പരിക്കു ഭേദമായി; എടികെയ്‌ക്കെതിരെ ലസ്‌കോവിച്ച് ഇറങ്ങുമെന്ന സൂചന നൽകി കോച്ച്
'ലൂനയുടെ അഭാവം ഫുട്ബോളില്‍ സംഭവിക്കുന്നതാണ്'
കൊൽക്കത്ത: ഐഎസ്എല്ലില്‍ എടികെ മോഹൻ ബഗാനെതിരെയുള്ള അടുത്ത മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിൽ പ്രതിരോധ താരം മാർകോ ലസ്‌കോവിച്ച് ഉണ്ടാകുമെന്ന സൂചന നൽകി കോച്ച് ഇവാൻ വുകുമനോവിച്ച്. ലെസ്‌കോവിച്ച് ടീമിനൊപ്പമുണ്ടെന്നും സസ്പൻഷനിലല്ലാത്ത എല്ലാ കളിക്കാരും മത്സരത്തിനായി ലഭ്യമാണെന്നും വാർത്താ സമ്മേളത്തിൽ വുകുമനോവിച്ച് പറഞ്ഞു.
ലൂനയുടെ അഭാവത്തെ കുറിച്ചും കോച്ച് സംസാരിച്ചു. മഞ്ഞക്കാർഡുകൾ മൂലം കളിക്കാരെ ലഭ്യമാകാത്ത സ്ഥിതി കളിയിൽ ഉള്ളതാണ്. കഴിഞ്ഞ സീസണിൽ രണ്ടോ മൂന്നോ കളിയിൽ ലൂണ ഉണ്ടായിരുന്നില്ല. അത് സംഭവിക്കും. ഇത് ഫുട്‌ബോളാണ്. അവസാന ആറിലേക്ക് യോഗ്യത നേടിയത് കാര്യമാക്കുന്നില്ല. രണ്ടു കളികൾ കൂടി ബാക്കിയുണ്ട്. കരുത്തരായി നിൽക്കണം. കൂടുതൽ പോയിന്റു നേടി മൂന്നാം സ്ഥാനമാണ് ലക്ഷ്യം. നാളെ നല്ല ഫുട്‌ബോൾ കളിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ എഫ്.സി ഗോവ ചെന്നൈയിൻ എഫ്‌സിയോട് തോറ്റതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് പ്രവേശനം സാധ്യമായത്. രണ്ടു മത്സരം ബാക്കി നിൽക്കെയാണ് ടീം പ്ലേ ഓഫ് ഉറപ്പിച്ചത്. 18 മത്സരങ്ങളിൽനിന്ന് 10 വിജയത്തോടെ 31 പോയിന്റാണ് ടീമിനുള്ളത്. 19 കളിയിൽനിന്ന് 31 പോയിന്റ് നേടിയ ബംഗളൂരു എഫ്‌സിയും പ്ലേ ഓഫിലെത്തി. മുംബൈ, ഹൈദരാബാദ് ടീമുകൾ നേരത്തെ സെമി ഫൈനൽ ഉറപ്പാക്കിയിരുന്നു.
കൊൽക്കത്തയിലാണ് എടികെയ്‌ക്കെതിരെയുള്ള മത്സരം. വിജയത്തോടെ പോയിന്റ് പട്ടികയിൽ നാലാമതെത്താനാകും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. ലീഗിലെ മൂന്നും നാലും സ്ഥാനക്കാർക്ക് സ്വന്തം മൈതാനത്ത് പ്ലേ ഓഫ് കളിക്കാം. ഈ സീസണിൽ കൊച്ചിയിൽ കളിച്ച ഒമ്പതിൽ ഏഴു മത്സരവും ജയിക്കാൻ ബ്ലാസ്റ്റേഴ്‌സിനായിട്ടുണ്ട്. രണ്ടു മത്സരങ്ങളിൽനിന്ന് നാലു പോയിന്റ് നേടിയാൽ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലിലെത്തും.
Adjust Story Font
16