Quantcast

എൽജിബിടിക്യൂ+ അനുകൂല ജാക്കറ്റ് ധരിക്കാതെ മാഞ്ചസ്റ്റർ യുനൈറ്റഡ് ; പ്രീമിയർ ലീഗിൽ ‘മഴവിൽ’ വിവാദം

MediaOne Logo

Sports Desk

  • Published:

    7 Dec 2024 12:34 PM GMT

എൽജിബിടിക്യൂ+  അനുകൂല ജാക്കറ്റ് ധരിക്കാതെ മാഞ്ചസ്റ്റർ യുനൈറ്റഡ് ; പ്രീമിയർ ലീഗിൽ ‘മഴവിൽ’ വിവാദം
X

ലണ്ടൻ: ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന എൽജിബിടിക്യൂ+ ​രാഷ്ട്രീയം ലോകമെമ്പാടും വലിയ ചർച്ചയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ ലോകത്ത് നടക്കുന്നുണ്ട്. പോയ ഏതാനും വർഷങ്ങളായി കായിക രംഗത്തും എൽജിബിടിക്യൂ+ അനുകൂല ക്യാമ്പയിനുകളും ഐക്യദാർഢ്യങ്ങളും സജീവമായി നടക്കുന്നുണ്ട്. പോയ ഖത്തർ ലോകകപ്പിൽ എൽജിബിടിക്യൂ+ ആശയ പ്രചാരണം അനുവദിക്കുന്നില്ലെന്ന് കാണിച്ച് വിവിധ രാജ്യങ്ങൾ പ്രതിഷേധിച്ചിരുന്നു.

ഈ രാഷ്ട്രീയവും വിവാദങ്ങളും ഇംഗ്ലീഷ് പ്രീമിയർ ലീഗിനെയും പിടിച്ചുകുലുക്കുന്നു എന്നാണ് പോയ ദിവസങ്ങളിലെ വാർത്തകൾ പറയുന്നത്. എൽജിബിടിക്യൂ+ രാഷ്ട്രീയം ആഘോഷ പൂർവ്വം കൊണ്ടാടുന്നതിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻപന്തിയിലുണ്ട്. പ്രത്യേക ദിനാചരണങ്ങളും വാരാഘോഷങ്ങളുമെല്ലാം പ്രീമിയർ ലീഗ് സംഘടിപ്പിച്ചുവരുന്നു. ക്യാമ്പയിൻ സമയങ്ങളിൽ പ്രീമിയർ ലീഗ് ടീം പ്രൊഫൈലുകളും ജഴ്സികളും ഗ്യാലറികളുമെല്ലാം എൽജിബിടിക്യൂ+ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മഴവിൽ നിറങ്ങളണറിയാറുണ്ട്.

എന്നാൽ ഈ വിഷയത്തിൽ ഇക്കുറി പ്രകടമായിത്തന്നെ എതിർപ്പുകളും ഉയരുന്നുണ്ട്. ​എൽജിബിടിക്യൂ+ അനുകൂല ജാക്കറ്റുകളും മഴവിൽ ബൂട്ട് ലേയ്സും ധരിക്കാതെ മാഞ്ചസ്റ്റർ യുനൈറ്റഡ് കളത്തിലിറങ്ങിയതാണ് പുതിയ വാർത്ത. ക്ലബിലെ മൊറോക്കൻ താരം നുസൈർ മസ്റാവി അടക്കമുള്ള താരങ്ങൾ ഇതിനോട് വിയോജിച്ചതിനാലാണ് ടീം തീരുമാനമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഈ തീരുമാനം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ എൽജിബിടിക്യൂ+ ആരാധകക്കൂട്ടായ്മായ ‘റെയിൻബോ ഡെവിൾസിനെ’ നിരാശരാക്കി.

എന്നാൽ ഈ വിഷയത്തിൽ യുനൈറ്റഡ് ഒറ്റക്കല്ല. ക്രിസ്റ്റൽ പാലസ് ക്യാപ്റ്റനും ഇംഗ്ലീഷ് താരവുമായ മാർക് ഗുവേഹി കൈയ്യിൽ മഴവിൽ ആംബാൻഡ് അണിഞ്ഞെങ്കിലും അതിന് മുകളിൽ ‘ഐ ലവ് ജീസസ്’ എന്നെഴുതിയാണ് പ്രതിഷേധം അറിയിച്ചത്. ഇതിനെത്തുടർന്ന് മതചിഹ്നം ഗ്രൗണ്ടിൽ കാണിച്ചെന്ന് ചൊല്ലി ഗുവേഹിക്കെതിരെ പ്രീമിയർ ലീഗ് അധികൃതർ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇപ്സിച്ച് ടൗൺ ക്യാപ്റ്റൻ സാം മോഴ്സിയാണ് ഇതിൽ വിയോജിച്ച മറ്റൊരു ക്യാപ്റ്റൻ. ഈജിപ്തിൽ ജനിച്ച സാം മോഴ്സി തന്റെ മതപരമായ വിശ്വാസങ്ങളാൽ മഴവിൽ ആംബാൻഡ് ധരിക്കാതിരുന്നത്.എന്തായാലും വ്യത്യസ്ത മതവിഭാഗങ്ങളും വ്യത്യസ്ത രാജ്യക്കാരും കളിക്കുന്ന പ്രീമിയർ ലീഗിനെ എൽജിബിടിക്യൂ+ വിവാദങ്ങൾ ചൂടുപിടിപ്പിക്കുമെന്നുറപ്പ്.

TAGS :

Next Story