുശേഷം ലെസ്റ്ററിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഒരു അവസരത്തിലും സന്ദർശകർ അവസരം നൽകിയില്ല. ഒടുവിൽ ലെസ്റ്റർ ഫൗളിൽനിന്ന് വീണുകിട്ടിയ അവസരം കൂടി മുതലെടുത്ത് ലിവർപൂൾ ലീഡുയർത്തി. 71-ാം മിനിറ്റിൽ സലാഹ് തട്ടിക്കൊടുത്ത ഫ്രീകിക്ക് ഗോൾ കിടിലൻ ഷൂട്ടിലൂടെ ആർണോൾഡ് ലെസ്റ്റർ വലയിലേക്ക് തുളച്ചുകയറ്റി. ലെസ്റ്റർ ദുരന്തം പൂർണം.
സീസണിലെ 22-ാം തോൽവിയാണിത്. ഒരൊറ്റ തവണയാണ് ഇതിനുമുൻപ് ഇത്രയും തോൽവികൾ ഒരു സീസണിൽ ക്ലബ് ഏറ്റുവാങ്ങുന്നത്. അരങ്ങേറ്റ സീസണായ 1994-95ലായിരുന്നു അത്. അന്ന് 25 മത്സരങ്ങളിലാണ് ലെസ്റ്റർ തോൽവി ഏറ്റുവാങ്ങിയത്. പ്രീമിയർ ലീഗിൽ അവസാന നാല് മത്സരവും വിജയിച്ചാണ് ലിവർപൂൾ കുതിപ്പ് തുടരുന്നത്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. ഇന്നത്തെ ജയത്തോടെ 65 പോയിന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡിനു തൊട്ടുപിന്നിലെത്തി. ലെസ്റ്റർ 30 പോയിന്റുമായി 19-ാം സ്ഥാനത്താണ്. 24 പോയിന്റുള്ള സതാംപ്റ്റൺ മാത്രമാണ് പിന്നിലുള്ളത്.
Summary: Curtis Jones scored twice as in-form Liverpool thrashed hapless Leicester with 0-3 in Premier League match
Adjust Story Font
16